ദേശീയ വിരമുക്ത പരിപാടി നാളെ ; ജില്ലയില്‍ 4,50,862 കുട്ടികള്‍ക്ക് ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കും
ആലപ്പുഴ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന വിരമുക്ത ചികിത്സാ പരിപാടി നാളെ നടക്കുമെന്ന് നോഡല്‍ ഓഫീസര്‍ ഡോ. കെ.ബി മോഹന്‍ദാസ്, ഡോ. വീണ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിദ്യാഭ്യാസ വകുപ്പിന്റെയും സാമൂഹികക്ഷേമ വകുപ്പിന്റെയും കൂട്ടായ സഹകരണത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്. നാളെ നടക്കുന്ന വിരമുക്ത സമൂഹ ചികിത്സാ പരിപാടിയില്‍ ഒന്ന് മുതല്‍ 19 വയസ് വരെയുള്ള കുട്ടികള്‍ക്ക് വിരനശീകരണത്തിനുള്ള ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കും.
സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും അങ്കണവാടികളിലെയും ഡേ-കെയര്‍ സെന്ററുകളിലെയും കുട്ടികള്‍ക്കുമാണ് ഗുളിക നല്‍കുന്നത്. ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ അധ്യാപകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ എന്നിവരാണ് ഗുളിക നല്‍കുന്നത്. ഒന്ന് മുതല്‍ അഞ്ച് വയസ് വരെയുള്ളവര്‍ക്ക് അടുത്തുള്ള അങ്കണവാടിയിലും അഞ്ച് മുതല്‍ 19 വയസുവരെയുള്ളവര്‍ക്ക് സ്‌കൂളിലും വച്ചാണ് ഗുളിക വിതരണം നടത്തുന്നത്.
ഒന്ന് മുതല്‍ രണ്ട് വയസുവരെ പകുതി ഗുളിക(220 മി.ഗ്രാം) ഒരു ടേബിള്‍ സ്പൂണ്‍ തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ അലിയിച്ചു കൊടുക്കണം. രണ്ട് മുതല്‍ 19 വയസുവരെ ഒരു ഗുളിക(400 മി. ഗ്രാം) ഉച്ചഭക്ഷണത്തിന് ശേഷം ചവച്ചരച്ച് കഴിക്കണം. നാളെ ഗുളിക കഴിക്കാന്‍ സാധിക്കാത്തവര്‍ സമ്പൂര്‍ണ വിരവിമുക്ത ദിനമായ 17ന് തീര്‍ച്ചയായും കഴിക്കേണ്ടതാണ്. സ്‌കൂളിലും അങ്കണവാടിയിലും രജിസ്റ്റര്‍ ചെയ്യാത്ത ഒന്ന് മുതല്‍ 19 വയസുവരെയുള്ള എല്ലാ കുട്ടികള്‍ക്കും ആശാ പ്രവര്‍ത്തകരുടെ സഹകരണത്തോടെ അങ്കണവാടികളില്‍വെച്ച് ഗുളിക നല്‍കുന്നതാണ്. ജില്ലയില്‍ 4,50,862 കുട്ടികള്‍ക്കാണ് ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കാനായി ലക്ഷ്യമിടുന്നത്. ഇതിനായി ആരോഗ്യ പ്രവര്‍ത്തകര്‍, അധ്യാപകര്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.
വിദ്യാഭ്യാസ വകുപ്പിന്റെയും സാമൂഹികക്ഷേമ വകുപ്പിന്റെയും കൂട്ടായ സഹകരണത്തോടെ ത്രിതല പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ പരിപാടി നടത്തുന്നു. പ്രസ്തുത പരിപാടിയുടെ വിജയത്തിനായി ബ്ലോക്ക്, മുനിസിപ്പാലിറ്റി, ജില്ലാതലത്തില്‍ ഉദ്ഘാടന ചടങ്ങുകള്‍ നടത്തുന്നതാണ്.
പ്രസ്തുത പരിപാടി നടപ്പാക്കുന്നത് 1033 സ്‌കൂളുകള്‍ 2121 അങ്കണവാടികള്‍, 196 ഡേ-കെയര്‍ സെന്ററുകള്‍ എന്നീ കേന്ദ്രങ്ങളിലൂടെ ഗുളിക വിതരണം നടത്തുന്നതാണ്. പ്രസ്തുത പരിപാടിയുടെ വിജയത്തിനായി 297 മെഡിക്കല്‍ ഓഫീസേഴ്‌സ് 135 സൂപ്പര്‍ വൈസേഴ്‌സ് 410 ജൂനിയര്‍ പി എച്ച് എന്‍മാര്‍, 231 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടേഴ്‌സ്, 2126 ആശാ വര്‍ക്കേഴ്‌സ് എന്നിവരെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലായി നിയമിച്ചിട്ടുണ്ട്. പരിപാടിയുടെ ഉദ്ഘാടനം നാളെ രാവിലെ 11.30ന് മുഹമ്മദന്‍സ് എച്ച് എസ് എസില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ മാസ് മീഡിയ ഓഫീസര്‍ ജി ശ്രീലത, സുമ, സുജ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."