പൗരത്വ ബില്‍, മുഖ്യമന്ത്രിക്കെതിരേ വാളെടുത്ത് സംഘ് പരിവാര്‍, പാര്‍ലമെന്റ് പാസാക്കിയ നിയമം അനുസരിക്കാന്‍ പറ്റില്ലെങ്കില്‍ ഭരണമൊഴിയമെന്ന് വി. മുരളീധരന്‍: മമതയുടെ ബംഗാളില്‍ നടപ്പാക്കും, പിന്നെയല്ലേ കേരളത്തിലെന്ന് കെ. സുരേന്ദ്രന്‍
കോഴിക്കോട്: പൗരത്വ ഭേദഗതി ബില്‍ കേരളത്തില്‍ നടപ്പാക്കാനാവില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരേ സംഘ് പരിവാര്‍. പാര്‍ലമെന്റ് പാസാക്കിയ നിയമം അനുസരിക്കാന്‍ പറ്റില്ലെങ്കില്‍ ഭരണമൊഴിഞ്ഞ് പോകണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍.
ഏറ്റവും വലിയ മോദി വിരോധിയായ മമതാ ബാനര്‍ജിയുടെ ബംഗാളിലും നടപ്പാക്കും, പിന്നെയല്ലേ കേരളത്തിലെന്നായിരുന്നു മുഖ്യമന്ത്രിക്കെതിരേ ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്റെ പ്രതികരണം. പാര്‍ലമെന്റ് പാസാക്കുന്ന എല്ലാ നിയമങ്ങളും കേരളത്തിലും നടപ്പാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ചുളുവില്‍ നാലുവോട്ടുകിട്ടുമെന്ന് കരുതി ബഡായി പറയുകയാണ് പിണറായി. കോഴി കൂവിയാലേ നേരം വെളുക്കുകയുള്ളൂ എന്നു കരുതുന്ന പിണറായി വിഡ്ഡികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്. ഇത്രയധികം ഉപദേശികളുണ്ടായിട്ടും പിണറായിക്ക് സല്‍ബുദ്ധി ലഭിക്കാതെ പോകുന്നതെന്തുകൊണ്ടാണാവോ എന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.
പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും കേരളത്തില്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. സാധ്യമായ വേദികളിലെല്ലാം ഇതിനെ സംസ്ഥാന സര്‍ക്കാര്‍ ചോദ്യം ചെയ്യും. മതേതരത്വത്തില്‍ വിശ്വസിച്ച് ജീവിക്കുന്ന അനേക ലക്ഷം മുസ്ലിം സഹോദരങ്ങളുണ്ട്. പാകിസ്ഥാനിലേത് പോലെ ഇന്ത്യയിലും നടക്കണമെന്നാണ് ആര്‍.എസ്.എസ് പറയുന്നത്. ഇത് അംഗീകരിക്കാനാകില്ല. അധികാരത്തിന്റെ മുഷ്‌ക് ഉപയോഗിച്ച് നടപ്പാക്കാന്‍ ശ്രമിക്കുന്ന നിയമം കേരളത്തില്‍ വിലപ്പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഭരണഘടനാ വിരുദ്ധമായ നിയമമായത് കൊണ്ട് കേരളത്തില്‍ നടപ്പാക്കില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. ഇതാണ് സംഘ് പരിവാറിനെ പ്രകോപിപ്പിച്ചത്.
അതേ സമയം കേന്ദ്ര സര്‍ക്കാരിന്റെ കരിനിയമം കേരളത്തില്‍ നടപ്പാക്കില്ലെന്നും പ്രഖ്യാപിച്ച മുഖ്യമന്ത്രിയെ അഭിനന്ദിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയടക്കം നിരവധിയാളുകളും രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ചിത്രം പങ്കുവെച്ച് 'ലത് ദിവടെ നടക്കൂല എന്ന് ദേ ഇയ്യാള്' എന്നാണ് ലിജോയുടെ ഫേസ്ബുക്ക് കുറിപ്പ്.
സമൂഹത്തെ വര്‍ഗീയമായി വിഭജിക്കാനും മതാടിസ്ഥാനത്തിലുള്ള രാജ്യം കെട്ടിപ്പടുക്കാനുമുള്ള സംഘപരിവാര്‍ താല്‍പര്യമാണ് പൗരത്വ ഭേദഗതിബില്ലിന് അടിസ്ഥാനമെന്ന് പറയുന്നു. ജനങ്ങളെ ജാതി, മത അടിസ്ഥാനത്തില്‍ തരംതിരിച്ച് വോട്ടുപിടിച്ചു വാഴുന്ന ഇടതുപക്ഷമാണ് ഇതൊക്കെ പറയുന്നതെന്നതാണ് ഏറ്റവും വലിയ തമാശയെന്ന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ വി. മുരളീധരന്‍ മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും വിമര്‍ശിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."