യുദ്ധം ഒന്നിനും പരിഹാരമല്ല; ചര്‍ച്ചക്ക് തയാറെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: സിക്കിം അതിര്‍ത്തിയില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കും തയാറല്ലെന്ന ചൈനീസ് സേനയുടെ നിലപാട് സ്ഥിതിഗതികള്‍ സങ്കീര്ണമാക്കിയതിനിടയില് യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കുകയാണ് വേണ്ടതെന്നും ഇന്ത്യ നിര്‍ദേശം മുന്നോട്ടുവച്ചു.
ഏത് പ്രശ്നവും പരിഹരിക്കാന്‍ നയതന്ത്ര തലത്തിലുള്ള ചര്‍ച്ചയാണ് അനിവാര്യമെന്ന് ഇന്നലെ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. ബുധനാഴ്ച ചൈനീസ് വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയ 15 പേജ് വരുന്ന പ്രസ്താവനയില്‍ ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് യുദ്ധത്തിനുപകരം ചര്‍ച്ച നടത്തണമെന്ന ആവശ്യം മുന്നോട്ടുവച്ച് ഇന്ത്യ രംഗത്തു വന്നത്.
ഇന്ത്യയുടെ വിദേശ നയത്തെ സംബന്ധിച്ചും തന്ത്രപ്രധാനമായ പങ്കാളികളെക്കുറിച്ചും പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്.
ദോക്ലാം മാത്രമല്ല, അതിര്‍ത്തി പ്രശ്നം സംബന്ധിച്ച എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ട്. അതിര്‍ത്തി രാജ്യങ്ങളോടെല്ലാം സമാധാനത്തോടെയും സഹവര്‍ത്തിത്തത്തോടെയും പെരുമാറണമെന്ന നയമാണ് ഇന്ത്യക്കുള്ളത്. ഒരു ഭാഗത്ത് ഭീകരതയും മറുഭാഗത്ത് ചര്‍ച്ചയും എന്നത് മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്ന് സുഷമ സ്വരാജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."