കോസ്‌മോസ് അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ 16 മുതല്‍
നീലേശ്വരം: നീലേശ്വരം പള്ളിക്കര കോസ്‌മോസ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ എസ്.എഫ്.എ അംഗീകൃത അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ 16 മുതല്‍ ജനുവരി ആറുവരെ നടക്കും. നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മാസ്ഫുഡ് ഫളഡ്‌ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഇതിനായി 10,000 പേര്‍ക്ക് ഇരിക്കാവുന്ന ഗാലറിയുടെ പണി പുരോഗമിക്കുകയാണ്. 20 ടീമുകളിലായി കേരളത്തിനകത്തും പുറത്തുമുള്ള താരങ്ങള്‍ മത്സരിക്കാനെത്തും. എല്ലാദിവസവും രാത്രി 7.30 മുതലാണ് മത്സരം. ഞായറാഴ്ച റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. എല്ലാദിവസും കളികാണാനുള്ള പാസ്സിന് ഗാലറി - 700 രൂപയും, ചെയര്‍-1500 രൂപയുമാണ്. ദിവസേനയുള്ള ടിക്കറ്റിന് ഗാലറി 50 രൂപ, ചെയര്‍ 100 രൂപ എന്നിങ്ങനെയുമാണ് നിരക്ക്. സെമി, ഫൈനല്‍ മത്സരങ്ങളില്‍ ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടാകും. 2016-ല്‍ നടത്തിയ ടൂര്‍ണമെന്റില്‍ നിന്നും 15 ലക്ഷത്തോളം രൂപയുടെ കാരുണ്യ പ്രവര്‍ത്തനം ഇവര്‍ നടത്തിയിരുന്നു. ഉദ്ഘാടന ദിവസം ഷാഹിദ് സഹല്‍ അവതരിപ്പിക്കുന്ന ഫുട്‌ബോള്‍ മാജിക് അരങ്ങേറും. ഇതിന് മുന്നോടിയായി ശനിയാഴ്ച വൈകിട്ട് 4.30ന് നീലേശ്വരം മാര്‍ക്കറ്റ് കവലയില്‍ നിന്ന് രാജാസ് സ്‌കൂളിലേക്ക് വിളംബര ഘോഷയാത്ര നടക്കും. കാണികള്‍ക്ക് പാര്‍ക്കിങ് സൗകര്യം നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ പി. കരുണാകരന്‍ എം.പി, വര്‍ക്കിങ് ചെയര്‍മാന്‍ ഡോ. വി. സുരേശന്‍, ജനറല്‍ കണ്‍വീനര്‍ പി.വി രാജേഷ്, പി.പി മുഹമ്മദ് റാഫി, പി. ബാബുരാജ്, കെ.എം ഹരീഷ് ബാബു, പി.പി സുരേന്ദ്രന്‍, എ. വിനോദ്കുമാര്‍, വി.കെ രാമചന്ദ്രന്‍, ടി.വി അശോകന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."