ലഹരിക്കടത്ത്: രജിസ്റ്റര്‍ ചെയ്തത് 586 കേസുകള്‍
മാനന്തവാടി: ലഹരിക്കടത്തുകാര്‍ക്ക് കൂച്ചുവിലങ്ങിടാന്‍ പരിശോധന കാര്യക്ഷമമാക്കി എക്‌സൈസ് വകുപ്പ്. ജില്ലയിലെ എക്‌സൈസ് ചെക്‌പോസറ്റുകളില്‍ പരിശോധന കാര്യക്ഷമായതോടെ ലഹരി കടത്തില്‍ കാര്യമായ കുറവുണ്ടായതായാണ് കണക്കുകള്‍. ജില്ലയില്‍ എക്‌സൈസ് വകുപ്പ് ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ഈ വര്‍ഷം 586 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ജില്ലയില്‍ പ്രധാനപ്പെട്ട മുത്തങ്ങ, തോല്‍പ്പെട്ടി, ബാവലി ചെക്‌പോസ്റ്റുകളിലായി കര്‍ശന പരിശോധനയാണ് എക്‌സൈസ് വകുപ്പ് നടത്തുന്നത്.
മുത്തങ്ങ ചെക്‌പോസ്റ്റില്‍ 241 അബ്കാരി കേസുകളും, തോല്‍പ്പെട്ടി, ബാവലി ചെക്‌പോസ്റ്റുകളില്‍ യഥാക്രമം 96, 22 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്‍.ഡി.പി.എസ് കേസുകള്‍ ഏറ്റവും കൂടുതല്‍ രജിസ്റ്റര്‍ ചെയ്തത് ബാവലി ചെക്ക്‌പോസ്റ്റിലാണ്. ഇവിടെ 89 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തോല്‍പ്പെട്ടിയില്‍ 76ഉം, മുത്തങ്ങയില്‍ 62 എന്‍.ഡി.പി.എസ് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാത്രി യാത്ര നിരോധനമില്ലാത്ത കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന തോല്‍പ്പെട്ടി ചെക്‌പോസ്റ്റ് നിലവില്‍ താല്‍ക്കാലിക ചെക്‌പോസ്റ്റാണ്. 24 മണിക്കൂറും വാഹനം കടന്നു പോകുന്നതിനാല്‍ സ്ഥിരം ചെക്ക്‌പോസ്റ്റ് വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. സംസ്ഥാനത്താകമാനം 6314 ലഹരി മരുന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയതത്. 700 കോടി രൂപ വിലവരുന്ന ലഹരി വസ്തുക്കള്‍ പിടികൂടുകയും ചെയ്തിട്ടുണ്ട്. പ്രധാനമായി എക്‌സൈസ് കേസുകളില്‍ പ്രതിയാകുന്നത് യുവാക്കളാണ്. ലഹരിക്കടത്ത് തടയുന്നതിനായി എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തികളില്‍ വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ട്. യുവജനളേയും വിദ്യാര്‍ഥികളേയും ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനും, വ്യാജമദ്യം, ലഹരിവസ്തുക്കള്‍ എന്നിവയുടെ ഉപയോഗം കുറക്കുന്നതിനും കേരള സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ഭാഗമായി വ്യാപകമായി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."