'വളാഞ്ചേരി നഗരസഭയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കും'
വളാഞ്ചേരി: ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി നൈപുണ്യ പരിശീലനങ്ങള്‍ നല്‍കി കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ റുഫീന അറിയിച്ചു. തൊഴില്‍ സാധ്യതയുളള പുതിയ ട്രെയ്ഡുകളില്‍കൂടി പുതിയ പരിശീലന സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി നഗരസഭാ പരിധിയിലെ പ്രധാന തൊഴില്‍ ദാതാക്കളെ ഉള്‍ക്കൊളളിച്ച് കൗണ്‍സില്‍ ഹാളില്‍ സംഘടിപ്പിച്ച വിഷയ കേന്ദ്രീകൃത സംഘ ചര്‍ച്ച (എഫ്.ജി.ഡി)ചെയര്‍പേഴ്‌സണ്‍ ഉദ്ഘാടനം ചെയ്തു. വൈസ്‌ചെയര്‍മാന്‍ കെ.വി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി.
എന്‍.യു.എല്‍.എം പദ്ധതിയുടെ ഭാഗമായി അക്കൗണ്ട് അസിസ്റ്റന്റ് യൂസിംഗ് ടാലി, ആയുര്‍വേദ സ്പാ തെറാപ്പിസ്റ്റ,് എ.സി ഫീല്‍ഡ് ടെക്‌നീഷ്യന്‍, സി.സി.ഡി.വി ടെക്‌നീഷ്യന്‍ തുടങ്ങിയ കോഴ്‌സുകള്‍ക്ക് പുറമേ തൊഴില്‍ സാധ്യതയുളള ഗ്രാഫിക് ഡിസൈന്‍, ഫാഷന്‍ ടെക്‌നോളജി, ഓട്ടോകാഡ്, ട്രാവല്‍ & ടൂറിസം എന്നീ മേഖലകളിലും നൈപുണ്യ പരിശീലനങ്ങള്‍ ഒരുക്കുവാന്‍ യോഗം നിര്‍ദേശിച്ചു. നഗരസഭയിലെ അഭ്യസ്ഥവിദ്യരായ യുവതി-യുവാക്കള്‍ക്ക് സര്‍ക്കാര്‍ അംഗീകൃത നൈപുണ്യ പരിശീലന കോഴ്‌സുകള്‍ നല്‍കി തൊഴിലുറപ്പാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. താമസിച്ചുളള പരിശീലനങ്ങള്‍ക്ക് താമസവും ഭക്ഷണവും സൗജന്യമായി ലഭ്യമാക്കും. എന്‍.യു.എല്‍.എം സിറ്റി മിഷന്‍ മാനേജര്‍ സുബൈറുല്‍ അവാന്‍ വിഷയാവതരണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി മേഖല പ്രസിഡന്റ് ടി.എം പത്മകുമാര്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു. നൈപുണ്യ രംഗത്തെ വിദഗ്ധര്‍, ആശുപത്രി, വ്യാപാര-വ്യവസായ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബെന്നി മാത്യു, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുനിത രമേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."