ആര്‍.എസ്.എസിന് ശബരിമലയിലേക്ക് കടന്നുചെല്ലാന്‍ സര്‍ക്കാര്‍ അവസരമൊരുക്കി: കെ.പി.എ മജീദ്
ചാവക്കാട്: ശബരിമല വിഷയത്തില്‍ ബി.ജെ.പിക്ക് വളരാനും ആര്‍.എസ്.എസിന് ശബരിമലയിലേക്ക് കടന്നുചെല്ലാനും സര്‍ക്കാര്‍ അവരസരമൊരുക്കിയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്.
പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന യുവജന മാര്‍ച്ചിന്റെ തൃശൂര്‍ ജില്ലയിലെ ആരംഭം അണ്ടത്തോട് തങ്ങള്‍പ്പടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുപ്രിം കോടതി വിധിയുടെ മറവില്‍ സംസ്ഥാന സര്‍ക്കാര്‍ അടവ് നയം നടപ്പാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ശബരിമല അയ്യപ്പഭക്തരുടെ വക്താക്കളാകാനും ബി.ജെ.പിക്ക് സാഹചര്യമുണ്ടാക്കി. ശബരിമല വിഷയത്തില്‍ സുപ്രിം കോടതി വിധി നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ പിറവം വിഷയത്തില്‍ സുപ്രിം കോടതി വിധിവന്നപ്പോള്‍ അത് നടപ്പിലാക്കാന്‍ സാവകാശം ചോദിക്കുന്നു. പ്രളയദുരന്തം വിശദീകരിച്ച ശബരിമല വിധി നടപ്പിലാക്കാന്‍ സമയം ചോദിക്കാതിരുന്നത് എന്തൊകൊണ്ടാണെന്നും മജീദ് ചോദിച്ചു.
രാജ്യതാല്‍പ്പര്യത്തിനെതിരേ ഉയരുന്ന വെല്ലുവിളികളോട് മൗനം പാലിക്കുന്ന മോദിയുടെ സമീപനങ്ങളോടുള്ള പ്രതികരണങ്ങളാണ് വടക്കേ ഇന്ത്യയില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ടുകളെന്നും മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു.
ആര്‍.വി. അബ്ദുല്‍ റഹീം അധ്യക്ഷനായി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ്, ജില്ലാ ലീഗ് പ്രസിഡന്റ് സി.എ റഷീദ്, ഡി.സി.സി സെക്രട്ടറി എ.എം അലാവുദ്ദീന്‍, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് വി.എം. മനാഫ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."