കാഴ്ചമറച്ച് കരിപ്പൂര്‍ വിമാനത്താവള റോഡിലെ പരസ്യബോര്‍ഡുകള്‍
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള റോഡിലെ ഡിവൈഡറില്‍ പുതുതായി സ്ഥാപിക്കുന്ന പരസ്യബോര്‍ഡുകള്‍ക്കെതിരേ നാട്ടുകാരുടെ പ്രതിഷേധം. റോഡിന് ഇരുഭാഗത്തേക്കുമുള്ള കാഴ്ച മറക്കുന്ന രീതിയിലാണ് വ്യാപകമായി താഴ്ത്തിയ വലിയ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കൊളത്തൂര്‍ കവലമുതല്‍ വിമാനത്താവളം വരെയുള്ള റോഡിന്റെ മധ്യത്തില്‍ ബോര്‍ഡുകള്‍ നിറഞ്ഞതോടെ മറുഭാഗം കാണാത്ത രീതിയിലാണ്.
ഇത് ജങ്ഷനുകളില്‍ വാഹനങ്ങള്‍ യു ടേണ്‍ എടുക്കുന്നതിനും റോഡ് മുറിച്ച് കടക്കുന്ന കാല്‍നട യാത്രക്കാരനും ഏറെ പ്രയാസമുണ്ടാക്കുകയാണ്. പരസ്യ ബോര്‍ഡുകള്‍ ഉയര്‍ത്തി സ്ഥാപിച്ചാല്‍ കാഴ്ചകള്‍ മറക്കില്ലെന്ന് നാട്ടുകാര്‍ പറയുന്നു. നിലവില്‍ രണ്ട് കിലോമീറ്റര്‍ റോഡിന്റെ ഇരുഭാഗങ്ങളും പരസ്പരം കാണാത്ത വിധത്തില്‍ നിറഞ്ഞിരിക്കുകയാണ് പരസ്യബോര്‍ഡുകള്‍. ഇത് അപകടം വിളിച്ചുവരുത്തുകയാണ്.
വിമാനത്താവള റോഡില്‍ നിന്ന് സമീപ പ്രദേശങ്ങളായ നയാബസാര്‍ ജങ്ഷന്‍, തച്ചത്തുപ്പറമ്പ് റോഡ്, എം.എം.എല്‍.പി സ്‌കൂള്‍, കൊളത്തൂര്‍ റോഡ് തുടങ്ങിയ സ്ഥാലങ്ങളിലെല്ലാം നിലത്ത് സ്ഥാപിച്ച ബോര്‍ഡുകള്‍ അപകട ഭീഷണിയുയര്‍ത്തുന്നു. നാലുവരിപ്പാത റോഡിന്റെ മധ്യത്തില്‍ നേരത്തെ തെരുവുവിളക്കുകളും ഉയര്‍ത്തിവച്ച പര്യബോര്‍ഡുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ പരസ്യ ബോര്‍ഡുകള്‍ നിലത്തുനിന്ന് അധികം ഉയര്‍ത്താതെ കാഴ്ച മറക്കുന്ന വിധത്തില്‍ സ്ഥാപിച്ചത് അപകടത്തിന് കാരണമാകുമെന്ന് പൊതുപ്രവര്‍ത്തകന്‍ വെട്ടോടന്‍ അലി പറഞ്ഞു.ഇതിനെതിരെ പരിസരവാസികള്‍ ഒപ്പിട്ട നിവേദനം നഗരസഭക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്താവള റോഡരികിലെ അപകട കിണറുകള്‍ത്ത് പിറകെ മറ്റൊരു അപകടം കൂടിവിളിച്ചു വരുത്തകയാണ് റോഡിന്റെ മീഡിയനില്‍ സ്ഥിരമായി സ്ഥാപിക്കുന്ന പരസ്യബോര്‍ഡുകള്‍. വിമാനത്താവള റോഡിലെ വൈദ്യുതി നടത്തിപ്പ് കരാറേറ്റെടുത്തവരാണ് താഴ്ത്തിയ നിലയില്‍ ബോര്‍ഡുകള്‍ കൂട്ടത്തോടെ സ്ഥാപിച്ചിരിക്കുന്നത്. റോഡിലെ വൈദ്യുത വിളക്കുകള്‍ പലതും കണ്ണടച്ചതും രാത്രികാലത്ത് അപകടമുണ്ടാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."