വിന്‍സെന്റിന്റെ ജാമ്യാപേക്ഷ ഏഴിന് വിധിപറയാന്‍ മാറ്റി
തിരുവനന്തപുരം: സ്ത്രീപീഡന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എം. വിന്‍സെന്റ് എം.എല്‍.എയുടെ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ വാദം പൂര്‍ത്തിയായി. വിധി പറയാനായി ഏഴിലേക്ക് മാറ്റി. കേസ് രാഷ്ട്രീയ നീക്കങ്ങളുടെയും ഗൂഢാലോചനയുടെയും ഭാഗമാണെന്ന് പ്രതിഭാഗം വാദിച്ചു.
സ്വാധീനമുള്ള പ്രതിയെ ജാമ്യത്തില്‍ വിടുന്നത് കേസ് നടപടി അവസാനിപ്പിക്കുന്നതിന് തുല്യമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഇരു ഭാഗത്തിന്റെയും വാദം കേട്ട കോടതി ഇരയെ ആക്രമിച്ചത് ന്യായീകരിക്കാന്‍ കഴിയുമോ എന്ന് ചോദിച്ചു. അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ചു എന്നതാണ് പൊലിസ് കേസ്.
അതിനിടെ, മദ്യശാലക്കെതിരേ സമരം ചെയ്ത കേസില്‍ വിന്‍സെന്റിനെ റിമാന്‍ഡ് ചെയ്തു. എം.എല്‍.എയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പതിനാല് ദിവസത്തേക്കു കൂടി നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. തിരുവനന്തപുരം ബാലരാമപുരത്തെ മദ്യശാല പനയത്തേരിയിലേക്ക് മാറ്റുന്നതിനെതിരേ നടന്ന ജനകീയ സമരം സംഘര്‍ഷത്തില്‍ കലാശിച്ചതിനാണ് കേസ്. മൂന്നുമാസം മുന്‍പായിരുന്നു സംഭവം. പീഡന കേസില്‍ വിന്‍സെന്റ് റിമാന്‍ഡിലായതോടെ മദ്യശാല കേസിലും അദ്ദേഹത്തെ പ്രതിചേര്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പൊലിസ് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."