കൈയബദ്ധത്തിന്റെ പാപമകറ്റാന്‍ ജീവന്‍ പകുത്ത് നല്‍കി സുകുമാരന്‍
അഗളി: വിവേകം വികാരത്തിനു വഴിമാറിയപ്പോള്‍ പറ്റിയ കൈയബദ്ധം നഷ്ടപ്പെടുത്തിയ ജീവനെയോര്‍ത്ത് 10 വര്‍ഷം ജയിലില്‍ കഴിഞ്ഞ സുകുമാരന്‍ തന്റെ ജീവന്‍ പകുത്ത് മറ്റൊരു ജീവന്‍ രക്ഷിക്കാനുള്ള തയാറെടുപ്പിലാണ്. മാപ്പര്‍ഹിക്കാത്ത തെറ്റാണ് താന്‍ ചെയ്തതെന്ന തിരിച്ചറിവോടെയാണ് പട്ടാമ്പി പള്ളിപ്പുറം സ്വദേശിയായ സുകുമാരന്‍ ജയിലിലെ ഓരോ ദിനവും കഴിച്ചുകൂട്ടിയത്.
2007 മെയില്‍ അതിര്‍ത്തി തര്‍ക്കത്തിനിടയില്‍ സംഭവിച്ച കൈപ്പിഴവ് നഷ്ടമാക്കിയത് പിതൃസഹോദരന്റെ ജീവനാണ്. തെറ്റ് ഏറ്റുപറഞ്ഞ് പൊലിസ് സ്റ്റേഷനില്‍ ഹാജരായ സുകുമാരന്‍ കോടതിയിലും നിലപാട് ആവര്‍ത്തിച്ചു. കണ്ണൂരിലെ ജയില്‍ ഉദ്യോഗസ്ഥരുടെയും സഹ തടവുകാരുടെയും പ്രിയങ്കരനായി മാറിയ സുകുമാരനെ അധികൃതര്‍ തന്നെ മുന്‍കൈയെടുത്ത് പിന്നീട് തിരുവനന്തപുരത്തെ തുറന്ന ജയിലേക്ക് മാറ്റുകയായിരുന്നു. ജയിലില്‍ വെല്‍ഡിങ് ജോലികള്‍ നടത്തിയിരുന്ന സുകുമാരന്‍ ഇതിനിടെയാണ് സാമൂഹ്യപ്രവര്‍ത്തക ഉമാപ്രേമന്‍ രചിച്ച 'നിലാചോറെ'ന്ന പുസ്തകം വായിക്കാനിടയായത്. കേരളത്തിലെ ആദ്യ വൃക്കദാതാവ് കൂടിയായ ഉമാപ്രേമന്റെ ആരാധകനായി മാറിയ സുകുമാരന്‍ ജയില്‍മോചിതനായശേഷം ആദ്യം പോയത് ഉമാപ്രേമന്റെ അട്ടപ്പാടിയിലെ ശാന്തി ഇന്‍ഫര്‍മേഷന്‍ സെന്ററിലേക്കാണ്. തുടര്‍ന്ന് തന്റെ ഒരു വൃക്ക ദാനം ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഈ സമയത്താണ് കൊല്ലം വടക്കേവിള സ്വദേശിനി പ്രിന്‍സി (20) വൃക്കരോഗത്തെ തുടര്‍ന്ന് ജീവനുവേണ്ടി പോരാടുന്നത് ഫേസ്ബുക്കിലൂടെ അറിഞ്ഞത്. തുടര്‍ന്ന് തന്റെ വൃക്ക പ്രിന്‍സിക്ക് കൊടുക്കാന്‍ തയാറാണെന്ന് ഉമാ പ്രേമനെ അറിയിച്ചു. വൃക്ക ദാനത്തിന് 15 ലക്ഷം രൂപ ചെലവുവരുമെന്നാണ് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ച എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുള്ളത്. സുകുമാരന്റെ തീരുമാനത്തിന് പൂര്‍ണ പിന്തുണയുമായി ഭാര്യ സുമയും മക്കളായ സുകന്യയും സുധീഷും കൂടെയുണ്ട്. അടുത്തയാഴ്ചയാണ് ശസ്ത്രക്രിയ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."