ഗെയില്‍ വാതക പൈപ്പ് ലൈന്‍; തണ്ണീര്‍ത്തടം നികത്തുന്നത് തടഞ്ഞു
നടുവണ്ണൂര്‍: കോട്ടൂര്‍ വില്ലേജിലെ ജനവാസ കേന്ദ്രങ്ങളിലൂടെ ഗെയില്‍ വാതക പൈപ്പ് സ്ഥാപിക്കുന്നതിനു വേണ്ടി വയല്‍ മണ്ണിട്ട് നികത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു.
കോട്ടൂര്‍ വിഷ്ണു ക്ഷേത്രത്തിനു സമീപമുള്ള അമ്പതു സെന്റ് വയലിലാണ് ഇന്നലെ രാവിലെ മണ്ണു കൊണ്ടിട്ട് നികത്താന്‍ തുടങ്ങിയത് .മൂന്നു ലോഡ് മണ്ണ് ഇവിടെ എത്തിച്ചു വയലില്‍ തള്ളി. തുടര്‍ന്നു നാട്ടുകാര്‍ സംഘടിച്ചെത്തി വണ്ടി തടയുകയായിരുന്നു.
വില്ലേജ് ഓഫിസറെ നാട്ടുകാര്‍ വിളിച്ചെങ്കിലും വയല്‍ നികത്തുന്നതിനെ കുറിച്ചു അറിയില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറുകയായിരുന്നു. പിന്നീട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ വിവരമറിയിച്ചപ്പോള്‍ കഴിഞ്ഞ ഭരണ സമിതി ഭൂമിയുടെ തരം മാറ്റാന്‍ അനുമതി നല്കിയതായി അറിയിച്ചു.1200 ലോഡ് മണ്ണ് ഇറക്കാനാണ് കരാര്‍ നല്‍കിയതെന്നു ലോറി തൊഴിലാളികള്‍ പറഞ്ഞു.
ഗെയ്ല്‍ പൈപ്പ് ലൈനിന്റെ വാല്‍വ് സ്റ്റേഷന്‍ സ്ഥാപിക്കാനാണ് വയല്‍ നികത്തുന്നത്. ക്ഷേത്രത്തിനോടു ചേര്‍ന്നുള്ള ജനവാസ കേന്ദ്രമായ ഇവിടെയാണ് ഏറ്റവും അപകടകരമായ വാല്‍വ് സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള നീക്കം.
ജലനിധി പദ്ധതിയുടെ കിണര്‍ ഇതിനോട് ചേര്‍ന്നാണ് ഉള്ളത്.കഴിഞ്ഞ വരള്‍ച്ച സമയം കോട്ടൂര്‍ പ്രദേശത്തെ കിണറുകള്‍ വറ്റാതെ കാത്തു സൂക്ഷിച്ചത് ഈ തണ്ണീര്‍ത്തടങ്ങളാണ്. കോട്ടൂര്‍ നത്താറത്തു താഴെ മുതല്‍ ചാലിക്കര വരെ വയലിലൂടെയാണ് ഗെയ്ല്‍ പദ്ധതി കടന്നു പോകുന്നതിനായി അക്വയര്‍ ചെയ്തത്. ഇതു തണ്ണീര്‍ത്തടങ്ങളെ ഇല്ലാതാക്കും.
കഴിഞ്ഞ ദിവസംആധാരം, കൈവശ സര്‍ട്ടിഫിക്കറ്റ്, നികുതി ചീട്ട് എന്നിവയുമായി വില്ലേജ് ഓഫിസില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടു നോട്ടിസ് അയച്ചിരുന്നു.
ഇതു പരിശോധിക്കാന്‍ ഗെയ്ല്‍ അധികൃതര്‍ എത്തിയെങ്കിലും രേഖകള്‍ ഹാജരാക്കാതെ നാട്ടുകാര്‍ ശക്തമായി പ്രതിഷേധിച്ചതിനെ തുടര്‍ന്നു അധികൃതര്‍ മടങ്ങിപ്പോകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."