രാജപക്സെ 'അധികാരമൊഴിയുന്നു'
കൊളംബോ: ശ്രീലങ്കയില്‍ രണ്ടു മാസമായി തുടരുന്ന രാഷ്ട്രീയ നാടകങ്ങള്‍ക്ക് അന്ത്യമാകുന്നു. പുതിയ പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ട മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെ രാജിവയ്ക്കുന്നു. രാജപക്സെയുടെ മകനും പാര്‍ലമെന്റ് അംഗവുമായ നമല്‍ ട്വീറ്റ് ചെയ്തതാണ് ഇക്കാര്യം.
രാജി ഇന്നുതന്നെയുണ്ടാകുമെന്നാണ് വിവരം. പാര്‍ലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടി റദ്ദാക്കിക്കൊണ്ടുള്ള ശ്രീലങ്കന്‍ സുപ്രിം കോടതിയുടെ ഉത്തരവ് പുറത്തുവന്നതിനു തൊട്ടുപിറകെയാണു രാജിനീക്കം. രാജ്യത്തിന്റെ സുസ്ഥിരത ഉറപ്പാക്കാന്‍ മുന്‍ പ്രസിഡന്റ് രാജപക്സെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കാന്‍ തീരുമാനിച്ചതായി നമല്‍ ട്വീറ്റ് ചെയ്തു. ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷമാകും രാജി. രാജപക്സെയുടെ പാര്‍ട്ടിയായ ശ്രീലങ്ക പൊതുജന പെരമുന(എസ്.എല്‍.പി.പി), ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി (എസ്.എല്‍.എഫ്.പി) അടക്കമുള്ള രാഷ്ട്രീയ കക്ഷികള്‍ക്കൊപ്പം ചേര്‍ന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നേതൃത്വത്തില്‍ വിശാലമായ രാഷ്ട്രീയ സഖ്യം രൂപപ്പെടുത്താന്‍ പ്രവര്‍ത്തിക്കുമെന്നും നമല്‍ അറിയിച്ചു.
ഒക്ടോബര്‍ 26നാണ് റെനില്‍ വിക്രമസിംഗയെ പുറത്താക്കി മഹിന്ദ രാജപക്സെയെ പ്രസിഡന്റ് മൈത്രിപാല സിരിസേന ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി അവരോധിച്ചത്. ഇതിനു പിറകെ സിരിസേന പാര്‍ലമെന്റ് പിരിച്ചുവിടുകയും ചെയ്തു.
വ്യാഴാഴ്ചയാണ് സിരിസേനയ്ക്കും രാജപക്സെയ്ക്കും ഒരുപോലെ തിരിച്ചടിയായ വിധി സുപ്രിം കോടതി പുറപ്പെടുവിച്ചത്. പാര്‍ലമെന്റ് പിരിച്ചുവിട്ട നടപടി നിയമവിരുദ്ധമാണെന്ന് കേസ് പരിഗണിച്ച ബെഞ്ച് ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു. രാജപക്സെയെ പ്രധാനമന്ത്രിയായി നിയമിച്ചതിനും അദ്ദേഹത്തിന്റെ മന്ത്രിസഭ ഭരണം തുടരുന്നതിനുമെതിരായ അപ്പീല്‍ കോടതിയുടെ ഉത്തരവ് നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. അതേസമയം, അപ്പീല്‍ കോടതിയുടെ വിധിക്കെതിരേ രാജപക്സെ സമര്‍പ്പിച്ച ഹരജിയില്‍ ജനുവരി 16,17,18 തിയതികളില്‍ വാദംകേള്‍ക്കുമെന്നും സുപ്രിം കോടതി അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."