എന്‍.എസ്.എസും ഹിന്ദു പാര്‍ലമെന്റും ചേരിതിരിഞ്ഞപ്പോള്‍ വെട്ടിലായത് സി.പി.എം
ടി.എസ് നന്ദു#
കൊച്ചി: ഹിന്ദു പാര്‍ലമെന്റിനെ കൂട്ടുപിടിച്ച് എന്‍.എസ്.എസുമായി കൂടുതല്‍ അടുക്കാനുള്ള സി.പി.എം നീക്കത്തിന് 'വനിതാമതില്‍' തടസമാകുന്നു. നവോത്ഥാന സംഘടനകളെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ വിഭാവനം ചെയ്ത വനിതാമതിലില്‍ ഹിന്ദു പാര്‍ലമെന്റും എന്‍.എസ്.എസും രണ്ടു ചേരിയിലായതാണ് തിരിച്ചടിക്കു കാരണം. വോട്ടുകള്‍ ലക്ഷ്യംവച്ച് എന്‍.എസ്.എസിനോട് ഏറ്റവും അടുത്തു നില്‍ക്കുന്ന ഹിന്ദു സംഘടനയെന്ന നിലയില്‍ ഹിന്ദു പാര്‍ലമെന്റുമായി സഹകരിക്കാന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് സി.പി.എം തീരുമാനിച്ചത്. പൊളിറ്റ്ബ്യൂറോ അംഗമെന്ന നിലയില്‍ പിണറായി വിജയനാണ് ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ഈ നീക്കത്തിനാണ് ഇപ്പോള്‍ പിണറായി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുത്ത് നടത്തുന്ന 'വനിതാമതില്‍'തടസമാകുന്നത്.
തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ്-ബി.ജെ.പി സഖ്യം നിലവില്‍ വന്നപ്പോള്‍ അതിനെ നേരിടാന്‍ ഹിന്ദു പാര്‍ലമെന്റ്-സി.പി.എം രഹസ്യ ധാരണ പല ഇടങ്ങളിലും ഉണ്ടായി. ഹിന്ദു പാര്‍ലമെന്റിനെ ഒപ്പംകൂട്ടി എന്‍.എസ്.എസ് വോട്ടുകള്‍ സമാഹരിക്കുക എന്ന ലക്ഷ്യം ഏറെക്കുറെ സി.പി.എം കൈവരിക്കുകയും ചെയ്തു. ഹിന്ദു പാര്‍ലമെന്റിന് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ സി.പി.എം സ്ഥാനാര്‍ഥികളെ പിന്തുക്കുന്നതടക്കം അന്ന് ധാരണയായിരുന്നു. ബി.ഡി.ജെ.എസ് ഭൂരിപക്ഷ സമുദായ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നെന്ന് ചൂണ്ടിക്കാട്ടി നടത്തിയ എല്ലാ നീക്കങ്ങള്‍ക്കും എന്‍.എസ്.എസ് രഹസ്യപിന്തുണ നല്‍കി.
ഇതേതുടര്‍ന്ന്, വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസുമായി കൂടുതല്‍ നീക്കുപോക്കുകള്‍ ഉണ്ടാക്കാനും സി.പി.എം ആലോചിച്ചിരുന്നു. അതിനും ഹിന്ദു പാര്‍ലമെന്റിന്റെ സ്വാധീനം ഉപയോഗിക്കാനായിരുന്നു ധാരണ. അതിനിടെയാണ് ശബരിമല വിവാദം ഉയരുന്നത്. സര്‍ക്കാര്‍ നിലപാടിനെതിരേ എന്‍.എസ്.എസ് പരസ്യമായി രംഗത്തെത്തി. അതിനിടെയാണ് നവോത്ഥാന സംഘടനകളെ അണിനിരത്തി 'വനിതാമതില്‍' എന്ന ആശയവുമായി സര്‍ക്കാര്‍ രംഗത്തെത്തുന്നത്. ഹിന്ദു പാര്‍ലമന്റും എസ്.എന്‍.ഡി.പിയും സര്‍ക്കാരിനൊപ്പം നിന്നപ്പോള്‍ വിട്ടുനില്‍ക്കാനുള്ള തീരുമാനമാണ് എന്‍.എസ്.എസ് സ്വീകരിച്ചത്. എന്‍.എസ്.എസുമായി ധാരണയ്ക്കുള്ള സാധ്യത മങ്ങിയത് സി.പി.എമ്മിനെയും ആശങ്കപ്പെടുത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."