വായനശാല ഉദ്ഘാടന ചടങ്ങില്‍ ആക്രമണം: ആദിവാസികളടക്കം 14 പേര്‍ക്ക് പരുക്ക്
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ വെണ്ടേക്കംപൊയിലില്‍ ആദിവാസികള്‍ക്കുവേണ്ടി തുടങ്ങിയ ഗദ്ദിക വായനശാലയുടെ ഉദ്ഘാടനത്തിനിടെ സിപിഎം ഗുണ്ടകളെന്ന് സ്വയം വിശേഷിപ്പിച്ചെത്തിയ അക്രമിസംഘം അഴിഞ്ഞാടി. ആക്രമണത്തില്‍ ആദിവാസി മൂപ്പനടക്കം 14 പേര്‍ക്ക് പരുക്ക്. ഗുരുതരമായി പരുക്കേറ്റ മൂന്ന് പേരെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്നലെ വൈകീട്ട് അഞ്ചിനാണ് സംഭവം.
വായനശാല വാര്‍ഡ് മെമ്പറും പാലക്കയം ആദിവാസി കോളനി മൂപ്പനുമായ കൃഷ്ണന്‍കുട്ടി പാലക്കയം ഉദ്ഘാടനം ചെയ്തു സംസാരിക്കവേ 50 ഓളം വരുന്ന സിപിഎം പ്രവര്‍ത്തകര്‍ വേദിയിലേക്ക് ഇരച്ചുകയറുകയും തങ്ങള്‍ സിപിഎം ഗുണ്ടകളാണെന്ന് പറഞ്ഞ് ആക്രമണം നടത്തുകയുമായിരുന്നുവെന്ന് അക്രമണത്തിന് ഇരയായവര്‍ പറഞ്ഞു.
വേദിയില്‍ ഒരു നടിയും, വനം ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. അക്രമണത്തെ തുടര്‍ന്ന് ഇവരെ വേദിയില്‍ നിന്നും മാറ്റി. കസേരക്കും സ്റ്റൂളിനും പുറമേ പിച്ചാത്തിയും ഉപയോഗിച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ സാമൂഹ്യപ്രവര്‍ത്തകന്‍ അജ്മല്‍ കോലോത്ത്(29), മിഥുന്‍ ബാബു(20), ഷിനോജ് ജോസഫ്(40) എന്നിവരെയാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തത്.
കണ്ണിനും തലക്കും നെഞ്ചിനുമാണ് ഇവര്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. ബാക്കി 11 പേര്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. പാലക്കയം കോളനി മൂപ്പന്‍ കൃഷ്ണന്‍കുട്ടി(60), മേരി ജോസഫ്(70), കോര്‍മന്‍ വെണ്ടേക്കുംപൊയില്‍(65), ആദിവാസികളായ അനീഷ്(18), ശാരദ(45), രാഹുല്‍(20), മണിക്കുട്ടി പലകത്തോട്(46), കൂടാതെ വടക്കേമുറിയില്‍ ലില്ലിക്കുട്ടി(57), വടക്കേമുറിയില്‍ ഷിജി ജോസഫ്(43), ഷിനോജ് ജോര്‍ജ്(47), സോണിയ ഷിനോജ്(43) എന്നിവരാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഷിനോജിന് ഇടത് കണ്ണിനും, അജ്മലിന് തലക്കും സാരമായി പരുക്കേറ്റു.
അജ്മല്‍ എന്ന അജു കോലോത്തിന്റെ നേതൃത്വത്തില്‍ കോളനികളില്‍ സാമൂഹ്യമാറ്റത്തിന് ശ്രമിക്കുന്നതിലുള്ള വിദ്വേഷമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. വെണ്ടേക്കുംപൊയിലിലെ പന്നിഫാമിനെതിരെ ജനങ്ങളെ ഒരുമിപ്പിച്ചതിന് പ്രതികാരമാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് പരുക്കേറ്റവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."