പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍
കാട്ടാക്കട: കാട്ടാക്കട സ്റ്റേഷന്‍ അതിര്‍ത്തിയില്‍ പത്താംതരം വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവ് അറസ്റ്റില്‍. പൊലിസും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരും എത്ര ശ്രമിച്ചിട്ടും പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ ആള്‍ ആരെന്ന് പറയാന്‍ പെണ്‍കുട്ടിയോ അമ്മയോ തയാറായിരുന്നില്ല. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ മാസങ്ങളോളം മാതാപിതാക്കള്‍ പത്തു കാണിയിലുള്ള ബന്ധു വീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയും തമിഴ്‌നാട്ടിലെ തന്നെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭചിദ്രത്തിന് കൊണ്ടുപോവുകയും ചെയ്തിരുന്നു.
പെണ്‍കുട്ടിക്ക് പതിനെട്ട് വയസ് പൂര്‍ത്തിയായതായി രക്ഷാകര്‍ത്താക്കള്‍ അറിയിച്ചെങ്കിലും സംശയം തോന്നിയ ഡോക്ടര്‍ ഗര്‍ഭചിദ്രം നടത്താന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ തിരിച്ച് നാട്ടിലെത്തിക്കുകയായിരുന്നു. സംഭവം ഒളിച്ചുവച്ചെങ്കിലും സംശയം തോന്നിയ നാട്ടുകാര്‍ ഇടപെടുമെന്ന് മനസ്സിലാക്കിയ പെണ്‍കുട്ടിയുടെ പിതാവ് ഇവരെ ശനിയാഴ്ച സന്ധ്യയോടെ വീണ്ടും അവിടെ നിന്നും മാറ്റാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ നാട്ടുകാര്‍ ഇക്കാര്യങ്ങള്‍ കാട്ടാക്കട സബ് ഇന്‍സ്‌പെക്ടറെയും ചൈല്‍ഡ് ലൈന്‍ അധികൃതരെയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എസ്.ഐ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയെങ്കിലും പൊലിസ് എത്തുന്നതിന് തൊട്ട് മുന്‍പ് അച്ഛന്‍ കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് പൊലിസ് അമ്മയെയും കുട്ടിയെയും മണിക്കൂറുകളോളം ചോദ്യം ചെയ്‌തെങ്കിലും പീഡിപ്പിച്ച ആള്‍ ആരാണെന്ന് പറയാന്‍ഇരുവരും തയാറായില്ല.
താന്‍ വീട്ടില്‍ ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ മുഖംമൂടി ധരിച്ച ഒരാള്‍ എത്തി ബലമായി പീഡിപ്പിച്ചു എന്ന് ആദ്യം പറഞ്ഞ പെണ്‍കുട്ടി പിന്നീട് വഴിയില്‍ വച്ച് കണ്ട ഒരാള്‍ പുറകെ വീട്ടില്‍ വന്ന് പീഡിപ്പിച്ചതായും അയാളുടെ മുഖം കണ്ടാല്‍ അറിയാം എന്നും മൊഴി നല്‍കി. പിന്നീട് അമ്മയും ഇതേതരത്തില്‍ മൊഴി ആവര്‍ത്തിച്ചു. എന്നാല്‍ ഇവരുടെ മൊഴികള്‍ പൊലിസ് വിശ്വാസത്തിലെടുത്തിരുന്നില്ല. പീഡനം നടന്ന് പെണ്‍കുട്ടി ഏഴു മാസം ഗര്‍ഭിണി ആയിട്ടും ഇക്കാര്യങ്ങള്‍ രഹസ്യമാക്കി വച്ചതും അതീവ രഹസ്യമായി ഗര്‍ഭചിദ്രം നടത്താന്‍ ശ്രമിച്ചതും സംശയം ജനിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ അച്ഛന്‍ ഒളിവില്‍ പോയതും ദുരൂഹത ഉണര്‍ത്തി.
തുടര്‍ന്ന് പോലിസ് ചൈല്‍ഡ് ലൈന്‍ അധികൃതരുമായി ബന്ധപ്പെടുകയും അവരുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ശനിയാഴ്ച രാത്രി പെണ്‍കുട്ടിയെയും അമ്മയെയും തിരുവനന്തപുരം നിര്‍ഭയയിലെക്ക് മാറ്റുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പിതാവാണ് പീഡിപ്പിച്ചതെന്ന് തെളിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."