മാധ്യമങ്ങള്‍ നേര്‍വഴിയേ നടക്കട്ടെ
പണ്ടൊരു പോപ്പ് അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍, അവിടത്തെ നിശാക്ലബ്ബുകളെക്കുറിച്ച് അഭിപ്രായം ചോദിച്ചു. നിശാക്ലബ്ബുകളെക്കുറിച്ച് അറിവില്ലാതിരുന്ന പോപ്പ് ചോദിച്ചു, 'അമേരിക്കയില്‍ നിശാക്ലബ്ബുകളുണ്ടോ' എന്ന്. പിറ്റേദിവസം വന്ന പത്രവാര്‍ത്ത അമേരിക്കയിലെത്തിയ പോപ്പ് നിശാക്ലബ്ബുകളെപ്പറ്റി അന്വേഷിച്ചുവെന്നായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്ത വളച്ചൊടിക്കുന്നതിന്റെ അനേകം ഉദാഹരണങ്ങളിലൊന്നാണ് ഈ കഥ.
മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത സി.പി.എം, ബി.ജെ.പി. നേതാക്കളുടെ യോഗത്തിലേക്കു വലിഞ്ഞുകയറിയ മാധ്യമപ്രവര്‍ത്തകരോട് 'കടക്ക് പുറത്ത് ' എന്നു പറഞ്ഞ ആര്‍ജവത്തെ അംഗീകരിക്കാതെ വയ്യ. സംസ്ഥാനത്തിന് ഒരു മുഖ്യമന്ത്രിയുണ്ടെന്ന് അഭിമാനം തോന്നിയ നിമിഷം. സമാധാനയോഗം നടത്തുന്ന ഹാളിനുള്ളില്‍ എന്ത് അധികാരത്തിലാണു മാധ്യമപ്രവര്‍ത്തകര്‍ കടന്നത്.
അവര്‍ക്കു യോഗം നടക്കുന്ന സ്ഥലത്തിനു മുന്നിലുള്ള സാഹചര്യം വിശദീകരിക്കാം. യോഗം കഴിഞ്ഞ് നേതാക്കളുടെ സംയുക്തപ്രസ്താവന റിപ്പോര്‍ട്ട് ചെയ്യാം. ഇതൊന്നും ചെയ്യാതെ കാമറയും മൈക്രോഫോണും തൂക്കി അകത്തുകയറിയത് അനുചിതമായി. അവിടെ നടക്കുന്ന രംഗങ്ങളെ വളച്ചൊടിച്ചു വാര്‍ത്തയാക്കി അണികളെ ചൊടിപ്പിച്ചു വിദ്വേഷം ആളിക്കത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൊതുജനം പലപ്പോഴും കണ്ടതാണ്.
ആവശ്യമായ പുസ്തകങ്ങളില്ലാത്ത കാരണത്തിനു പുറത്താക്കിയ അധ്യാപകനെ ആക്ഷേപിക്കാതെ തെറ്റുതിരുത്താനാണു യഥാര്‍ഥ വിദ്യാര്‍ഥി ശ്രമിക്കേണ്ടത്. മുഖ്യമന്ത്രിയുടെ ആജ്ഞയുടെ ക്ഷീണംതീര്‍ക്കാന്‍ മാധ്യമങ്ങള്‍ ആഘോഷിച്ചത് അദ്ദേഹത്തിന്റെ പൂര്‍വചരിത്രത്തിലെ ചില പ്രയോഗങ്ങളെ തെറ്റായി ചിത്രീകരിച്ചാണ്. ഇതും തെറ്റായ പ്രവണതയാണ്.
പല സാമൂഹിക പ്രശ്‌നങ്ങളും ആളിക്കത്തിക്കുന്നതിനു മാധ്യമങ്ങളുടെ അപക്വമായ പെരുമാറ്റം കാരണമായേക്കാം. മാധ്യമങ്ങള്‍ താരപരിവേഷം നല്‍കിയ സെന്‍കുമാറിന്റെ മനസിലെ വര്‍ഗീയവിഷം പുറത്തുവന്നപ്പോള്‍ മാധ്യമങ്ങള്‍ വെട്ടിലാവുകയും പിണറായിയായിരുന്നു ശരിയെന്നു തെളിയുകയും ചെയ്തതാണല്ലോ.
മാധ്യമങ്ങള്‍ പക്ഷപാതിത്വം കാണിക്കുന്നതു പൊതുജനങ്ങളെ പ്രയാസത്തിലാക്കുന്നുണ്ട്. നിഷ്പക്ഷവും നീതിപൂര്‍വുമായ ഇടപെടലുകളിലൂടെ വാര്‍ത്ത പ്രസിദ്ധീകരിക്കുകയാണെങ്കില്‍ മാധ്യമങ്ങള്‍ക്കു പഴയ പ്രതാപം വീണ്ടെടുക്കാം. ധാര്‍മികത പാലിച്ചു സാമൂഹികപ്രശ്‌നങ്ങളില്‍ ഇടപെടാന്‍ മാധ്യമങ്ങള്‍ക്കാവട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."