എസ്.കെ.എസ്.ബി.വി സില്‍വര്‍ ജൂബിലി സമ്മേളനത്തിന് അന്തിമരൂപമായി
ചേളാരി: 'നന്മ കൊണ്ട് നാടൊരുക്കാം വിദ്യകൊണ്ട് കൂടുതീര്‍ക്കാം' പ്രമേയത്തില്‍ നടക്കുന്ന എസ്.കെ.എസ്.ബി.വി സില്‍വര്‍ ജൂബിലി സമാപന സമ്മേളനത്തിന് അന്തിമരൂപമായി. 24, 25, 26 തിയതികളില്‍ മലപ്പുറം ബൈത്തുല്‍ ഹിക്മയില്‍ നടക്കുന്ന പരിപാടിക്കു മുന്നോടിയായി 22ന് 25 കേന്ദ്രങ്ങളില്‍നിന്ന് മഖ്ബറ സിയാറത്തോടെ നഗരിയില്‍ ഉയര്‍ത്താനുള്ള പതാകപ്രയാണം ആരംഭിക്കും. 23നു വൈകിട്ട് മൂന്നിന് പാണക്കാട്ട് മഖ്ബറ സിയാറത്തിനുശേഷം പതാകപ്രയാണം സമ്മേളന നഗരിയിലെത്തും. സിയാറത്തിന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. നഗരിയില്‍ ഉയര്‍ത്താനുള്ള 25 പതാകകള്‍ പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ ഏറ്റുവാങ്ങും.
24നു വൈകിട്ട് നാലിന് പെഡസ്ട്രിയല്‍ മാര്‍ച്ച് മച്ചിങ്ങല്‍ എം.എസ്.എം ഓഡിറ്റോറിയം പരിസരത്തുനിന്ന് ആരംഭിച്ചു സമ്മേളന നഗരിയില്‍ സമാപിക്കും. തുടര്‍ന്ന് 25-ാം വാര്‍ഷികത്തിനു തുടക്കംകുറിച്ച് സംഘടനാ ശില്‍പികളും പ്രമുഖ നേതാക്കളും നഗരിയില്‍ 25 പതാകകള്‍ ഉയര്‍ത്തും. വൈകിട്ട് 6.30ന് മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമം എം.എ ചേളാരി ഉദ്ഘാടനം ചെയ്യും. പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍ അധ്യക്ഷനാകും.
25നു രാവിലെ എട്ടിന് സന്നദ്ധ സേവനത്തിനായി തിരഞ്ഞെടുക്കപ്പെട്ട 600ഓളം ഖിദ്മ വളന്റിയര്‍മാര്‍ക്കുള്ള പരിശീലന ക്യാംപ് നടക്കും. സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അസീല്‍ അലി തങ്ങള്‍ അധ്യക്ഷനാകും. വൈകിട്ട് നാലിന് ഖിദ്മ ഗ്രാന്‍ഡ് അസംബ്ലിയെ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, മുഈനലി ശിഹാബ് തങ്ങള്‍, അസീല്‍ അലി ശിഹാബ് തങ്ങള്‍ അഭിവാദ്യം ചെയ്യും. വൈകിട്ട് ഏഴിനു നടക്കുന്ന ജ്ഞാനതീരം ടാലന്റ് മീറ്റിന് ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍ നേതൃത്വം നല്‍കും. ലീഡേഴ്‌സ് പാര്‍ലമെന്റ് സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ അധ്യക്ഷനാകും. ഉച്ചയ്ക്കു രണ്ടിനു നടക്കുന്ന ഖിദ്മ ട്രെയിനിങ് സെഷന്‍ കോഴിക്കോട് ഖാസി സയ്യിദ് അബ്ദുല്‍ ഹയ്യ് നാസര്‍ ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. ഉച്ചയ്ക്കുശേഷം നടക്കുന്ന ടാലന്റ് വിത്ത് ടാലന്റ് സെഷന്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. എന്‍.എം.എം അബ്ദുല്‍ ഖാദിര്‍ അധ്യക്ഷനാകും.
26നു രാവിലെ ആറിന് നടക്കുന്ന മെഡിറ്റേഷന്‍ സെഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഓണ്‍ലൈന്‍ മുഖേന റെയ്ഞ്ചില്‍നിന്ന് രജിസ്റ്റര്‍ ചെയ്ത നാലായിരം പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം രാവിലെ എട്ടിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷനാകും. ഉച്ചയ്ക്കു രണ്ടിനു നടക്കുന്ന സമാപനസമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനാകും. ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്ത സമ്മേളന പ്രതിനിധികള്‍ 26നു രാവിലെ എട്ടിനു തന്നെ സമ്മേളന നഗരിയില്‍ പ്രവേശിക്കണമെന്ന് കണ്‍വീനര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."