'ഒരു സൈനികന് എന്തിന് ജനക്കൂട്ടത്തെ ഇളക്കിവിട്ടു?'
ന്യൂഡല്‍ഹി: ബുലന്ദ്ഷഹറില്‍ പശുവിന്റെ അവശിഷ്ടത്തിന്റെ പേരില്‍ ജനങ്ങളെ കലാപത്തിനു പ്രേരിപ്പിച്ചതിന് അറസ്റ്റിലായ സൈനികന് ജീത്തു ഫൗജി എന്ന ജിതേന്ദ്രമല്ലികാണെന്ന് ഉത്തര്‍പ്രദേശ് പൊലിസ്. ഇയാള്‍ ആള്‍ക്കൂട്ടത്തെ ഇളക്കിവിടുന്നതു വിഡിയോകളില്‍ വ്യക്തമായി കാണാമെന്ന് ഉത്തര്‍പ്രദേശ് എ.ഡി.ജി.പി (രഹസ്യാന്വേഷണ വിഭാഗം) അനന്ത്കുമാര്‍ പറഞ്ഞു.
കല്ലേറ് തുടങ്ങിവച്ചതില്‍ സൈനികനു പങ്കുണ്ടെന്നു സൂചന ലഭിച്ചിട്ടുണ്ട്. ജിതേന്ദ്രമല്ലിക് സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നതിനു വിഡിയോകളും മൊഴികളുമുണ്ട്. എന്തിനാണ് ഒരു സൈനികന് ഇതുപോലെ ജനങ്ങളെ ഇളക്കിവിടുന്നത്?, എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള മുദ്രാവാക്യങ്ങള്‍ അദ്ദേഹം ഉയര്‍ത്തുന്നതെന്നും അനന്ത്കുമാര്‍ ചോദിച്ചു.
കേസിലെ മുഖ്യപ്രതികളിലൊരാളായ ബജ്റങ്ദള്‍ നേതാവ് യോഗേഷ് രാജിനെ ഉടന്‍ പിടികൂടും. ദാദ്രിയില്‍ ബീഫ് കൈവശംവച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്ലാഖിന്റെ കേസുമായി ഈ സംഭവത്തിനു ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം മൂന്നിനു സയാനാ പൊലിസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടിയ നാനൂറോളം പേരെ അക്രമാസക്തരാക്കിയതു ജിതേന്ദ്രമല്ലികാണെന്നതിനു തെളിവായി നിരവധി വിഡിയോകളും ഫോട്ടോകളുമാണ് പൊലിസിനു ലഭിച്ചിരിക്കുന്നത്.
മിക്ക ഫോട്ടോകളിലും വിഡിയോകളിലും ഇയാള്‍ ആള്‍ക്കൂട്ടത്തിന്റെ മധ്യത്തിലാണ്. ചിലതില്‍ യോഗേഷ് രാജും ജിതേന്ദ്രമല്ലികും ഒന്നിച്ചുനില്ക്കുന്നുമുണ്ട്. ജമ്മു യൂനിറ്റ് രാഷ്ട്രീയ റൈഫിള്‍സ് വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത ജിതേന്ദ്രമല്ലികിനെ ഇന്നലെയാണ് കേസന്വേഷിക്കുന്ന പ്രത്യേക ദൗത്യസംഘത്തിനു കൈമാറിയത്.
തുടര്‍ന്ന് ഇന്നലെ വൈകിട്ടോടെ ബുലന്ദ്ഷഹര്‍ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ പൊലിസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."