തകര്‍ച്ചയില്‍നിന്ന് കരകയറി കേരളം
ആദില്‍ ആറാട്ടുപുഴ#
തിരുവനന്തപുരം: തകര്‍ച്ചയോടെ തുടങ്ങിയ കേരളം ഡല്‍ഹിക്കെതിരായ രഞ്ജി ട്രോഫി പോരാട്ടത്തില്‍ കരകയറുന്നു. ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ഒന്നാം ഇന്നിങ്‌സില്‍ ഏഴു വിക്കറ്റിന് 291 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍. തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജ് മൈതാനത്ത് ടോസ് ലഭിച്ച കേരളം ബാറ്റിങ് തിരഞ്ഞെടുത്തു. ക്യാപ്റ്റന്റെ തീരുമാനത്തെ തെറ്റിക്കുന്നതായിരുന്നു സഹതാരങ്ങളുടെ പ്രകടനം. റണ്‍സ് കണ്ടെത്താനാവാതെ വലഞ്ഞ ബാറ്റ്‌സ്മാന്‍മാര്‍ പവലിയനിലേക്ക് മടങ്ങാന്‍ മത്സരിച്ചു.
77 റണ്‍സ് എടുത്ത ഓപ്പണര്‍ പി. രാഹുലും 68 റണ്‍സെടുത്ത ജലജ് സക്‌സേനയും 77 റണ്‍സെടുത്ത വിനൂപ് മനോഹരനുമാണ് (നോട്ട് ഔട്ട്) കേരള നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. വി.എ ജഗദീഷ് (0), വത്സല്‍ ഗോവിന്ദ് (4), സഞ്ജു സാംസണ്‍ (24), സച്ചിന്‍ ബേബി (0), വിഷ്ണു വിനോദ് (24) എന്നിവര്‍ നിരാശപ്പെടുത്തി. രണ്ട് റണ്‍സ് എടുക്കുന്നതിനിടയില്‍ കേരളത്തിന് ഓപ്പണര്‍ ജഗദീഷിന്റെ വിക്കറ്റ് നഷ്ടമായി. ആകാശ് സുദനാണ് വിക്കറ്റ് വീഴ്ത്തിയത്. സ്‌കോര്‍ബോര്‍ഡ് 17 നില്‍ക്കേ രണ്ടാം വിക്കറ്റും വീണു. രഞ്ജി അരങ്ങേറ്റം നടത്തിയ അണ്ടര്‍ 19 ക്യാപ്റ്റന്‍ വത്സല്‍ ഗോവിന്ദിനെ വികാസ് മിശ്രയുടെ പന്തില്‍ അഞ്ജു റാവത്ത് പിടികൂടി കൂടാരം കയറ്റി.
അണ്ടര്‍ 19 കേരള ടീമിനായി പുറത്തെടുത്ത മികച്ച പ്രകടനമാണ് വത്സലിനെ ടീമിലെത്തിച്ചത്. അരങ്ങേറ്റത്തില്‍ തിളങ്ങാന്‍ വത്സലിനായില്ല. വിക്കറ്റുകള്‍ നിലം പൊത്തിയതോടെ കേരളം പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഇന്നിങ്‌സ് മുന്നോട്ടു നീങ്ങവേ തമിഴ്‌നാടുമായി നടന്ന മത്സരത്തില്‍ തകര്‍ച്ച നേരിട്ട സ്ഥിതിയിലേക്ക് കേരളം കൂപ്പു കുത്തുമെന്ന ആശങ്ക ഉണര്‍ന്നു. എന്നാല്‍ തുടര്‍ന്ന് എത്തിയ സഞ്ജു സാംസണ്‍ ഓപ്പണര്‍ രാഹുലുമായി ഒത്തുചേര്‍ന്നതോടെ കേരളത്തിന്റെ സ്‌കോര്‍ അര്‍ധശതകം പിന്നിട്ടു. സ്‌കോര്‍ 78 ല്‍ നില്‍ക്കേ ശിവം ശര്‍മയുടെ പന്തില്‍ ധ്രുവ് ഷോറി പിടിച്ച് സഞ്ജു പുറത്തായി.
തുടര്‍ന്ന് ക്രീസിലെത്തിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി മൂന്നു ബോളുകള്‍ പാഴാക്കി സംപൂജ്യനായി മടങ്ങി. ശിവം ശര്‍മയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആവുകയായിരുന്നു കേരള നായകന്‍. പിന്നാലെ വന്ന ഉപനായകന്‍ വിഷ്ണു വിനോദിന് 24 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. 78 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ശിവം ശര്‍മയാണ് ഡല്‍ഹിക്കായി ആഞ്ഞടിച്ചത്. ആകാശ് സുധാന്‍, വികാസ് മിശ്ര, ശിവാങ്ക് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."