റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പേരില്‍ തുലയ്ക്കുന്നത് കോടികള്‍; 50 വേണ്ട, 10 കോടി മതി; പാറപ്രത്ത് വെള്ളമെത്തിക്കാം
തലശ്ശേരി: മുഖ്യമന്ത്രിയുടെ ധര്‍മടം മണ്ഡലത്തില്‍പെടുന്ന പിണറായി പാറപ്രത്ത് റഗുലേറ്റര്‍ കം ബ്രിഡ്ജ് പണിയുന്നതിന് ചെലവഴിക്കുന്ന അന്‍പതുകോടി പാഴാകുമെന്ന് ആശങ്ക. പകരം പത്ത് കോടി ചെലവഴിച്ചാല്‍ പഴശ്ശി കനാല്‍ വഴി പാറപ്രം വരെയുള്ള ഭാഗങ്ങളില്‍ ശുദ്ധജലവും ജലസേചനത്തിനുള്ള വെള്ളമെത്തിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഉപ്പുവെള്ളം കയറി പാറപ്രത്ത് നിരവധി ഏക്കര്‍ ഭൂമി ഉപയോഗശൂന്യമാവുകയും കൃഷി പാടെ നശിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ അഞ്ചരക്കണ്ടി പുഴയില്‍ പാറപ്രത്ത് റഗുലേറ്റര്‍ കം ബ്രിഡ്ജ് പണിത് പ്രശ്‌നപരിഹാരം ഉണ്ടാക്കുന്നതിനാണ് അന്‍പതുകോടിയുടെ പദ്ധതി തയാറാക്കിയത്. പിണറായി പാറപ്രത്ത് റഗുലേറ്റര്‍ കം ബ്രിഡ്ജ് പണിയുകയെന്ന ആവശ്യം ആദ്യമുന്നയിക്കപ്പെട്ടത് 1957ലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ മുന്നിലായിരുന്നു.
പാറപ്രത്തെ വയലുകളില്‍ ഉപ്പുവെള്ളം കയറുകയും കൃഷി പ്രതിസന്ധിയിലാവുകയും ചെയ്തതോടെയാണ് പദ്ധതി പൊതുആവശ്യമായി രൂപപ്പെട്ടത്.
കമ്യൂണിസ്റ്റ് നേതാവ് എന്‍.ഇ ബാലറാം കേരളത്തിലെ വ്യവസായ മന്ത്രി ആയിരുന്ന ഘട്ടത്തിലാണ് പാറപ്രത്ത് റഗുലേറ്റര്‍ കം ബ്രിഡ്ജ് എന്ന ആശയത്തിന് വീണ്ടും മുളപൊട്ടിയത്. റഗുലേറ്റര്‍ കം ബ്രിഡ്ജ് പണിയുകയാണെങ്കില്‍ അഞ്ചരക്കണ്ടി പുഴയില്‍ പാറപ്രം ഭാഗത്ത് ഉയരുന്ന വെള്ളത്തിന്റെ തോത് അനുസരിച്ച് അനുബന്ധ പ്രദേശങ്ങളിലെ കിണറുകളിലും ഉപ്പുവെള്ളത്തിന്റെ സ്വാധീനം കൂടിയേക്കാം. എന്നാല്‍ പ്രദേശത്ത് വേനല്‍ക്കാലമാവുന്നതോടെ അനുഭവപ്പെടുന്ന കടുത്ത ശുദ്ധജലക്ഷാമവും കൃഷിക്കാവശ്യമായ വെള്ളവും ചെലവ് കുറഞ്ഞ രീതിയില്‍ ലഭിക്കുന്നതിന് പഴശ്ശി പ്രൊജക്ടിന്റെ ഭാഗമായി നിര്‍മിച്ച കനാല്‍വഴി ഈ രണ്ടു കാര്യങ്ങളും ഉദ്ദേശ്യം പത്തുകോടിയില്‍പരം രൂപ ചെലവഴിച്ചാല്‍ പരിഹരിക്കാവുന്നതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. പഴശ്ശിയില്‍ നിന്ന് പാറപ്രം വരെയുള്ള നാല്‍പത് കിലോമീറ്ററോളം ദൈര്‍ഘ്യത്തിലുള്ള പഴശ്ശി കനാല്‍ ജലനിരപ്പില്‍ തന്നെയാണ് കുഴിച്ചിട്ടുമുള്ളത്.
പഴശ്ശിയില്‍ നിലവിലുള്ള ജലശേഖരം ഒരുമീറ്റര്‍ വീതിയുള്ള നിലവിലെ കനാലില്‍ രണ്ട് ഇരുമ്പ് പൈപ്പുകള്‍ സ്ഥാപിച്ച് ജലം ഒഴുക്കുകയാണെങ്കില്‍ മറ്റ് അനുബന്ധ പ്രദേശങ്ങളിലും കുടിക്കാനും ജലസേചനത്തിനും ആവശ്യമായ വെള്ളം നല്‍കാനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."