കാലിടറി വമ്പന്മാര്‍
ലണ്ടന്‍: വമ്പന്മാരെ വിറപ്പിച്ച് ചാംപ്യന്‍സ് ലീഗില്‍ കുഞ്ഞന്മാരുടെ പടയോട്ടം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലാണ് വമ്പന്മാരെ വീഴ്ത്തി കുഞ്ഞന്‍ ടീമുകള്‍ തകര്‍ത്താടിയത്. റയല്‍മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, യുവന്റസ്, എ.എസ് റോമ എന്നീ വമ്പന്മാര്‍ പരാജയം രുചിച്ചപ്പോള്‍ ബയേണ്‍ മ്യൂണിക്ക് സമനില വഴങ്ങി.
ചാംപ്യന്‍സ് ലീഗില്‍നിന്ന് പുറത്തായെങ്കിലും മുന്‍നിര ടീമുകളെ വിറപ്പിക്കാനായതിന്റെ സന്തോഷവുമായാണ് കുഞ്ഞന്‍ടീമുകളുടെ മടക്കം. ആദ്യ മത്സരത്തില്‍ ചെക്ക്‌റിപ്പബ്ലിക്കന്‍ ക്ലബായ പ്ലസന്‍ 2-1ന് ഇറ്റാലിയന്‍ കരുത്തരായ റോമയെ കീഴടക്കി. ഗ്രൂപ്പ് ഘട്ടത്തില്‍ പ്ലസന്‍ രണ്ട് മത്സരം ജയിച്ചിട്ടുണ്ടെങ്കിലും മൂന്നാം സ്ഥാനം മാത്രമേ ലഭിച്ചുള്ളു.
മറ്റൊരു മത്സരത്തില്‍ സി.എസ്.കെ.എ മോസ്‌കോ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സ്പാനിഷ് കരുത്തരായ റയല്‍മാഡ്രിഡിനെ മുട്ടുകുത്തിച്ചത്. കളിയില്‍ പൂര്‍ണ ആധിപത്യം നേടിയ സി.എസ്.കെ.എയുടെ വിജയം അര്‍ഹിച്ചത് തന്നെയായിരുന്നു. ഫയ്‌ഡോര്‍ കളോവ് (37), ജോര്‍ജി ഷെമിങ്കോവ് (43), ആര്‍ണര്‍ സിഗോര്‍സണ്‍ (73) എന്നിവരാണ് സി.എസ്.കെ.എക്ക് വേണ്ടി ഗോള്‍ നേടിയത്.
റയല്‍ മാഡ്രിഡും റോമയും തോറ്റിട്ടും പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. ഗ്രൂപ്പ് എച്ചില്‍ ഇറ്റാലിയന്‍ ചാംപ്യന്മാരായ യുവന്റസ് 2-1 സ്വിസ് ക്ലബായ യങ്‌ബോയ്‌സിനോട് പരാജയപ്പെട്ടു. 30 ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ യങ്‌ബോയ്‌സിന്റെ ആദ്യ ഗോള്‍ പിറന്നു. രണ്ടാം പകുതിയുടെ 68 ാം മിനുട്ടില്‍ യങ് ബോയ്‌സ് വീണ്ടും ലീഡ് ഉയര്‍ത്തി.
80 ാംമിനുട്ടില്‍ പൗളോ ഡിബാലയാണ് യുവന്റസിന്റെ ആശ്വാസ ഗോള്‍ നേടിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ വലന്‍സിയ 2-1 ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പരാജയപ്പെടുത്തി.
17 ാം മിനുട്ടില്‍ കാര്‍ലോസ് സോളറും 47 ാം മിനുട്ടില്‍ ഫില്‍ ജോണ്‍സിന്റെ സെല്‍ഫ് ഗോളുമാണ് വലന്‍സിയക്ക് രണ്ട് ഗോളിന്റെ ലീഡ് സമ്മാനിച്ചത്. 87 ാം മിനുട്ടില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡാണ് യുനൈറ്റഡിന്റെ ആശ്വാസ ഗോള്‍ നേടിയത്.
ഗ്രൂപ്പ് എച്ചില്‍ നിന്ന് 12 പോയിന്റുള്ള യുവന്റസും 10 പോയിന്റുള്ള മാഞ്ചസ്റ്ററും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ഇയിലെ മത്സരത്തില്‍ ബെന്‍ഫിക്ക എതിരില്ലാത്ത ഒരുഗോളിന് എ.ഇ.കെയെ പരാജയപ്പെടുത്തി. മറ്റൊരു മത്സരത്തില്‍ ജര്‍മന്‍ ചാംപ്യന്മാരായ ബയേണ്‍ മ്യൂണിക്ക് സമനില കൊണ്ട് രക്ഷപ്പെട്ടു. അയാക്‌സിനെതിരേ ആവേശകരമായ മത്സരത്തില്‍ ആദ്യം ബയേണ്‍ ഗോള്‍നേടി ലീഡെടുത്തെങ്കിലും അവസാനം സമനില വഴങ്ങേണ്ടി വന്നു. അവസാന മിനുട്ടില്‍ ഗോള്‍ തിരിച്ചടിച്ച് അയാക്‌സ് സമനില പിടിച്ച് വാങ്ങുകയായിരുന്നു. ഡൂസന്‍ ടാഡിച്ച് (61, 82), നിക്കോളാസ് ടാഗ്ലിഫികോ (95) എന്നിവര്‍ അയാക്‌സിനായി ഗോള്‍ നേടി.
റോബര്‍ട്ട് ലവന്‍ഡോസ്‌കി (13, 87), കിങ്‌സ്‌ലി കൊമാന്‍ (90) എന്നിവര്‍ ബയേണിനായും ലക്ഷ്യം കണ്ടു. 67 ാം മിനുട്ടില്‍ അയാക്‌സ് താരം മാക്‌സ്മിലിയന്‍ വോബര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.
75 ാം മിനുട്ടില്‍ ബയേണ്‍ താരം തോമസ് മുള്ളര്‍ക്കും ചുവപ്പ് കാര്‍ഡ് കിട്ടി. ഗ്രൂപ്പ് ഇയില്‍ നിന്ന് ബയേണ്‍ മ്യൂണിക്കും അയാക്‌സും പ്രീക്വാര്‍ട്ടര്‍ യോഗ്യത നേടി. ഗ്രൂപ്പ് എഫില്‍ 2-1 ന് മാഞ്ചസ്റ്റര്‍ സിറ്റി ജര്‍മന്‍ ക്ലബായ ഹോഫന്‍ ഹെയിമിനെ പരാജയപ്പെടുത്തി. ജര്‍മന്‍ താരം ലിറോയ് സനെയാണ് സിറ്റിക്ക് വേണ്ടി ഇരട്ടഗോള്‍ കുറിച്ചത്. ഗ്രൂപ്പ് എഫില്‍ ലിയോണ്‍ - ഷാക്തര്‍ പോരാട്ടം 1-1ന് സമനിലയില്‍ കലാശിച്ചു. ഗ്രൂപ്പില്‍നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയും ലിയോണും പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചു. പ്രീക്വാര്‍ട്ടറിലേക്കുള്ള നറുക്കെടുപ്പ് 17ന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."