സംഘര്‍ഷം നേരിടാന്‍ മഹാരാജാസ് കോളജിലെത്തിയ പൊലിസിനു നേരെ കല്ലേറ്
കൊച്ചി: മഹാരാജാസ് കൊളജില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷം നേരിടാനെത്തിയ പൊലിസിനു നേരെ കല്ലേറ്. കല്ലേറില്‍ അസിസ്റ്റന്റ് പൊലിസ് കമ്മിഷണറുള്‍പ്പെടെ എട്ടു പൊലിസുകാര്‍ക്കു പരുക്കേറ്റു. ഇന്നലെ ഉച്ചക്ക് രണ്ടേ മുക്കാലോടെ തുടങ്ങിയ സംഘര്‍ഷം ഒരു മണിക്കൂറോളം നീണ്ടു. സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്കും പരുക്കുണ്ട്.
എറണാകുളം എ.സി.പി കെ ലാല്‍ജി, സെന്‍ട്രല്‍ സി.ഐ അനന്തലാല്‍, എസ്.ഐ ജോസഫ് സാജന്‍, പ്രൊബേഷന്‍ എസ്.ഐ ജോബി, പൊലിസുകാരായ ഷമീര്‍, അനില്‍, ശ്യാംരാജ്, ശ്യാംകുമാര്‍ എന്നിവര്‍ക്കാണു പരുക്കേറ്റത്.
കോളജ് വളപ്പില്‍ എസ്.എഫ്.ഐയുടെ യൂനിയന്‍ ഓഫിസിന് സമീപമുള്ള റോയല്‍ കോര്‍ണറിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് പൊലിസ് കോളജിലെത്തിയത്. മദ്യപിചെത്തിയ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ റാഗ് ചെയ്യാന്‍ ശ്രമിച്ചത് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തടഞ്ഞത് വാക്കേറ്റത്തിലും ഏറ്റുമുട്ടലിലും കലാശിച്ചു.
സംഘര്‍ഷം നടക്കുന്നതറിഞ്ഞു കോളജിന്റെ പ്രധാന ഗേറ്റിന് മുന്നില്‍ നില്‍ക്കുകയായിരുന്ന പൊലിസ് സംഘം ക്യാംപസിനകത്തു പ്രവേശിച്ചു. വിദ്യാര്‍ഥികളെ പൊലിസ് പിടിച്ചുമാറ്റുന്നതിനിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ ചിലര്‍ പൊലിസിനെ തല്ലി. തിരിച്ചു പുറത്തിറങ്ങിയ പൊലിസ് കൂടുതല്‍ സന്നാഹങ്ങളുമായി അകത്തു കടന്നു. ഇതോടെ ഇവര്‍ പൊലിസിനു നേരെ കല്ലെറിയുകയായിരുന്നു.
ഇഷ്ടികയും പാറകഷ്ണങ്ങളും ഉപയോഗിച്ചുള്ള ശക്തമായ ഏറിനെ തുടര്‍ന്നു പൊലിസ് ലാത്തി വീശി. ഇതോടെ കോളജ് വളപ്പിനകത്തുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ പല ഭാഗങ്ങളിലായി ചിതറിയോടി. കെ.എ.പി, എ.ആര്‍ ക്യാംപ് എന്നിവിടങ്ങളില്‍ നിന്നു കൂടുതല്‍ പൊലിസ് എത്തിയ ശേഷമാണു സ്ഥിതി ശാന്തമായത്. കോളജ് പരിസരത്തു നിന്ന് ചില വിദ്യാര്‍ഥികളെ പൊലിസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇവര്‍ക്ക് കോളജ് വളപ്പിലുണ്ടായ സംഭവങ്ങളുമായി ബന്ധമുണ്ടോയെന്നു പരിശോധിക്കുമെന്ന് പൊലിസ് അറിയിച്ചു.
കല്ലേറില്‍ ഇടതു കാലിനു പരുക്കേറ്റ എ.സി.പി ലാല്‍ജിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.ഐ അനന്തലാലിന്റെ കാലിനു പൊട്ടലുണ്ട്്. അദ്ദേഹം കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികില്‍ തേടി. എസ്.ഐ സാജന്‍ ജോസഫിന് വയറിലാണ് പരുക്ക്. മറ്റു പൊലിസുകാരെ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. റേഞ്ച് ഐ.ജി പി വിജയന്‍, സിറ്റി പൊലിസ് കമ്മിഷണര്‍ എം.പി ദിനേശ്, ഡി.സി.പി കറുപ്പസ്വാമി തുടങ്ങിയവര്‍ പരുക്കേറ്റ പൊലിസുകാരെ സന്ദര്‍ശിച്ചു. പൊലിസ് നടപടിയില്‍ വിദ്യാര്‍ഥികള്‍ക്കു പരുക്കുണ്ടെങ്കിലും വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. വിദ്യാര്‍ഥിനിയെ റാഗ് ചെയ്യുന്നതിനിടെയാണു സംഘര്‍ഷമുണ്ടായതെന്ന കാര്യം പൊലിസ് സ്ഥിരീകരിച്ചിട്ടില്ല.
മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് നടത്തിയ സംഘര്‍ഷം ക്യാംപസിനെ കലാപഭൂമിയാക്കിയെന്ന് കെ.എസ്.യു ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."