കതിരൂര്‍ മനോജ് വധം: മുഖ്യ സാക്ഷിയുടെ സുരക്ഷയ്ക്ക് കരിമ്പൂച്ചകള്‍
തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസിലെ മുഖ്യ സാക്ഷിയായ ആര്‍.എസ്.എസ് നേതാവിന് സുരക്ഷയൊരുക്കാന്‍ കരിമ്പൂച്ചകളെത്തുന്നു. കേരളത്തിലെ ക്രമസമാധാന നില വഷളായതിന്റെ പശ്ചാത്തലത്തിലും സി.പി.എം വധ ഭീഷണി നിലനില്‍ക്കുന്നതിനാലുമാണ് ആര്‍.എസ്.എസ് നേതാവിന് സുരക്ഷ നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്.
ആര്‍.എസ്.എസ് വിഭാഗ് കാര്യവാഹക് വി.ശശിധരനാണ് സുരക്ഷ നല്‍കാന്‍ തീരുമാനിച്ചത്. അര്‍ധസൈനിക വിഭാഗത്തിന്റെ പ്രത്യേക സുരക്ഷയാണ് ശശിധരന് നല്‍കുക. ഇതുമായി ബന്ധപ്പെട്ട് അര്‍ധസൈനിക ഉദ്യോഗസ്ഥര്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദിനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി.
ശശിധരന്റെ കതിരൂര്‍ ഡയമണ്ട് മുക്കിലെ വീട്ട് പരിസരത്ത് സൈനിക ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നില്ല. അടുത്ത ദിവസം തന്നെ നാലംഗ പ്രത്യേക കമാന്റോകള്‍ ജില്ലയിലെത്തും. ആര്‍.എസ്.എസ് നേതാവായിരുന്ന കതിരൂര്‍ മനോജ് വധക്കേസിലെ മുഖ്യ സാക്ഷിയാണ് വി.ശശിധരന്‍. കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട് ഉള്‍പ്പെടുന്ന സംഘത്തിന്റെ ജില്ലകളുടെ നേതാവായ ശശിധരന്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ സുരക്ഷയില്ലെന്ന പരാതിയുയര്‍ന്നിരുന്നു.
അടുത്തിടെ ശശിധരനെ വധിക്കാന്‍ ആറംഗ സംഘം അദ്ദേഹത്തിന്റെ വീടിന് സമീപം എത്തിയത് വിവാദമായിരുന്നു. പിണറായി മേഖലയിലെ സി.പി.എം പ്രവര്‍ത്തകരായിരുന്നു ശശിധരന്റെ കാറിന് പിറകെ എത്തിയിരുന്നത്.
തുടര്‍ന്ന് നാട്ടിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പ്രതികളെ പിടികൂടി പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ശശിധരന്റെ ഇടപെടല്‍ മൂലമാണ് കതിരൂര്‍ മനോജ് വധക്കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തതും കേസ് നടപടികള്‍ സി.ബി.ഐ കോടതിയിലേക്ക് മാറ്റുകയും ചെയ്തത്. തുടര്‍ന്ന് ഇദ്ദേഹത്തിന് സി.പി.എം നേതൃത്വത്തില്‍ നിന്ന് നിരന്തരം ഭീഷണി ഉയര്‍ന്നിരുന്നു.
തലശ്ശേരിയിലെ ഫസല്‍ വധക്കേസിലും ശശിധരന്‍ സി.ബി.ഐക്ക് നിര്‍ണായക വിവരങ്ങള്‍ നല്‍കിയിരുന്നു. ശശിധരന് സി.പി.എമ്മില്‍ നിന്ന് ഭീഷണി ഉയര്‍ന്നിരുന്നുവെന്ന് സംസ്ഥാന പൊലിസിന്റെ രഹസ്യാന്വേഷണ വിഭാഗം നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സുരക്ഷ ഒരുക്കാന്‍ കേരള പൊലിസ് തയാറായെങ്കിലും അദ്ദേഹം അത് നിരസിച്ചു.
തുടര്‍ന്ന് ഇന്റലിജന്‍സ് ബ്യൂറോയുടെ പ്രത്യേക റിപ്പോര്‍ട്ട് പരിഗണിച്ച് ആര്‍.എസ്.എസ് നേതാവിന് സി.ആര്‍.പി.എഫിന്റെ രക്ഷാ കവചം ഒരുക്കാന്‍ തയാറാവുകയായിരുന്നു. ഐ.ബി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ വിവിധ മേഖലകളില്‍ കേന്ദ്ര സേനയുടെ വിഭാഗങ്ങള്‍ അടുത്തിടെ സന്ദര്‍ശനം നടത്തിയിരുന്നു. സംഘര്‍ഷ മേഖലകളുടെ സ്‌കെച്ചും എത്തിപ്പെടാനുള്ള റൂട്ട് മാപ്പുള്‍പ്പെടെ സംഘം തയാറാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."