ജനാധിപത്യത്തിന്റെ ആത്മാവിനെ കീറിമുറിക്കും: സോണിയ
ന്യൂഡല്‍ഹി: പൗരത്വനിയമമുള്‍പ്പെടെയുള്ള മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരേ ഡല്‍ഹി രാംലീല മൈതാനിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഭാരത് ബച്ചാവോ പരിപാടിയില്‍ ജനങ്ങളെ ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധി. ഇന്ത്യ ബലാത്സംഗത്തിന്റെ തലസ്ഥാനമാണെന്ന പരാമര്‍ശത്തിന് മാപ്പു പറയാന്‍ താന്‍ സവര്‍ക്കറല്ലെന്നും തന്റെ പേര് രാഹുല്‍ ഗാന്ധിയെന്നാണെന്നും രാഹുല്‍ പറഞ്ഞു.
പറയുന്ന സത്യങ്ങളുടെ പേരില്‍ ഒരാളോടും മാപ്പ് പറയില്ല. മരിക്കാന്‍ തയാറാണ്. പക്ഷേ മാപ്പ് പറയില്ല. ഞാന്‍ മാത്രമല്ല, ഒരു കോണ്‍ഗ്രസുകാരനും മാപ്പു പറയില്ലെന്നും രാഹുല്‍ പറഞ്ഞു. രാംലീല മൈതാനിക്ക് ഉള്‍ക്കൊള്ളാവുന്നതിലും വലിയ ആള്‍ക്കൂട്ടമാണ് കോണ്‍ഗ്രസ് പരിപാടിയില്‍ തടിച്ചുകൂടിയത്. രാഹുലിന്റെ ഓരോ വാക്കുകളും ആള്‍ക്കൂട്ടം ആര്‍പ്പുവിളികളോടെ സ്വീകരിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ തകര്‍ത്തതിനും പൗരത്വനിയമം നടപ്പാക്കിയതിനും മോദിയും അമിത്ഷായുമാണ് രാജ്യത്തോട് മാപ്പു പറയേണ്ടത്. നിങ്ങളുടെ നാടിനെന്താണ് സംഭവിച്ചതെന്ന് ലോകം മുഴുവന്‍ ചോദിക്കാന്‍ തുടങ്ങി.
നോട്ട് നിരോധനത്തിലൂടെ നരേന്ദ്രമോദി ഒറ്റയ്ക്കാണ് ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ തകര്‍ത്തത്. അതിനു ശേഷം ഇന്ത്യയിന്നുവരെ അതിന്റെ പ്രതിസന്ധിയില്‍നിന്ന് കരകയറിയിട്ടില്ല. കള്ളപ്പണത്തിനെതിരായ പോരാട്ടമാണ് ഇതെല്ലാമെന്ന് നിങ്ങളോട് കള്ളം പറഞ്ഞതാണ്. നിങ്ങളുടെ പോക്കറ്റില്‍നിന്ന് പണം കൊള്ളയടിച്ച് ലക്ഷക്കണക്കിന് കോടി അദാനിക്കും അനില്‍ അംബാനിക്കും നല്‍കുകയായിരുന്നു. പിന്നാലെയാണ് 'ഗബ്ബര്‍സിങ് ടാക്‌സ് ' (ജി.എസ്.ടി) വരുന്നത്. പൈലറ്റ് പദ്ധതിക്ക് ശേഷമേ ജി.എസ്.ടി ഏര്‍പ്പെടുത്താവൂവെന്നും അല്ലെങ്കില്‍ പ്രശ്‌നങ്ങളുണ്ടാകുമെന്നും മന്‍മോഹന്‍സിങ്ങും ചിദംബരവും പറഞ്ഞതാണ്. അത് അംഗീകരിച്ചില്ല. ഇപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ കണ്ടില്ലേ. ജി.ഡി.പി ഒന്‍പത് ശതമാനമായിരുന്നത് നാലു ശതമാനമായി കുറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക ശക്തി തകരണമെന്നാണ് നമ്മുടെ ശത്രുക്കള്‍ ആഗ്രഹിച്ചത്. ആ പണി നമ്മുടെ പ്രധാനമന്ത്രി തന്നെ ചെയ്തുവെന്നും രാഹുല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."