രണ്ടാം രാഷ്ട്രവിഭജനത്തെ തടുക്കാന്‍ വേണ്ടത് രണ്ടാം സ്വാതന്ത്ര്യ സമരം
1955ലെ ഇന്ത്യന്‍ പൗരത്വ നിയമത്തില്‍ ഭേഗതി വരുത്തിക്കൊണ്ട് പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബര്‍ 31ന് മുന്‍പ് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്‌ലിംകള്‍ ഒഴികെയുള്ള ആറ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം, ഇന്ത്യ എന്ന ആശയത്തിനു തന്നെയുള്ള വെല്ലുവിളിയാണ്. ഇന്ത്യയെ ഇന്ത്യയായും നമ്മളെ ഇന്ത്യാക്കാരായും നിലനിര്‍ത്തുന്നത് നമ്മുടെ ഭരണഘടനയാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ് എന്ന ബോധത്തില്‍ മതവിദ്വേഷത്തിന്റെ വിഷം കലര്‍ത്തി പിളര്‍പ്പിലേയ്ക്ക് തള്ളി വിടുകയാണ് മോദീ-അമിത് ഷാ കൂട്ട് കെട്ട് ഈ കരി നിയമത്തിലൂടെ ചെയ്യുന്നത്. 20 കോടിയോളം വരുന്ന ഒരു ജനസമൂഹത്തെ ഒറ്റപ്പെടുത്തുന്ന ഈ നിയമം വഴി, നമ്മള്‍ എന്ന ഈ ഭരണഘടനാ ബോധം ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും സാന്ദ്രത കുറഞ്ഞ നിലയിലേക്ക് എത്തിയിരിക്കുകയാണ്.
ജനാധിപത്യവും മതേതരത്വവും ഇരട്ടപെറ്റ മക്കളാണെന്നാണ് പണ്ഡിറ്റ് ജവര്‍ഹലാല്‍ നെഹ്‌റു എപ്പോഴും പറയാറുണ്ടായിരുന്നത്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായി നിലനില്‍ക്കണമെങ്കില്‍ അതിന് മതേതരമായ ഒരു സാമൂഹ്യ ഘടന ഉണ്ടെങ്കിലേ കഴിയൂ. രാജ്യത്തെ ഏകാധിപത്യത്തിലേക്ക് കൊണ്ട് പോകണമെന്നാഗ്രഹിക്കുന്നവര്‍ ആദ്യം തകര്‍ക്കുന്നത് നമ്മുടെ മതേതര സംവിധാനത്തെയാണ്. സംഘ്പരിവാറിന്റെ പ്രഥമവും പ്രധാനവുമായ ലക്ഷ്യവും മതേതരത്വം തകര്‍ക്കുക എന്നതാണ്. ഇതിനായി, പണ്ട് ഹിറ്റ്‌ലറും, ഗീബല്‍സും ചെയ്ത പോലെ പെരും നുണകളാണ് പാര്‍ലമെന്റിനകത്തും, പുറത്തും കഴിഞ്ഞ ദിവസങ്ങളില്‍ പടച്ചു വിട്ടത്.
രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിച്ചത് കോണ്‍ഗ്രസാണെന്ന പച്ചക്കള്ളം ഒരു ഉളുപ്പുമില്ലാതെ പാര്‍ലമെന്റില്‍ അമിത് ഷാ തട്ടിവിടുകയായിരുന്നു. ദ്വിരാഷ്ട്ര വാദം ആദ്യമുന്നയിച്ചത് ഹിന്ദു മഹാസഭയായിരുന്നു. 1923ല്‍ എഴുതിയ ഹിന്ദുത്വ എന്നു പേരുള്ള പ്രബന്ധത്തിലാണ് ആദ്യമായി ഹിന്ദുക്കളും മുസ്‌ലിംകളും രണ്ട് രാഷ്ട്രങ്ങളാണെന്ന് സവര്‍ക്കര്‍ പ്രഖ്യാപിച്ചത്. 1925ല്‍ സ്ഥാപിതമായ ആര്‍.എസ്.എസ് ആകട്ടെ ഹിന്ദുരാഷ്ട്രം എന്ന തങ്ങളുടെ ആശയം പകര്‍ത്തിയത് സവര്‍ക്കറുടെ ഈ പ്രബന്ധത്തില്‍ നിന്നുമായിരുന്നു. അതിന് കൃത്യം പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം മുഹമ്മദലി ജിന്ന ഹിന്ദു മഹാസഭയുടെ ഈ ആശയം ഏറ്റെടുത്തു. അതേ സമയം, ആള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി അവസാന നിമിഷം വരെ ദ്വിരാഷ്ട്ര വാദത്തിന് എതിരായിരുന്നു. ഹിന്ദുക്കളും മുസ്‌ലിംകളും ഇന്ത്യയെന്ന ശരീരത്തിലെ രണ്ട് കണ്ണുകളാണ്. ഒരു കണ്ണിന് എങ്ങിനെ മറ്റൊരു കണ്ണിന്റെ ശത്രുവാകാന്‍ കഴിയും എന്നാണ് ഗാന്ധിജി ചോദിച്ചത്. ഒരു കാര്യം വ്യക്തമാണ്, ഇന്ത്യയുടെ മഹത്തായ സ്വാതന്ത്ര്യസമരത്തെയാണ്, ആ സമരം ഉയര്‍ത്തിയ മഹത്തായ ആശയങ്ങളെയാണ് മോദിയും അമിത്ഷായും കൂടി ഈ ഒറ്റ ബില്ലിലൂടെ റദ്ദ് ചെയ്ത് കളഞ്ഞത്.
രണ്ടാം രാഷ്ട്ര വിഭജനത്തിനെ തടുക്കാന്‍, രണ്ടാം സ്വാതന്ത്ര്യ സമരം തന്നെ നമുക്ക് വേണം. ഏതെങ്കിലും മത വിഭാഗത്തിന് വേണ്ടി ആ വിഭാഗം നടത്തുന്ന സമരമല്ല, മറിച്ച് എല്ലാ ഇന്ത്യാക്കാര്‍ക്കും വേണ്ടി നമ്മള്‍ ഇന്ത്യാക്കാര്‍ നടത്തുന്ന സമരമാണിത്. ഇതില്‍ നമ്മള്‍ക്ക് വിജയിച്ചേ മതിയാകൂ. നമ്മള്‍ വിജയിച്ചാലേ ഇന്ത്യ അതിജീവിക്കൂ.നമ്മുടെ രാഷ്ട്രത്തിന്റ അതിജീവനത്തിനായി നമുക്കൊരുമിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."