കൊളവള്ളി,കൃഗന്നൂര്‍ പാടങ്ങളില്‍ കാട്ടാനശല്യം രൂക്ഷം
പുല്‍പ്പള്ളി: കര്‍ണാടക വനത്തില്‍ നിന്ന് കബനി പുഴ കടന്നെത്തുന്ന കാട്ടാനകള്‍ കൊളവള്ളി, കൃഗന്നുര്‍ പാടങ്ങളില്‍ വിളവെടുപ്പിന് പാകമായി നില്‍ക്കുന്ന നെല്‍പാടങ്ങള്‍ ചവിട്ടിമെതിക്കുന്നു.
നാഗര്‍ഹോള, ബന്ദിപ്പൂര്‍ വനമേഖലകളില്‍ നിന്നും സന്ധ്യ മയങ്ങുന്നതോടെ കൂട്ടമായെത്തുന്ന ആനകളാണ് നെല്ലുകള്‍ ചവിട്ടി നശിപ്പിക്കുന്നത്. പ്രളയക്കെടുതിയെ അതിജീവിച്ച് രണ്ടാമതും കൃഷിയിറക്കിയ കര്‍ഷകരാണ് ആനശല്യത്തെ തുടര്‍ന്ന് പൊറുതിമുട്ടുന്നത്. കബനി പുഴയോരത്ത് സ്ഥാപിച്ച വൈദ്യുതി ഫെന്‍സിങ് തകര്‍ന്നതാണ് ആനശല്യം രൂക്ഷമാകാന്‍ കാരണം.
രാത്രി പാടത്ത് കാവല്‍മാടങ്ങളില്‍ തീയിട്ടും പാട്ടകൊട്ടിയും ആനകളെ തുരത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കുഞ്ഞുങ്ങളടക്കം കൂട്ടമായെത്തുന്ന കാട്ടാനകള്‍ ആളുകള്‍ക്ക് നേരെ ചീറിയടുക്കുകയാണ്. ഒരാഴ്ചക്കകം കൊയ്ത് എടുക്കാന്‍ കഴിയുന്ന പാടങ്ങളില്‍ ആനയിറങ്ങി നെല്ലുകള്‍ നശിപ്പിച്ചതോടെ അയല്‍ക്കൂട്ടങ്ങളില്‍നിന്നും വായ്പയെടുത്ത് കൃഷി ചെയ്ത കര്‍ഷകരാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്.
കൊയ്ത് കഴിയുന്നതുവരെയെങ്കിലും ആനയെ തുരത്താന്‍ വനം വകുപ്പ് വാച്ചര്‍മാരെ നിയമിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. എന്നാല്‍ വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമില്ലെന്നാണ് കര്‍ഷകരുടെ പരാതി.
സുല്‍ത്താന്‍ ബത്തേരി: ഓടപ്പള്ളം കരിപ്പൂര്‍ ഭാഗങ്ങളില്‍ വന്യമ്യഗശല്യം രൂക്ഷം. വെള്ളിയാഴ്ച്ച പുലര്‍ച്ചെ നാലോടെ കരിപ്പൂര് വീട്ടില്‍ ബാബുവിന്റെ പാടത്ത് കാട്ടാനയിറങ്ങി കൊയ്യാറായ നെല്‍ക്യഷി നശിപ്പിച്ചു. ഒരു എക്കറോളം സ്ഥലത്ത് വിളഞ്ഞ് പാകമായ നെല്‍ക്യഷിയാണ് കാട്ടാന ചവിട്ടി നശിപ്പിച്ചത്.
ഫെന്‍സിങും ട്രഞ്ചും തകര്‍ത്താണ് കാട്ടാനയിറങ്ങിയതെന്നാണ് കര്‍ഷകര്‍ പറയുന്നത്. വനം വകുപ്പ് സ്ഥാപിച്ച സോളാര്‍ ഫെന്‍സിങ്, കര്‍ഷകര്‍ സ്ഥാപിക്കുന്ന ഫെന്‍സിങ്, ട്രഞ്ച് എന്നിവ മറികടന്നാണ് ആനയടക്കമുള്ള വന്യമൃഗങ്ങള്‍ കൃഷിസ്ഥലങ്ങളിലേക്ക് എത്തുന്നത്. കൃഷിസ്ഥങ്ങളില്‍ എത്തുന്ന കാട്ടാനകള്‍ പടക്കംപൊട്ടിച്ചാലും ശബ്ദമുണ്ടാക്കിയാലും കാട്ടിലേക്ക് കയറിപോവാതെ കൃഷിയിടങ്ങളില്‍ തന്നെ നില്‍ക്കും. പ്രദേശത്തെ വാഴക്കുടി രഞ്ജുവിന്റെയും നെല്‍ക്യഷിയിലും കാട്ടാനയിറങ്ങി നശിപ്പിച്ചു. വന്യമ്യഗശല്യം രൂക്ഷമായ ഈ പ്രദേശത്ത് ക്യഷിയിറക്കനാവാതെ ബുദ്ധിമുട്ടുകയാണ് കര്‍ഷകര്‍. വിവരമറിഞ്ഞ് വനപാലകരെത്തി തകര്‍ന്ന ഫെന്‍സിങും ട്രഞ്ചും അറ്റകുറ്റപണികള്‍ ചെയ്ത് നവീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."