മൃതദേഹം പുറത്തെടുക്കുന്നത് കാണാന്‍ തടിച്ചുകൂടിയത് വന്‍ജനാവലി
കുറ്റ്യാടി: മൊകേരിയിലെ വട്ടക്കണ്ടി മീത്തല്‍ ശ്രീധരന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നവാര്ത്ത പരന്നതോടെ രാവിലെ മുതല്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് സംഭവം നടന്ന വീട്ടില്‍ തടിച്ചു കൂടിയത്.
പൊലിസും മറ്റ് ഉദ്യോഗസ്ഥരും എത്തുന്നതിന് മുന്‍പ് തന്നെ ആളുകള്‍ പറമ്പിലും വീടിന്റെ ടെറസിലും സ്ഥാനം പിടിച്ചിരുന്നു. നാട്ടില്‍ പൊതുവെ ശാന്തശീലനും ആളുകളോട് മാന്യമായി പെരുമാറുകയും ചെയ്തുപോന്നിരുന്ന ശ്രീധരന്റെ ദാരുണമായ മരണം നാട്ടുകാരെ ഞെട്ടിച്ചിരുന്നു.
കൂലിപ്പണിക്കാരനായ ശ്രീധരന് ആര് ഏത് ജോലി ഏല്‍പ്പിച്ചാലും ഭംഗിയായി ചെയ്ത് തീര്‍ക്കുന്ന സ്വഭാവക്കാരനായിരുന്നു. ദിവസേന ജോലിക്ക് പോകുന്ന ശ്രീധരന് ഹൃദയാഘാതത്താല്‍ മരിച്ചുവെന്ന് വിശ്വസിക്കാനും നാട്ടുകാര്‍ക്ക് കഴിഞ്ഞിരുന്നല്ല. മൃതദേഹം അടക്കം ചെയ്യുന്നതിന് മുന്‍പ് കുളിപ്പിക്കുന്ന സമയത്ത് തന്നെ കഴുത്തിലും കാലിലും കണ്ട പാട് നാട്ടുകാരില്‍ സംശയം ജനിപ്പിച്ചിരുന്നു.
മരണം സ്ഥിരീകരിച്ച ഡോക്ടര്‍ പ്രകടിപ്പിച്ചതായി പറയുന്ന സംശയവുംആശുപത്രിയില് കൊണ്ട് പോകണമെന്ന നിര്‍ദേശവും വീട്ടുകാര്‍ മറച്ചു വയ്ക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ വീട്ടില്‍ സ്ഥിരം സന്ദര്‍ശകനായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ ശ്രീധരന്റെ മരണശേഷം കാണാതായതും നാട്ടുകരുടെ സംശയം വര്‍ധിപ്പിച്ചു.
തുടര്‍ന്നാണ് അവര്‍ പൊലിസില്‍ പരാതി നല്കിയതും മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചതും. വലിയ ആകാംഷയോടെയാണ് നാട്ടുകാര്‍ നടപടിക്രമങ്ങള്‍ വീക്ഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."