എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരത്തിന്
ബോവിക്കാനം (കാസര്‍കോട്): എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് കാസര്‍കോട് ജില്ലയിലെ ദുരിതബാധിതര്‍ വീണ്ടും സമരത്തിനിറങ്ങുന്നു. ഇന്നു രാവിലെ 10ന് സാമൂഹിക പ്രവര്‍ത്തക ദയാഭായിയുടെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന 150ഓളം പേര്‍ നിയമസഭാ മാര്‍ച്ചും തുടര്‍ന്ന് സത്യഗ്രഹവും നടത്തും. 2017ല്‍ നടന്ന പ്രത്യേക മെഡിക്കല്‍ ക്യാംപില്‍ കണ്ടെത്തിയ അര്‍ഹരായ ദുരിതബാധിതരെ പട്ടികയില്‍ ഉള്‍പ്പെടുത്തി സൗജന്യ ചികിത്സയും മറ്റു സഹായങ്ങളും അനുവദിക്കുക, 2011ല്‍ കണ്ടെത്തിയ 1318 പേരില്‍ ഒഴിവാക്കിയ 610 പേര്‍ക്ക് സഹായങ്ങള്‍ നല്‍കുക, മുഴുവന്‍ ദുരിതബാധിതര്‍ക്കും അഞ്ചു ലക്ഷം രൂപയും ആജീവനാന്ത ചികിത്സയും നല്‍കണമെന്ന സുപ്രിംകോടതി വിധി നടപ്പാക്കുക, ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു നല്‍കിയ നിര്‍ദേശങ്ങള്‍ പൂര്‍ണമായി നടപ്പാക്കുക, ദുരിതബാധിതരുടെ കടങ്ങള്‍ മാനദണ്ഡം നോക്കാതെ എഴുതിത്തള്ളുക, ബഡ്‌സ് സ്‌കൂളുകള്‍ക്ക് ശാസ്ത്രീയമായ സംവിധാനം ഏര്‍പ്പെടുത്തുക, ദുരിതബാധിത കുടുംബത്തിലെ ഒരംഗത്തിന് വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ജോലി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
കൂടംകുളം സമരനായകന്‍ എസ്.പി ഉദയകുമാര്‍ സമരം ഉദ്ഘാടനം ചെയ്യും. 2017ല്‍ നടത്തിയ മെഡിക്കല്‍ ക്യാംപില്‍ ഉള്‍പ്പെട്ട ദുരിതബാധിതരുടെ പട്ടിക 1905ല്‍ നിന്ന് 287 ആയി വെട്ടിച്ചുരുക്കിയത് വലിയ നീതികേടായി സമരസമിതി ചൂണ്ടിക്കാട്ടുന്നു. മാറിവരുന്ന സര്‍ക്കാരുകളുടെ വിവിധ പ്രഖ്യാപനങ്ങള്‍ കടലാസില്‍ ഒതുങ്ങുമ്പോള്‍ ഹതഭാഗ്യരായ ആയിരങ്ങളാണ് അടിയന്തര ചികിത്സ പോലും ലഭിക്കാതെ വേദനസഹിച്ച് കഴിയുന്നത്.
ഇത് മുന്നാം തവണയാണ് നിയമസഭക്ക് മുന്നില്‍ സമരവുമായി ദുരിതബാധിതര്‍ എത്തുന്നത്. അവകാശ നിഷേധങ്ങള്‍ക്കെതിരേ ദുരിതബാധിതര്‍ ഇന്ന് സമരജ്വാല തീര്‍ക്കും. ഇന്നു നടത്തുന്ന സൂചനാ സമരത്തിനു ശേഷവും സര്‍ക്കാര്‍ നിഷേധാത്മകമായ നിലപാട് തുടരുകയാണെങ്കില്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ ഇരകളും കുടുംബാംഗങ്ങളും അടുത്ത മാസം 26 മുതല്‍ അനിശ്ചിതകാല പട്ടിണി സമരം ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."