ബന്ധുക്കളുമായി ആശയ വിനിമയം നടത്താൻ മാ൪ഗമില്ല; ഗുരുതരാവസ്ഥയിൽ കഴിഞ്ഞ കാശ്മീർ സ്വദേശി ഡൽഹി വിമാനത്താവളത്തിൽ കുടുങ്ങിയത് മണിക്കൂറോളം
ജിദ്ദ: സഊദിയിൽ കെട്ടിടത്തിൽ നിന്ന് വീണു പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ രണ്ടര മാസം റിയാദിലെ ആശുപത്രിയിൽ കഴിഞ്ഞ കശ്മീർ സ്വദേശി നാട്ടിലേക്കുള്ള യാത്രാമധ്യേ ഡൽഹി വിമാനത്താവളത്തിൽ കുടുങ്ങിയതു മണിക്കൂറോളം. റിയാദിൽ നിന്ന് എയർ ഇന്ത്യ വിമാനത്തില്‍ പുറപ്പെട്ട സർഫ്രാസ് ഹുസൈൻ എന്ന സ്ട്രെച്ചർ രോഗിയാണ് ഏറ്റുവാങ്ങാൻ ബന്ധുക്കളെത്താൻ വൈകിയതിനാൽ ഡൽഹി വിമാനത്താവളത്തിൽ കാത്തുകിടക്കേണ്ടിവന്നത്.
കശ്മീരിൽ നിന്ന് പുറപ്പെട്ട ബന്ധുക്കൾക്ക് പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട രാജ്യത്തെ പുതിയ കലുഷിത സാഹചര്യത്തിൽ യഥാസമയം എത്താൻ കഴിയാതിരുന്നതാണ് പ്രശ്നമായത്. ആശയവിനിമയ സംവിധാനങ്ങൾ തടസ്സപ്പെട്ടിരിക്കുന്നതിനാൽ കൃത്യമായ വിവരങ്ങൾ അറിയാതെ ഉത്കണ്ഠയിലായിരുന്നു റിയാദിൽ നിന്ന് ഇയാളെ കയറ്റിവിട്ട മലയാളി സാമൂഹിക പ്രവർത്തകർ. വിമാനത്താവളത്തിലെത്തി ബന്ധുക്കൾ ഇയാളെ ഏറ്റെടുത്തതായും കശ്മീരിലേക്ക് തിരിച്ചതായും വിവരം കിട്ടിയിട്ടുണ്ട്. നാലുവർഷമായി റിയാദിൽ നിർമാണതൊഴിലാളിയായി ജോലി ചെയ്തിരുന്ന സർഫ്രാസ് ഹുസൈനെയാണ് ദുർവിധി വിടാതെ പിന്തുടരുന്നത്. രണ്ടര മാസം മുമ്പ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണായിരുന്നു അപകടം. കാലിനും നെട്ടല്ലിനുമെല്ലാം ഗുരുതര പരിക്കേറ്റ് റിയാദ് ബദീഅയിലെ കിങ് സൽമാൻ ആശുപത്രിയിൽ രണ്ടര മാസവും ചികിത്സയിലായിരുന്നു.
റിയാദിന് സമീപം താദിഖിൽ സാധാരണ തൊഴിലാളിയായ അമ്മാവൻ മാത്രമാണ് സഹായത്തിന് ഒപ്പമുണ്ടായിരുന്നത്. ആശുപത്രിയിലെ ബില്ല് ലക്ഷങ്ങൾ കടക്കുകയും ഇന്ത്യയിലെത്തിച്ച് വിദഗ്ധ ചികിത്സ നടത്തേണ്ടതുണ്ടെന്ന് ഡോക്ടർമാർ നിർദേശിക്കുകയും ചെയ്തതോടെ നാട്ടിൽ കൊണ്ടുപോകാൻ സഹായം തേടി അമ്മാവൻ എയർ ഇന്ത്യയുടെ റിയാദ് ഓഫീസിനെ സമീപിച്ചു. അവർ വഴി കെ.എം.സി.സി വെൽഫെയർ വിങ്ങ് പ്രവർത്തകർ സഹായിക്കാൻ മുന്നോട്ട് വരികയായിരുന്നു. ചെയർമാൻ സിദ്ദീഖ് തുവ്വൂർ ആശുപത്രിയിലെത്തി സന്ദർശിച്ചപ്പോഴാണ് ചികിത്സയിൽ കഴിയുന്ന സർഫ്രാസിെൻറ യഥാർഥ അവസ്ഥ മനസിലാക്കുന്നത്. തുടർനടപടികളുമായി മുന്നോട്ട് പോകാൻ ഇന്ത്യൻ എംബസി
സിദ്ദീഖിനെ ചുമതലപ്പെടുത്തി. വിമാനത്തിൽ സ്ട്രെച്ചർ സൗകര്യമൊരുക്കി കൊണ്ടുപോകുന്നതിനുള്ള മുഴുവൻ ചെലവും വഹിക്കാൻ എംബസി തയ്യാറാവുകയും ചെയ്തു.
ജോലിക്കിടയിലുണ്ടായ അപകടമായതിനാൽ ജനറൽ ഇൻഷുറൻസ് കമ്പനിയുടെ (ഗോസി) ഇടപെടലിൽ പൂർണമായും സൗജന്യ ചികിത്സയും നഷ്ടപരിഹാരവും കിട്ടുമായിരുന്നു. എന്നാൽ അപകടം യഥാസമയം ഗോസിയിൽ രജിസ്റ്റർ ചെയ്യാഞ്ഞത് തിരിച്ചടിയായി. സ്പോൺസറുടെ അശ്രദ്ധയാണ് ഇതിന് കാരണമായത്. ഒടുവിൽ കെ.എം.സി.സിയുടെ ഇടപെടലിൽ നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികളെല്ലാം പൂർത്തിയായി. വ്യാഴാഴ്ച റിയാദിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലാണ് സ്ട്രെച്ചർ സൗകര്യത്തിൽ കൊണ്ടുപോയത്. കശ്മീരിൽ നിന്ന് ബന്ധുക്കളെത്തി ഡൽഹി വിമാനത്താവളത്തിൽ നിന്ന് ഏറ്റെടുക്കാനായിരുന്നു തീരുമാനം. കശ്മീരിൽ നിന്ന് ബന്ധുക്കൾ പുറപ്പെെട്ടങ്കിലും ഡൽഹിയിൽ എത്താൻ കഴിഞ്ഞിട്ടില്ല. ആശയവിനിമയ സംവിധാനങ്ങളെല്ലാം തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ആർക്കും ആരെയും ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യമാണ്. സർഫ്രാസ് ഡൽഹിയിലെത്തി എന്നല്ലാതെ മറ്റൊരു വിവരവും അറിയാനായിട്ടില്ലെന്നും അതുമൂലം ആശങ്കയിലാണെന്നും സിദ്ദീഖ് തുവ്വൂർ പറഞ്ഞു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ സയ്യിദ്, ഷറഫ്, ഡോ. സാമിർ പോളിക്ലിനിക്ക് എംഡി സി പി മുസ്തഫ, ആംബുലൻസ് ഡ്രൈവർ രതീഷ്, എയർ ഇന്ത്യ ഉദ്യോഗസ്ഥരായ മനോജ്, കരീം, സിറാജ്, മാരിയപ്പൻ എന്നിവരും സർഫ്രാസിനെ നാട്ടിലയക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."