ഇന്ത്യന്‍ ഭരണഘടനയുടെ നട്ടെല്ലൊടിക്കുന്ന നിയമം, ഇതിനെതിരെ ശക്തമായി നിലകൊള്ളുക- ആഹ്വാനവുമായി അരുന്ധതി റോയ്
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിലും എന്‍.ആര്‍.സിയിലും കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നൊബേല്‍ പുരസ്‌കാര ജേതാവ് അരുന്ധതി റോയ്. ഭരണഘടനയുടെ നട്ടെല്ല് തകര്‍ക്കാനുള്ള ശ്രമമാണു സര്‍ക്കാര്‍ നടത്തുന്നതെന്ന് അരുന്ധതി റോയ് ആരോപിച്ചു. നമ്മുടെ കാലടിയിലെ മണ്ണ് ഇളക്കുകയാണ് സര്‍ക്കാറെന്നും അവര്‍ കുറ്റപ്പെടുത്തി.
ഔദ്യോഗികമായി അവര്‍ പുറത്തിറക്കിയ കുറിപ്പിലാണ് അവര്‍ നിലപാട് വ്യക്തമാക്കിയത്.
'മൂന്നുവര്‍ഷം മുന്‍പ്, നമ്മുടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തകര്‍ത്ത നോട്ടു നിരോധനം നമുക്ക് മേല്‍ അടിച്ചേല്‍പിച്ചപ്പോള്‍ നാം നിശബ്ദരായി ബാങ്കുകള്‍ക്കു മുന്നില്‍ വരി നിന്നു. ഇപ്പോള്‍ നമ്മുടെ ഭരണഘടനയുടെ നട്ടെല്ല് തകര്‍ക്കുന്ന, നമ്മുടെ കാലടിയിലെ മണ്ണ് ഇളക്കിക്കളയുന്ന ഭേദഗതിയുടെ അകമ്പടിയോടെ എന്‍.ആര്‍സി നടപ്പാക്കുകയാണ്. ഒരിക്കല്‍ കൂടി നാം അനുസരണയോടെ വരിനില്‍ക്കാനാണോ ഉദ്ദേശിക്കുന്നത്. 1935ല്‍ നാസി ഭരണകാലത്തു നടപ്പാക്കിയ ന്യൂറംബര്‍ഗ് നിയമങ്ങളുടെ ഫലത്തെ ഓര്‍മിപ്പിക്കും വിധത്തില്‍.
അങ്ങനെ നമ്മള്‍ ചെയ്യുകയാണെങ്കില്‍, ഇന്ത്യയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാകും. സ്വാതന്ത്ര്യാനന്തരം നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്', അവര്‍ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പ്രതിഷേധം നടക്കുകയാണ്. വിദ്യാര്‍ഥികളും രാഷ്ട്രീയപ്പാര്‍ട്ടികളും അടക്കുന്ന ജനത കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തെരുവില്‍ പ്രതിഷേധിക്കുകയാണ്. വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ നിയമത്തിനെതിരെ ഇതിനകം രംഗത്തെത്തിക്കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."