ബാഡ്മിന്റണ്‍ കോര്‍ട്ടിലെ മലയോര മുത്ത്
ചെറുപുഴ: ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ ആവേശമായി മലയോരത്തുനിന്നൊരു താരം. പുളിങ്ങോത്തെ തൈക്കല്‍ ജോളിയുടേയും ഡെയ്‌സിയുടേയും ഇളയ മകള്‍ ട്രീസ ജോളിയാണ് ജില്ലയുടെ അഭിമാനതാരമാവുന്നത്.
ആലപ്പുഴയില്‍ നടന്ന 52ാമത് സംസ്ഥാന സീനിയര്‍ ഇന്റര്‍ ഡിസ്ട്രിക്ട് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ജേതാവാണ് കല്യാശേരി കെ.പി.ആര്‍.ജി.എച്ച്.എസ്.എസിലെ ഈ ഒന്‍പതാം ക്ലാസുകാരി. ഈ വര്‍ഷം എറണാകുളം, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നടന്ന സംസ്ഥാന ഓപ്പണ്‍ സീനിയര്‍ റാങ്കിങ്ങിലും ട്രീസയായിരുന്നു ചാംപ്യന്‍.
കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രകടന മികവ് കണക്കിലെടുത്ത് സംസ്ഥാന ഷട്ടില്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഒരു മാസത്തെ വിദഗ്ധ പരിശീലനത്തിനായി ട്രീസയെ ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലേക്ക് അയക്കുകയാണ്. ബാഡ്മിന്റണിലെ മുന്‍ ഒളിംപിക് ചാംപ്യന്‍ ടഫു ഹിതായത്തിന്റെ അക്കാദമിയില്‍ പരിശീലനത്തിനായി ചൊവ്വാഴ്ച ട്രീസ പുറപ്പെടും. വളരെ ചെറുപ്പത്തില്‍ തന്നെ സഹോദരി മരിയക്കൊപ്പം ബാഡ്മിന്റണ്‍ കളിക്കാനാരംഭിച്ചായിരുന്നു തുടക്കം. ഇപ്പോള്‍ പരിശീലനത്തിനായി വീടിനോട് ചേര്‍ന്ന് ഇന്‍ഡോര്‍ സ്റ്റേഡിയവും നിര്‍മിച്ചിട്ടുണ്ട്. സബ് ജൂനിയര്‍ വിഭാഗത്തില്‍ എറണാകുളം, തിരുവന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ നടന്ന സംസ്ഥാന റാങ്കിങ് മല്‍സരത്തില്‍ സിങ്കിള്‍സിലും ഡബിള്‍സിലും ചാംപ്യനായി. തൊടുപുഴയില്‍ നടന്ന സംസ്ഥാന ജൂനിയര്‍ ഇന്റര്‍ഡിസ്ട്രിക്ട് റാങ്കിങ് മല്‍സരത്തില്‍ സിങ്കിള്‍സില്‍ രണ്ടാം സ്ഥാനവും ഡബിള്‍സില്‍ ഒന്നാം സ്ഥനവും നേടി. ജോദ്പൂരില്‍ നടന്ന ജൂനിയര്‍ നാഷണല്‍ ഡബിള്‍സില്‍ മൂന്നാം സ്ഥാനം ഇങ്ങനെ നിരവധി നേട്ടങ്ങള്‍ കൊയ്ത് മുന്നേറുകയാണ് ട്രീസ. സബ്ജൂനിയര്‍ വിഭാഗത്തില്‍ ദേശീയ റാങ്കിങില്‍ ഒന്നാം സീഡാണ് ട്രീസ. ഓഗസ്റ്റ് 27 മുതല്‍ 31 വരെ ആന്ധ്രയില്‍ നടക്കുന്ന സൗത്ത് സോണ്‍ ചാംപ്യന്‍ഷിപ്പില്‍ സീനിയര്‍ വിഭാഗത്തില്‍ കേരളത്തിനു വേണ്ടി മത്സരിക്കാനൊരുങ്ങുകയാണ് ട്രീസ. കണ്ണൂര്‍ സര്‍വകലാശാല പ്രൊഫസറും ബാഡ്മിന്റണ്‍ കോച്ചുമായ ഡോ. അനില്‍ രാമചന്ദ്രനാണ് രണ്ടു വര്‍ഷമായി ട്രീസയുടെ പരിശീലകന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."