കണ്‍മുന്നിലാണ് ഉപ്പ വെടിയേറ്റുവീണത്. പ്രതിഷേധക്കാര്‍ക്കൊപ്പം ആയിരുന്നില്ല ചെവിയില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട് ഉപ്പയുടെ നിലവിളി' കരച്ചില്‍ അടക്കാനാവാതെ മകള്‍ ഷിഫാനി
മംഗളൂരു: 'കണ്‍മുന്നിലാണ് ഉപ്പ വെടിയേറ്റുവീണത്. പ്രതിഷേധക്കാര്‍ക്കൊപ്പം ആയിരുന്നില്ല. സംഘര്‍ഷം കാരണം വീടിന്റെ കുറച്ചകലെ സ്‌കൂള്‍ ബസ് യാത്ര അവസാനിപ്പിച്ചു. വീട്ടിലേക്കെത്താന്‍ സഹായത്തിനായി ഉപ്പയെ വിളിച്ചു. ഉപ്പ ഓടി വന്നു.
പിന്നെ എന്നെയും അനിയന്‍ സബീലിനെയും എടുത്തുകൊണ്ട് വീട്ടിലേക്ക് ഓടുകയായിരുന്നു. വീട്ടിലെത്തിയ ഉടനെയാണ് വെടിയേല്‍ക്കുന്നത്'- ഇത് പറയുമ്പോള്‍ പതിനാലു വയസുകാരി ഷിഫാനിക്ക് കരച്ചില്‍ അടക്കാനാകുന്നില്ല. കഴിഞ്ഞ വ്യാഴാഴ്ച നടന്ന ആ ദുരന്തത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ പേടിയാണ്. ചെവിയില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട് ഉപ്പയുടെ നിലവിളി- ഷിഫാനി പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിയോടും പൗരത്വ രജിസ്റ്ററിനോടും എതിര്‍പ്പുണ്ടെങ്കിലും സ്വന്തം മക്കളെ സുരക്ഷിതമായി വീട്ടിലെത്തിക്കാനുള്ള ഓട്ടത്തിനിടയിലാണ് കന്ദക് സ്വദേശിയായ ജലീല്‍ (42) വെടിയേറ്റുവീണത്. സര്‍ക്കാര്‍ കണക്കില്‍ ജലീല്‍ കലാപകാരിയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ച് മംഗളൂരു പൊലിസ് സ്റ്റേഷന് തീയിടാന്‍ പോയ കലാപകാരികളില്‍ ഒരാള്‍. ബന്ദാര്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലെ മൂന്നാമന്‍. നാലംഗ കുടുംബം കഴിഞ്ഞിരുന്നത് ജലീലിന്റെ തണലിലായിരുന്നു. ആ ജീവിതങ്ങളിലാണ് ഏതോ ഒരു പൊലിസുകാരന്റെ കൈകളിലെ തോക്ക് ഇരുള്‍വീഴ്ത്തിയത്.
വീടിന്റെ മുന്‍പിലായി പ്രതിഷേധിക്കുന്ന ചെറിയ ആള്‍ക്കൂട്ടമുണ്ടായിരുന്നു. പൊലിസ് പറയുന്നതുപോലെ ആയിരക്കണക്കിനൊന്നും വരില്ല. ഏറിയാല്‍ 50നും 100നും ഇടയിലുള്ള ആളുകള്‍ മാത്രമാണ് അവിടെ പ്രതിഷേധിച്ചതെന്ന് ജലീലിന്റെ ബന്ധുക്കള്‍ പറയുന്നു. 'ജലീല്‍ പ്രതിഷേധത്തിന്റെ ഒരുഭാഗം പോലും ആയിരുന്നില്ല. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുവരികയായിരുന്നു. ഗേറ്റിനടുത്തായി എത്തിയപ്പോഴാണ് വെടിയുണ്ട കണ്ണില്‍ പതിക്കുന്നത്. ഉടന്‍ നിലത്തുവീണു. പെട്ടെന്നുതന്നെ ആളുകള്‍ എടുത്തുകൊണ്ട് ആശുപത്രിയിലേക്ക് ഓടി. എന്നാല്‍, അവിടെ എത്തിയപ്പോഴേക്കും മരിച്ചിരുന്നു. പ്രതിഷേധക്കാരെ വെടിവയ്ക്കാതെ പൊലിസിന് പിരിച്ചുവിടാമായിരുന്നു. എന്നാല്‍, അതിനൊന്നും ശ്രമിക്കാതെ ചെറിയ ആള്‍ക്കൂട്ടത്തിലേക്ക് വെടിവയ്ക്കുകയായിരുന്നു. ജീവന്‍ നഷ്ടപ്പെട്ടത് നിരപരാധിക്കും- ബന്ധുക്കളും അയല്‍ക്കാരും പറഞ്ഞു.
പ്രതിഷേധക്കാര്‍ക്കുനേരെ പൊലിസ് നടത്തിയ വെടിവയ്പ്പില്‍ 23കാരനായ കുദ്രോളി സ്വദേശി നൗഷീറും കൊല്ലപ്പെട്ടിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് നൗഷീറിന് വെടിയേറ്റത്. പൊലിസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ നൗഷീര്‍ എട്ടാം പ്രതിയാണ്. പൊലിസ് സ്റ്റേഷന്‍ കത്തിക്കാനും പൊലിസുകാരെ കൊലപ്പെടുത്താനും ശ്രമിച്ചുവെന്നാണ് കേസ്. എന്നാല്‍, ജലീല്‍ പ്രതിഷേധക്കാരുടെ കൂടെ പോയിരുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.
യഥാര്‍ഥ വസ്തുതകള്‍ പുറത്തുവരാന്‍ ജുഡിഷ്യല്‍ അന്വേഷണം ഇടയാക്കുമെന്നായിരുന്നു ഇരുകുടുംബങ്ങളും കരുതിയിരുന്നത്. എന്നാല്‍, സര്‍ക്കാര്‍ പ്രഖ്യാപിച്ച സി.ഐ.ഡി അന്വേഷണം വസ്തുതകള്‍ മൂടിവയ്ക്കാന്‍ മാത്രമേ ഇടയാക്കൂവെന്നാണ് ഇവര്‍ കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."