കവി ആര്‍. മനോജിന്റെ പുസ്തകങ്ങള്‍ പബ്ലിക് ലൈബ്രറിക്ക്
ആറ്റിങ്ങല്‍: അകാലത്തില്‍ പെലിഞ്ഞ കവി ഡോ.ആര്‍. മനോജിന്റെ ഓര്‍മകള്‍ നിറഞ്ഞു നിന്ന ചടങ്ങില്‍ അദ്ദേഹത്തിന്റെ പുസ്തക ശേഖരം കൊല്ലം പബ്ലിക് ലൈബ്രറിക്ക് കൈമാറി. ആര്‍.മനോജിന്റെ പറകുന്ന് പ്ലാവിളവീട്ടിലാണ് ലളിതവും വ്യത്യസ്തവുമായ ചടങ്ങ് നടന്നത്.
എന്‍.എസ്.എസ് കോളജ് മലയാള വിഭാഗം അധ്യാപകനായിരുന്ന ആര്‍.മനോജ് 2015 നവംബറിലാണ് മരണപ്പെട്ടത്. കവി,നാടകകൃത്ത്, ഭാഷാ ഗവേഷകന്‍,സാമൂഹ്യപരിസ്ഥിതി പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ഏറെ ശ്രദ്ധേയനായി നില്‍ക്കുമ്പോഴാണ് തന്റെ വീടിനു സമീപത്തെ തോട്ടില്‍ മുങ്ങി മരിച്ചത്. ആഴം, വനം നദി ഭാഷ, ഉത്തരമേഖം, സഭാനാടകം എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതിയ രണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് വിയോഗം. തന്റെ ജീവിതകാലയളവില്‍ ശേഖരിച്ച അഞ്ഞൂറോളം വൈജ്ഞാനിക പുസ്തകങ്ങളും നിരവധി സാഹിത്യ പുസ്തകങ്ങളും മനോജിന്റെ പറകുന്നിലെ പ്ലാവിളവീട്ടിലെ അലമാരകളില്‍ ബന്ധുക്കള്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇവയില്‍ കേടുപാടുകള്‍ വന്നവ ഒഴിവാക്കി ബാക്കിയുള്ള പുസ്തകങ്ങളാണ് കൊല്ലം പബ്ലിക് ലൈബ്രറി ആന്റ് റിസര്‍ച്ച് സെന്ററിന് കൈമാറിയത്. ഇവിടെ പുതിയ ബ്ലോക്ക് നിര്‍മ്മിക്കുമ്പോള്‍ ഡോ. ആര്‍.മനോജിന്റെ പുസ്തകങ്ങള്‍ക്കായി പ്രത്യേക ഇടം നല്‍കുമെന്ന് ലൈബ്രറി ഭാരവാഹികള്‍ പറഞ്ഞു.
മനോജ് മുന്‍കൈ എടുത്ത് പ്രവര്‍ത്തനം ആരംഭിച്ച അഭിധ രംഗസാഹിത്യവീഥി പ്രസിഡന്റ് ഡോ. ആര്‍. ഗോപിനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. കവിയുടെ സഹോദരന്‍ സഞ്ജീവ്കുമാര്‍, കവികളായ വിജയന്‍ പാലാഴി, ഓരനെല്ലൂര്‍ ബാബു,വിജുകൊന്നമൂട്, എം.ടി.വിശ്വതിലകന്‍, ചിത്രകാരന്‍ എസ്.രാധാബാബു തുടങ്ങി നിരവധിപേര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."