യാത്രക്കാരെ ദുരിതത്തിലാഴ്ത്തി മാള ടൗണ്‍ റോഡില്‍ വന്‍ കുഴികള്‍
മാള: മാള ടൗണിലൂടെ കടന്നു പോകുന്ന യാത്രക്കാരെയെല്ലാം ദുരിതത്തിലാക്കി ടൗണിലെ റോഡില്‍ വന്‍ കുഴികള്‍. മാള പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും തപാല്‍ ഓഫിസ് റോഡിലൂടെ കൊടകര മാള കൊടുങ്ങല്ലൂര്‍ റോഡിലേക്ക് കയറുന്ന ഭാഗത്താണ് ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്. കാലമേറെയായി ടൗണിന്റെ ഹൃദയഭാഗമായ ഇവിടെ റോഡ് തകര്‍ന്നു തുടങ്ങിയിട്ട്.
റോഡിന്റെ ഏതാണ്ട് മുഴുവനായും കുഴിയായ അവസ്ഥയിലാണ്. ഒരടിയിലേറെ ആഴമുള്ള ഗര്‍ത്തങ്ങളായി മാറിയിരിക്കയാണ് കുഴികള്‍. ചെറുവാഹനങ്ങളുടെ അടിഭാഗം റോഡിലുരസുന്ന അവസ്ഥയില്‍ വരെയെത്തിയിരിക്കയാണ്. നാല് മീറ്റര്‍ ചുറ്റളവിനുള്ളില്‍ നിരവധി കുഴികളാണുള്ളത്. എല്ലാം ഗര്‍ത്തങ്ങളായി മാറിയിരിക്കയാണ്. ഇതുമൂലം മിക്കവാറും സമയങ്ങളില്‍ ഗതാഗതക്കുരുക്ക് രൂപപ്പെടാറുണ്ട്.
മാളയില്‍ നിന്നും കുഴൂര്‍, അന്നമനട തുടങ്ങിയ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും കൊടുങ്ങല്ലൂര്‍, തൃശൂര്‍, ഇരിങ്ങാലക്കുട, പുത്തന്‍ചിറ തുടങ്ങിയ ഇടങ്ങളിലേക്കും തിരികെയും നൂറുകണക്കിന് വാഹനങ്ങള്‍ നിത്യേന കടന്നു പോകുന്ന റോഡാണിത്. നൂറുകണക്കിന് സ്‌കൂള്‍ വാഹനങ്ങളടക്കവും ഇതിലൂടെയാണ് പോകുന്നത്.
റോഡിന്റെ ശോച്യാവസ്ഥ മൂലം നിരവധി വാഹനങ്ങളിവിടെ അപകടത്തില്‍ പെടുകയും കേടുപാടുകള്‍ സംഭവിക്കുകയുമുണ്ടായിട്ടുണ്ട്. ടാറിങ് പൂര്‍ണമായും പോയതിനാല്‍ സമീപത്തെ വ്യാപാരവാണിജ്യ കേന്ദ്രങ്ങളിലേക്കും ഇരുചക്ര വാഹന യാത്രികര്‍ക്കും കാല്‍നട യാത്രികര്‍ക്കും വരെ ശക്തമായ പൊടി ശല്ല്യവുമുണ്ട്. ബന്ധപ്പെട്ട അധികാരികള്‍ കണ്ണു തുറന്ന് കണ്ട് ഈ അവസ്ഥക്ക് പരിഹാരം കാണണമെന്നാണ് ശക്തമായി ഉയരുന്ന ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."