എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന് തുടക്കം
കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. കോഴിക്കോട് ബീച്ചിലൊരുക്കിയ വേദിയില്‍ പതാക ഉയര്‍ത്തിയതോടെയാണ് സംസ്ഥാന സമ്മേളനത്തിന് തുടക്കമായത്. 'ഗതകാലങ്ങളുടെ പുനര്‍വായന; പോരാട്ടമാണ് 'എന്ന പ്രമേയമാണ് സമ്മേളനം ഉയര്‍ത്തിപ്പിടിക്കുന്നത്. ഇന്നും നാളെയും പ്രതിനിധി സമ്മേളനവും നാളെ വൈകീട്ട് സമാപന സമ്മേളനവും നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രതിനിധി സമ്മേളനത്തില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത 6000 പേര് പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ക്യാംപ് ഡയരക്ടര്‍ ഡോ. എം.കെ മുനീര്‍ പറഞ്ഞു.
ഇന്ന് രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ശശി തരൂര്‍ എം.പി, ഹര്‍ഷ് മന്ദര്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എന്‍.കെ പ്രേമചന്ദ്രന് എം.പി, എം.പി അബ്ദുസമ്മദ് സമദാനി, റാഷിദ് ഗസ്സാലി, കശ്മിര് വിഷയത്തില്‍ രാജിവച്ച ഐ.എ.എസ് ഉദ്യോഗസ്ഥന് വി. കണ്ണന് ഗോപിനാഥന്, വാട്ടര്‍മാന്‍ ഓഫ് ഇന്ത്യ ഡോ. രാജേന്ദ്ര സിങ്, അഡ്വ. ഹാരിസ് ബീരാന്, സന്തോഷ് ജോര്‍ജ് കുളങ്ങര, സാഹസിക യാത്രികന് ബാബ് സാഗര്‍, മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മുനീര്‍, ടി.ടി ശ്രീകുമാര്‍, സുപ്രിംകോടതി അഭിഭാഷക ദീപിക സിങ് രജാവത് തുടങ്ങിയവര്‍ പങ്കെടുക്കും.
നാളെ നടക്കുന്ന സമാപന സമ്മേളനം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് തുടങ്ങിയവര്‍ പങ്കെടുക്കും. സമാപന സമ്മേളനത്തോടനുബന്ധിച്ച് 'ദേശ് ഹമാര' എന്ന പേരില്‍ വിദ്യാര്‍ഥി റാലിയും നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ്, യൂസഫ് വല്ലാംചിറ, ശരീഫ് വടക്കയില്‍, ഹാശിം, കെ.കെ അസീസ്, സല്മാന് ഹനീഫ്, എ.പി സമദ് തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."