മാസങ്ങളായി വേതനമില്ല; സാക്ഷരതാ പ്രേരക്മാര്‍ പ്രക്ഷോഭത്തിലേക്ക്
കോഴിക്കോട്: മാസങ്ങളായി സാക്ഷരതാ പ്രേരക്മാര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. അടിമപ്പണിക്കു തുല്യമായ ജോലിഭാരവും ഇവരെ വലയ്ക്കുന്നു. പ്രഖ്യാപിത വേതനം പോലും നല്‍കാതെ അമിത ജോലി അടിച്ചേല്‍പ്പിക്കുന്ന സാക്ഷരതാമിഷന്റെ നടപടിയില്‍ പ്രതിഷേധിച്ച് സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ദേശീയ സാക്ഷരതാ പ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വടക്കെവിള ശശി പറഞ്ഞു. സംസ്ഥാനത്തു 2000 ത്തോളം സാക്ഷരതാ പ്രേരക്മാരാണുള്ളത്. ഭൂരിഭാഗവും സ്ത്രീകളാണ്. വര്‍ഷങ്ങളായുള്ള മുറവിളിക്കൊടുവില്‍ 2017 ജനുവരി മുതല്‍ വേതനം വര്‍ധിപ്പിച്ചു. തുടര്‍ന്ന് ആദ്യത്തെ മൂന്നുമാസം പഞ്ചായത്തുകള്‍ ശമ്പളം നല്‍കി. 2017 ഏപ്രില്‍ മുതല്‍ പ്രേരക്മാരുടെ അക്കൗണ്ടിലേക്ക് സാക്ഷതാമിഷന്‍ നേരിട്ടു വേതനം നല്‍കുന്ന സംവിധാനവും നടപ്പാക്കി. അന്നു മുതലാണ് മാസങ്ങളോളം വേതനം വൈകല്‍ പതിവായത്.
ഓണറേറിയം വ്യവസ്ഥയില്‍ ജോലി ചെയ്തിരുന്ന പ്രേരക്മാര്‍ ദിവസവേതന വ്യവസ്ഥയ്ക്ക് കീഴിലാക്കിയതോടെ പൊതു അവധി ദിനങ്ങളില്‍ വേതനം ലഭിക്കാറില്ലായിരുന്നു. അടിസ്ഥാന സാക്ഷരത നാല്, ഏഴ്, 10, പ്ലസ് വണ്‍ തുല്യതാ കോഴ്‌സുകളില്‍ 101 പഠിതാക്കളെയെങ്കിലും ചേര്‍ക്കണമെന്ന ഉത്തരവും അടിച്ചേല്‍പ്പിച്ചു. ടാര്‍ജറ്റ് തികയ്ക്കാത്തതിന്റെ പേരിലും വേതനം വെട്ടിക്കുറച്ചു. പ്രഖ്യാപിച്ചതിന്റെ പകുതിയിലും താഴെയായി പ്രതിഫലം.
13 വര്‍ഷമായി കേരളത്തില്‍ പത്താം തരം തുല്യതാ കോഴ്‌സ് നടന്നു വരുന്നുണ്ട്. ഇതോടൊപ്പം പരിസ്ഥിതി സാക്ഷരത, ആദിവാസി സാക്ഷരത ഇതര പദ്ധതികളായ സമഗ്ര, നവചേതന, അക്ഷരസാഗരം, അക്ഷരലക്ഷം, എന്നീ പദ്ധതികളുടെ ചുമതലയും പ്രേരക്മാര്‍ക്കാണ്. വേതന കാര്യത്തില്‍ ഈ പ്രവര്‍ത്തനങ്ങളൊന്നും പരിഗണിക്കുന്നില്ല.
തുടര്‍വിദ്യാകേന്ദ്രങ്ങളില്‍ നടക്കുന്ന പരിപാടികള്‍ക്ക് ബാനര്‍, ഫോട്ടോ, റിപ്പോര്‍ട്ട് എന്നിവയ്ക്ക് പ്രേരക്മാരാണ് പണം ചെലവാക്കേണ്ടത്. അക്ഷരലക്ഷം, പരിസ്ഥിതി സാക്ഷരത എന്നീ പദ്ധതികള്‍ക്ക് സര്‍വേ, ഓണ്‍ലൈന്‍ ചെയ്യല്‍, ഡോക്യുമെന്റേഷന്‍ എന്നിവയ്ക്കായി പതിനായിരത്തിലേറെ രൂപയാണ് പ്രേരക്മാര്‍ക്ക് ഇതുവരെ ചെലവായിട്ടുള്ളത്. സാക്ഷരതാ മിഷനോ, പഞ്ചായത്തോ ഈ തുകയൊന്നും നല്‍കിയിട്ടില്ല.
പുനര്‍വിന്യാസത്തിന്റെ പേരില്‍ മറ്റു പഞ്ചായത്തുകളില്‍ പോയി സേവനമനുഷ്ഠിക്കുന്നവര്‍ക്ക് യാത്രാപ്പടിയും നല്‍കുന്നില്ല. ദേശീയ സാക്ഷരതാ പ്രവര്‍ത്തക യൂനിയനുമായി നടത്തിയ ചര്‍ച്ചയില്‍ എല്ലാ മാസവും അഞ്ചാം തിയതിക്കു മുന്‍പ് വേതനം നല്‍കുമെന്ന ഡയരക്ടറുടെ ഉറപ്പും പാഴ്‌വാക്കായിരിക്കുകയാണ്. ഈ പശ്ചത്താലത്തിലാണ് പ്രത്യക്ഷ സമരപരിപാടികളിലേക്ക് പോകാന്‍ പ്രേരക്മാര്‍ നിര്‍ബന്ധിതരാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."