വനിതാ മതില്‍: കോടികള്‍ പൊടിച്ച് പ്രശ്‌നം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ശ്രമമെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: പ്രളയാനന്തരം നവകേരള സൃഷ്ടിക്ക് രൂപരേഖപോലും തയാറാക്കാതെ കോടികള്‍ പൊടിച്ച് വനിതാമതില്‍ നിര്‍മിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ വ്യഗ്രത ഗൗരവമേറിയതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
ചീഫ് സെക്രട്ടറി, ജില്ലാ കലക്ടര്‍മാര്‍ എന്നിവര്‍ക്ക് വിഭാഗീയത വളര്‍ത്താനുള്ള ഉദ്യമത്തിന് ചുമതല നല്‍കിയ നടപടി അക്ഷന്തവ്യമായ തെറ്റാണ്.
വനിതാ മതില്‍ പൊളിയുമെന്ന ഭീതിയില്‍ സ്‌കൂള്‍ കുട്ടികള്‍, കുടുംബശ്രീ അംഗങ്ങള്‍, അങ്കണവാടി ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിവരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹവും അധികാര ദുര്‍വിനിയോഗവുമാണ്. പീഡന വീരന്‍മാരെ സംരക്ഷിക്കുകയും വനിതാശാക്തീകരണം പറയുകയും ചെയ്യുന്ന സ്ത്രീവിരുദ്ധ നിലപാടില്‍ നിന്നുതന്നെ സര്‍ക്കാരിന്റെ ആത്മാര്‍ഥത ജനങ്ങള്‍ക്ക് ബോധ്യമാകും.
കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനത്തിന്റെ പേരിലും കോടികളാണ് സര്‍ക്കാര്‍ പൊടിച്ചത്. യു.ഡി.എഫ് സര്‍ക്കാര്‍ പൂര്‍ത്തീകരിച്ച പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കുന്നതിനാണ് സര്‍ക്കാര്‍ ജനങ്ങളുടെ നികുതിപ്പണം ധൂര്‍ത്തടിക്കുന്നത്. ഉദ്ഘാടനത്തിന് മുന്‍പെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായേയും ആരോഗ്യമന്ത്രി കെ.കെ ശൈലജയേയും കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുവദിച്ച സര്‍ക്കാര്‍ പിന്നെയെന്തിനാണ് ഇത്തരമൊരു ഉദ്ഘാടന പ്രഹസനം നടത്തിയതെന്നും മുല്ലപ്പള്ളി പരിഹസിച്ചു.
ആരോഗ്യമന്ത്രി ശൈലജയ്ക്ക് പ്രത്യേകവിമാനത്തില്‍ പറന്നിറങ്ങാന്‍ അവസരമൊരുക്കിയ സാഹചര്യം എന്തായിരുന്നു. ഇതന്വേഷിക്കുകയും വിമാനചെലവിനായി വിനിയോഗിച്ച പണം തിരിച്ചുപിടിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."