യമനില്‍ അല്‍ഖാഇദ ചാവേറാക്രമണം; ആറു യു.എ.ഇ സൈനികര്‍ കൊല്ലപ്പെട്ടു
റിയാദ്: തെക്കന്‍ യമനില്‍ അല്‍ഖാഇദ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ ആറു യു.എ.ഇ സൈനികര്‍ കൊല്ലപ്പെട്ടു. യമനിലെ ശബ്വ പ്രവിശ്യയില്‍ അടുത്തിടെ നിര്‍മ്മിച്ച സൈനിക കേന്ദ്ര കവാടത്തിനരികിലാണ് സ്ഫോടനമുണ്ടായത്. വാഹനത്തില്‍ എത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ടു സൈനിക കവചിത വാഹനങ്ങള്‍ തകരുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
യു.എ.ഇ സൈന്യത്തിലെ എലൈറ്റ് യൂണിറ്റിലെ അംഗങ്ങളാണ് ആക്രമണത്തിനിരയായത്. ചില സൈനികരെ അല്‍ഖാഇദ ഭീകരര്‍ ബലം പ്രയോഗിച്ചു കൊണ്ട് പോയതായും റിപ്പോര്‍ട്ടുകളുണ്ട്. സഊദി അറേബ്യയുടെ നേതൃത്വത്തില്‍ വിമതര്‍ക്കെതിരായ സഖ്യ സേനയിലെ അംഗമാണ് യു.എ.ഇ.
പ്രദേശത്ത് അല്‍ഖാഇദ പ്രവര്‍ത്തനം ശക്തിപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഔദ്യോഗിക സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സഖ്യ സൈന്യം വിമത വിഭാഗമായ ഹൂതികളില്‍ നിന്നും യമന്‍ മോചിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ മൂന്നു വര്ഷമാകാനായിട്ടും എങ്ങുമെത്താതെ നില്‍ക്കുകയാണ്.
അതിനിടെ ഹൂതികളുടെ സമാധാന ചര്‍ച്ചകള്‍ പുനഃസ്ഥാപിക്കാനും വേദി നിര്‍ത്തല്‍ പ്രഖാപിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി യു എന്നിന്റെ യമന്‍ സമാധാന ദൂതന് വീണ്ടും ഒമാനിലെ മസ്ക്കറ്റില്‍ എത്തി. നേരത്തെ നിരവധി തവണ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നവെങ്കിലും എല്ലാം പൊളിയുകയും ഇരു വിഭാഗങ്ങള്‍ പരസ്പരം ആരോപണം ഉന്നയിക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."