പിറവം പള്ളി തര്‍ക്കം; വിധി നടപ്പാക്കുന്നതിനിടെ സംഘര്‍ഷം
കൊച്ചി: ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന പിറവം പള്ളിയുടെ അവകാശം ഓര്‍ത്തഡോക്‌സ് സഭക്ക് വിട്ടുനല്‍കിയ സുപ്രിംകോടതി വിധി നടപ്പാക്കുന്നതിനിടെ നാടകീയ രംഗങ്ങള്‍. പിറവം രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വിധി നടപ്പിലാക്കാന്‍ പൊലിസെത്തിയതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. നിരവധി യാക്കോബായ വിഭാഗക്കാര്‍ പള്ളി പരിസരത്ത് തമ്പടിച്ചും ആത്മഹത്യാ ഭീഷണി മുഴക്കിയുമാണ് പൊലിസ് നടപടിയെ നേരിട്ടത്. ഇതേസമയം ഓര്‍ത്തഡോക്‌സ് വിഭാഗം പിറവം ജങ്ഷനിലും സംഘടിച്ചു നിന്നു.
ഇന്നലെ ഉച്ചയോടെ പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ എസ്.പി രാഹുല്‍ ആര്‍. നായരുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘമാണ് പിറവത്ത് എത്തിയത്. പള്ളിയുടെ ഗേറ്റ് നേരത്തെ തന്നെ പൂട്ടി സ്ത്രീകളും കുട്ടികളുമുള്‍പ്പടെയുള്ള വിശ്വാസികള്‍ പള്ളിയുടെ അകത്തും മുറ്റത്തുമായി നിലയുറപ്പിക്കുകയായിരുന്നു. കൂടാതെ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കത്തോലിക്കാ ബാവയുടെയും മെത്രാപ്പോലീത്തമാരുടെയും നേതൃത്വത്തില്‍ പള്ളിയില്‍ പ്രാര്‍ഥനയും ആരംഭിച്ചു.
ഓര്‍ത്തഡോക്‌സ് വിഭാഗം സമര്‍പ്പിച്ച പൊലിസ് സംരക്ഷണ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കേ നടത്തിയ പൊലിസ് നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് യാക്കോബായ സഭ നേതൃത്വം അധികൃതരെ അറിയിച്ചു. എന്നാല്‍ സഭയുടെ നിലപാട് തള്ളിയ പൊലിസ് ഗേറ്റിന്റെ പൂട്ട് പൊളിച്ച് അകത്തു കയറാന്‍ ശ്രമിക്കുന്നതിനിടെയാണ്് രണ്ട് യാക്കോബായ വിശ്വാസികള്‍ പള്ളിയുടെ ഗോപുരത്തില്‍ കയറി മണ്ണെണ്ണയൊഴിച്ചു ആത്മഹത്യാ ഭീഷണി മുഴക്കിയത്.
ഇവരെ അനുനയിപ്പിക്കാന്‍ വൈദികരുള്‍പ്പെടെ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. പിന്നീട് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി സുരക്ഷാ മുന്‍കരുതലുകള്‍ ഒരുക്കി. വിശ്വാസികള്‍ പുഴയില്‍ ചാടുമെന്ന അഭ്യൂഹത്തെ തുടര്‍ന്ന് പൊലിസ് പുഴയില്‍ സുരക്ഷാ ബോട്ടും എത്തിച്ചിരുന്നു. ഈസമയം നഗരസഭയിലെ കൗണ്‍സിലര്‍മാരായ സിനി സൈമണ്‍, അല്‍സ അനൂപ് എന്നിവരുടെ നേതൃത്വത്തില്‍ അഞ്ച് വനിതകള്‍ പള്ളിമേടയുടെ രണ്ടാം നിലയില്‍ നിന്നു ചാടാന്‍ ശ്രമിച്ചത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കി. പിന്നീട് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് താല്‍ക്കാലികമായി നടപടികള്‍ അവസാനിപ്പിച്ചു പള്ളിയില്‍ നിന്ന് പിന്‍വാങ്ങിയതോടെയാണ് സംഘര്‍ഷത്തിന് അയവുവന്നത്.
കോടതി വിധി നടപ്പിലാക്കുന്നത് സംബന്ധിച്ച് കലക്ടര്‍ ഇരുവിഭാഗവുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. വിധി നടപ്പിലാക്കണമെന്നും യാക്കോബായ വിശ്വാസികളെ പൂര്‍ണമായും പള്ളിയില്‍ നിന്ന് ഒഴിവാക്കണമെന്നും ഓര്‍ത്തഡോക്‌സ് സഭ ആവശ്യപ്പെട്ടപ്പോള്‍ വിധി നടപ്പാക്കുന്നതിനെക്കുറിച്ചു വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ വിധിയില്‍ ഇല്ലെന്നും യാക്കോബായ സഭ നേതൃത്വം പറയുന്നു. വിധി നടപ്പാക്കുമ്പോള്‍ കടുത്ത സംഘര്‍ഷം ഉണ്ടാകുമെന്ന് സര്‍ക്കാര്‍ നേരത്തെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എന്നാല്‍ കേസ് പരിഗണിക്കുന്ന വേളയില്‍ വിധി നടത്താതിരിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് കോടതി എ.ജിയോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലത്തെ പൊലിസ് നടപടി. സര്‍ക്കാറിനെതിരേ കോടതിയലക്ഷ്യം ആരോപിച്ച് സുപ്രിംകോടതിയില്‍ നേരത്തെ നല്‍കിയ ഹരജി കോടതിയുടെ എതിര്‍ പരാമര്‍ശത്തെ തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം പിന്‍വലിച്ചിരുന്നു.
എന്നാല്‍ ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസ് മൂന്നു മാസത്തിനകം തീര്‍പ്പ് കല്‍പിക്കാന്‍ സുപ്രിം കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍ വരുന്ന കേസില്‍ ഉണ്ടാകുന്ന വിധി നിര്‍ണായകമാണ്. അതേസമയം പള്ളി വിട്ടുകൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും യാക്കോബായ സഭയുടെ സുന്നഹദോസ് ഇന്ന് പിറവം പള്ളിയില്‍ നടക്കുമെന്നും ശ്രേഷ്ഠ കതോലിക്കാ ബാവ മാധ്യമങ്ങളെ അറിയിച്ചു.
സമവായത്തിലൂടെ പരിഹരിക്കണമെന്ന് ഹരജി
കൊച്ചി: പിറവം രാജാധിരാജ സെന്റ് മേരിസ് പള്ളിയിലെ സഭാ തര്‍ക്കം സമവായത്തിലൂടെ പരിഹരിക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പള്ളി ട്രസ്റ്റുകളായിരുന്ന രണ്ട് ഇടവകാംഗങ്ങള്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. കക്കാട് മണപ്പാട്ട് മത്തായി ഉലഹന്നാന്‍, പിറവം തെക്കേമൂട്ടില്‍ മത്തായി തൊമ്മന്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."