ഓരോ മലയാളിയും 72,430.52 രൂപയുടെ കടക്കാരന്‍
ഭാരതത്തിലെ കേരളമെന്ന കൊച്ചു സംസ്ഥാനത്തില്‍ വസിക്കുന്ന നമ്മുടെ ഓരോരുത്തരുടെയും സ്വാതന്ത്ര്യം അധികാര വര്‍ഗത്തിന്റെ ധൂര്‍ത്തിലും കെടുകാര്യസ്ഥതയിലും സാമ്രാജ്യത്വ ശക്തികള്‍ക്ക് അടിയറവയ്ക്കാനുള്ള നീക്കത്തിലാണ് മാറിമാറി വരുന്ന സര്‍ക്കാരുകള്‍. വറ്റിവരണ്ട ഖജനാവ് നിറയ്ക്കാന്‍ കടം വാങ്ങി മുടിയുമ്പോള്‍ നഷ്ടപ്പെടുന്നത് ഓരോ മലയാളികളുടെയും സ്വാതന്ത്ര്യമാണ്.
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നമ്മുടെ രാജ്യത്ത് കച്ചവടത്തിനെത്തിയ ബ്രിട്ടീഷുകര്‍ ആധിപത്യം സ്ഥാപിച്ചതു പോലെ വന്‍ വ്യവസായികള്‍ക്കും വിദേശ കമ്പനികള്‍ക്കും കേരളം തീറെഴുതിക്കൊടുക്കാന്‍ കടമെടുത്ത് മുടിക്കുകയാണ് അധികാരി വര്‍ഗം. സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനത്തിനും മറ്റുമെന്ന് പറയുമ്പോഴും എങ്ങനെ തിരിച്ചടയ്ക്കുമെന്നു പോലും ആലോചിക്കാതെ ലക്ഷക്കണക്കിന് കോടികള്‍ കടമെടുക്കുന്നു. കടമെടുത്ത് ഭരണം നടത്തുന്ന അധികാര വര്‍ഗം ധൂര്‍ത്തിന് ഒരു കുറവും വരുത്തുന്നുമില്ല.
ഖജനാവില്‍നിന്ന് ലക്ഷങ്ങള്‍ പൊടിച്ച് പറന്നുനടക്കുകയാണ് മുഖ്യമന്തിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും. നമ്മുടെ സംസ്ഥാനത്തിന്റെ കടം കേട്ടാല്‍ സാധാരണക്കാര്‍ ഞെട്ടും. നമ്മുടെ വീടും പറമ്പും എല്ലാം സര്‍ക്കാരുകള്‍ തീറെഴുതി കടം വാങ്ങി കൂട്ടുന്നു. കൃത്യമായി പറഞ്ഞാല്‍ സര്‍ക്കാര്‍ പൊതുജനങ്ങളുടെ തലയില്‍ കെട്ടിവച്ചിരിക്കുന്നത് 2,49,555 കോടി രൂപയുടെ കടബാധ്യതയാണ്.
ഇത് സംസ്ഥാനത്തെ മലയാളികള്‍ വീട്ടുചെലവും സ്വന്തം കാര്യവും നോക്കി വരുത്തിവച്ച കടമല്ല. ഭരിച്ചവര്‍ ഉണ്ടാക്കിവച്ച സംസ്ഥാനത്തിന്റെ പൊതുകടമാണ്. ഇത്രയും വലിയ കടവുമായാണ് ഒരു കുഞ്ഞുപോലും കേരളത്തിലേക്ക് പിറന്നുവീഴുന്നത്. അതായത് ഓരോ പിറക്കുന്ന കുഞ്ഞിന്റെ തലയില്‍ പോലും പിണറായി സര്‍ക്കാര്‍ 72,430.52 രൂപ കടം കയറ്റിവയ്ച്ചിരിക്കുന്നു. കടബാധ്യത ഇത്രയും റോക്കറ്റു പോലെ കുതിച്ചത് ഈ സര്‍ക്കാരിന്റെ കാലത്തായിരുന്നു.
ധനമന്ത്രി തോമസ് ഐസക്കിന്റെ സാമ്പത്തിക കണക്കുകൂട്ടല്‍ വരുത്തിയ കടഭാരമാണിത്രയും. അതായത് 2016 മാര്‍ച്ച് 31 വരെ പൊതുകടം 1,09,730.97 കോടി രൂപയായിരുന്നു. ഇതുവരെ കേരളം ഭരിച്ച എല്ലാ സര്‍ക്കാരുകളും ചേര്‍ന്ന് ഉണ്ടാക്കിവയ്ച്ച കടബാധ്യതയായിരുന്നു ഇത്രയും. എന്നാല്‍ ഇപ്പോള്‍ 2016 മാര്‍ച്ച് 31 വരെ പൊതുകടം 1,09,730.97 കോടി രൂപയായിരുന്ന കടം പിണറായി സര്‍ക്കാര്‍ 2.5 ലക്ഷം കോടിയിലേക്ക് എത്തിച്ചു. കേരളത്തില്‍ ഇതുവരെ ഭരിച്ചവര്‍ ഉണ്ടാക്കിവയ്ച്ച കടത്തിന്റെ 150 ഇരട്ടി പിണറായി സര്‍ക്കാര്‍ മൂന്നു കൊല്ലംകൊണ്ട് ഉണ്ടാക്കിയിരിക്കുന്നു എന്ന് സാരം. കടം കേറി മലയാളികളുടെ തല ഇത്രമാത്രം ഭാരം തൂങ്ങിയിരിക്കുകയാണ് എന്ന് വ്യക്തം.
2016 വരെ സംസ്ഥാനത്തെ ഒരു വ്യക്തിക്ക് സര്‍ക്കാര്‍ വരുത്തിവയ്ച്ച കടം ആളോഹരി 46,078 ആയിരുന്നു. ഇതാണ് ഇപ്പോള്‍ 72,430.52 ആയി ഉയര്‍ന്നിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഈ കടബാധ്യത ഭാവി കേരളത്തിനും ഭാവിയില്‍ കേരളം ഭരിക്കുന്നവര്‍ക്കും ഭാരമാകും. മാത്രമല്ല ഈ കടം മുഴുവന്‍ ജനങ്ങളുടെ തലയില്‍ ഇന്നല്ലെങ്കില്‍ നാളെ നികുതി ചുമത്തി വീട്ടേണ്ട അവസ്ഥയും വരും.
അതായത് നികുതി പണം എടുത്ത് മാത്രമേ കടങ്ങള്‍ തിരിച്ചടക്കാന്‍ ആകൂ. ഭാവിയില്‍ കേരളത്തിലെ ജനങ്ങളിലേക്ക് എത്തുന്നത് വന്‍ നികുതി ഭാരം തന്നെ ആയിരിക്കുമെന്ന് ഉറപ്പാണ്. ഇതിനെല്ലാം പുറമേ കേരളത്തിലെ ഓരോ വ്യക്തിക്കും ബാങ്ക് വായ്പ, സ്വകാര്യ കടങ്ങള്‍ എല്ലാം വേറെയുമുണ്ട്. അതായത് ഭരിക്കുന്നവര്‍ ഉണ്ടാക്കിവയ്ക്കുന്ന കടത്തിന്റെയും അവരുടെ ആഡംബരത്തിന്റെയും ധൂര്‍ത്തിന്റെയും എല്ലാം ഭാരം മലയാളികളുടെ തലയില്‍ തന്നെ മെല്ലെ മെല്ലെ വരികയാണ്. കടം കേറി മുടിയുന്ന കേരളത്തിന്റെ ബാധ്യത വിലക്കയറ്റത്തിലൂടെയും നികുതി വര്‍ധനവിലൂടെയും സാധാരണക്കാരിലേയ്ക്ക് അടിച്ചേല്‍പ്പിക്കപ്പെടും.
63 ശതമാനം കാലവധി തീരുന്നത്
അഞ്ചു വര്‍ഷത്തിനിടെ
നിലവിലുള്ള കടബാധ്യതകളുടെ 63 ശതമാനം കാലവധി തീരുന്നത് അടുത്ത അഞ്ചു വര്‍ഷത്തിനിടെയാണ്. ഇങ്ങനെ പോയാല്‍ തിരിച്ചടിക്കാന്‍ അപ്പോള്‍ അധികാരത്തിലേറുന്ന സര്‍ക്കാരിന് കഴിയില്ല. അപ്പോള്‍ അത് പലിശ അടച്ച് വീണ്ടും പുതുക്കും. അല്ലെങ്കില്‍ വായ്പ നല്‍കിയവര്‍ ചോദിക്കുന്ന പലിശയ്ക്ക് പുതുക്കിവയ്‌ക്കേണ്ടി വരും. 2021-22 മുതല്‍ 2026-27 വരെയുള്ള കാലത്താണ് തിരിച്ചടവായി വരുന്നത്. ഈ സര്‍ക്കാര്‍ വാരിക്കൂട്ടുന്ന കടമെല്ലാം അടുത്ത സര്‍ക്കാരിന്റെ ചുമലിലാകും. അടുത്ത സര്‍ക്കാരാകട്ടെ കടം വീട്ടാന്‍ പണമില്ലാതെ നട്ടം തിരിയും, വികസനം ഇല്ലാതാകും, നിയമനങ്ങളും മറ്റും നിര്‍ത്തും. ഇപ്പോള്‍ കടം വാങ്ങുന്നത് നിത്യച്ചെലവുകള്‍ക്കും കടം വീട്ടാനുമാണ്. പലിശ കൊടുക്കാന്‍ പോലും കടം വാങ്ങുന്ന അവസ്ഥ. ഇങ്ങനെ കടം പെരുകുന്നത് നല്ല ലക്ഷണമല്ല. അനാവശ്യ ചെലവുകള്‍ കുറച്ച് വരുമാനത്തിനു പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തണം.
ചെലവ് കൂടുതല്‍ പദ്ധതിയിതരത്തിന്
കഴിഞ്ഞ വര്‍ഷങ്ങളിലെ ആകെ ചെലവ് പരിശോധിച്ചാലും പദ്ധതികള്‍ക്ക് വേണ്ടിയുള്ള ചെലവിനേക്കാളും പദ്ധതിയിതര ചെലവുകളാണ് വര്‍ധിച്ചിരിക്കുന്നത്. 2016-17 ആകെ ചെലവായ 1,02,382.55 കോടിയില്‍ പദ്ധതി ചെലവിന് ചിലവാക്കിയ തുകയാകട്ടെ 22,813.25 കോടി. എന്നാല്‍ പദ്ധതിയതര ചെലവിന് വിനിയോഗിച്ചത് 79,569.30 കോടി.
2017-18ല്‍ 1,10,237.81 കോടിയില്‍ 25,556.23 കോടി പദ്ധതി ചെലവിന് വിനിയോഗിച്ചപ്പോള്‍ 84,681.58 കോടി പദ്ധതിയിതര ചെലവുകള്‍ക്ക് വിനിയോഗിച്ചു. 2018 -19ല്‍ 1,24,678.88 കോടിയില്‍ 30657.17 കോടി പദ്ധതി ചെലവിനും, 1,11,323.15 കോടി പദ്ധതിയിതര ചെലവിനുമായി വിനിയോഗിച്ചു. ഈ അന്തരം തന്നെ വന്‍ കടബാധ്യതയാണ് കണക്കാക്കുന്നത്. സര്‍ക്കാരിന്റെ ധൂര്‍ത്തിനായും പലിശ നല്‍കാനും മാത്രമാണ് കൂടുതലും ചെലവാകുന്നത്.
തുടരും (നാളെ: കടം വാങ്ങി
കടം വീട്ടുന്ന ജാലവിദ്യ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."