പേമാരിയിലും അണയാതെ
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പോരാട്ടത്തില്‍ അറബിക്കടലിനെ സാക്ഷിനിര്‍ത്തി ജനസാഗരം തീര്‍ത്ത് സമസ്ത പ്രതിഷേധ സമ്മേളനം പുതുചരിത്രം സൃഷ്ടിച്ചു. ഇന്നലെ ഉച്ച മുതല്‍ തന്നെ കോഴിക്കോട് നഗരത്തെ സ്തംഭിപ്പിച്ച് കടലോരവും തീരദേശ പാതയും ജനാധിപത്യ വിശ്വാസികളെ കൊണ്ട് നിറഞ്ഞുകവിഞ്ഞിരുന്നു. സമസ്ത പ്രസിഡന്റ് ജിഫ്‌രി തങ്ങളുടെ അധ്യക്ഷ പ്രസംഗത്തിനിടയില്‍ പേമാരി പെയ്‌തെങ്കിലും കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള ഓരോ വാക്കുകളെയും തക്ബീര്‍ ധ്വനികളോടെ നിറഞ്ഞ സദസ് ഏറ്റെടുത്തു.
രാജ്യത്തിന്റെ മതേതരത്വത്തെ തകര്‍ക്കുന്ന രീതിയില്‍ നിയമം നടപ്പാക്കാന്‍ രാജ്യം ആരുടെയും തറവാട് സ്വത്തല്ലെന്ന തങ്ങളുടെ പ്രസ്താവനയും പൗരത്വ നിയമത്തിനെതിരേ സമസ്ത സുപ്രിംകോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്ന പ്രഖ്യാപനവും ശക്തമായ തക്ബീര്‍ ധ്വനികളോടെയാണ് സദസ് ഏറ്റുവാങ്ങിയത്.
കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള ശക്തമായ പ്രതിഷേധം തന്നെയായിരുന്നു 24 മണിക്കൂര്‍ മുന്‍പ് നേതാക്കളില്‍നിന്ന് ലഭിച്ച ആഹ്വാനപ്രകാരം കോഴിക്കോട് കടപ്പുറത്തേക്ക് ഒഴുകിയെത്തിയ ജനസാഗരം സാക്ഷ്യപ്പെടുത്തിയത്. നാടിന്റെ നാനാ ദിക്കുകളില്‍നിന്ന് എത്തിയവരെ ഉള്‍ക്കൊള്ളാനാകാതെ കോഴിക്കോട് നഗരം വീര്‍പ്പുമുട്ടി. കേരളത്തിലെ എല്ലാ മഹല്ലുകളില്‍ നിന്നും യുവാക്കളടക്കമുള്ള ജനസഞ്ചയം നേരത്തെ തന്നെ സമ്മേളന നഗരിയിലേക്ക് ഒഴുകിയെത്തി. ഗതാഗത സ്തംഭനം ഒഴിവാക്കാന്‍ വാഹനങ്ങള്‍ക്കു നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാര്‍ക്കിങ് ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും ജനസഞ്ചയം നിറഞ്ഞതോടെ റോഡുകളില്‍ ഗതാഗതം പൂര്‍ണമായി വിലക്കേണ്ടിവന്നു. കടപ്പുറത്തെ സദസില്‍ ഉള്‍ക്കൊള്ളാതെ ജനങ്ങള്‍ തീരദേശ ഹൈവേയിലും മറ്റുഭാഗങ്ങളിലേക്കും നിറഞ്ഞുകവിഞ്ഞു. പലര്‍ക്കും സമ്മേളന നഗരിയിലെത്താന്‍ പോലുമായില്ല. മഗ്്‌രിബ് നിസ്‌കാരത്തിനും നഗരിയില്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.
മുസ്തഫ മുണ്ടുപാറ, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, സി.പി ഇഖ്ബാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘടാകസമിതി മികവുറ്റ ഒരുക്കങ്ങളാണ് നടത്തിയത്.
ഏതു പ്രതിസന്ധി വന്നാലും പൗരത്വ നിയമ ഭേദഗതി അറബിക്കടലിലേക്ക് കീറിവലിച്ചെറിയുമെന്ന് ചടങ്ങില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടനയെയും അടിത്തറയെയും തകര്‍ക്കുന്ന മോദി സര്‍ക്കാരിനെതിരേ നിലകൊള്ളാന്‍ സമാന മനസ്‌കരായവരെ അണിനിരത്തിയുള്ള പ്രതിഷേധങ്ങള്‍ സ്വാഗതാര്‍ഹമാണെന്ന് എളമരം കരീം എം.പി ചൂണ്ടിക്കാട്ടി. രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികളെല്ലാം പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുമെന്ന് മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."