വന്യമൃഗശല്യം തുടര്‍ക്കഥയായി പയ്യമ്പള്ളി
മാനന്തവാടി: നഗരസഭ പരിധിയിലെ പയ്യമ്പള്ളിയിലും പരിസര പ്രദേശങ്ങളിലും വന്യമൃഗങ്ങളുടെ ആക്രമണവും, വ്യാപക കൃഷിനാശവും തുടര്‍ക്കഥയാവുന്നു. കൂടല്‍ക്കടവ്, മുട്ടങ്കര, ചാലിഗദ്ധ, പാല്‍വെളിച്ചം എന്നിവിടങ്ങളിലാണ് പതിവായി കാട്ടാനകള്‍ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നത്. നിരവധി കര്‍ഷകരുടെ നെല്ല്, വാഴ, കപ്പ, കുരുമുളക്, ചേന, ഇഞ്ചി, കാപ്പി എന്നിവയാണ് കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ ഇറങ്ങി നശിപ്പിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് പാല്‍വെളിച്ചത്ത്് കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടിരുന്നു. വന്യമൃഗശല്യം തടയുന്നതിനായി സ്ഥാപിച്ച വൈദ്യുതി കമ്പിവേലികള്‍ ചവിട്ടിതകര്‍ത്തും, കമ്പിവേലിക്ക് മുകളിലേക്ക് മരങ്ങള്‍ മറിച്ചിട്ടുമാണ് ആനകള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത്. വന്യമൃഗശല്യം തടയാനായി പ്രദേശത്ത് കര്‍ണാടക മാതൃകയില്‍ റെയില്‍ഫെന്‍സിങ്ങ് നടത്തുന്നതിനായി ആറുകോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും പ്രഖ്യാപനത്തില്‍ മാത്രമായി ഒതുങ്ങുകയായിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും തകര്‍ന്ന വൈദ്യുതി കമ്പിവേലികള്‍ പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികള്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നുറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ച് കഴിഞ്ഞമാസം ഏഴിന് ഡി.എഫ്.ഒ ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ വൈദ്യുതി കമ്പിവേലി പുനര്‍നിര്‍മിക്കുമെന്ന് ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും ഈ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല. ഇതിനിടയിലാണ് കാട്ടാനകള്‍ പതിവായി ജനവാസ കേന്ദ്രങ്ങളില്‍ എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."