തളിപ്പറമ്പില്‍ വാതക ടാങ്കില്‍ ചോര്‍ച്ച 15 പേര്‍ ആശുപത്രിയില്‍
തളിപ്പറമ്പ്: വാട്ടര്‍ അതോറിറ്റി ഡിവിഷണല്‍ ഓഫിസിന് സമീപം ക്ലോറിന്‍ വാതക ടാങ്കില്‍ ചോര്‍ച്ച. ശ്വാസതടസം അനുഭവപ്പെട്ട പരിസരവാസികളായ പതിനഞ്ചുപേരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിസ്‌വാന്‍ (ഒന്ന്), ജസ്‌ന (23), ഫാത്തിമ (10), സൈറ (26), ഫാത്തിമ (18), മിസ് വാഹ (ഒന്നര), നഫീസ (38), ഇര്‍ഷാദ് (28), സല്‍മത്ത് (23), ജമീല (48), റിസ്‌വാന (ഒന്നര), ജന്‍ഫി സാന (രണ്ടര), ഷബിന (32), ഇര്‍ഫാന്‍ (അഞ്ച്) എന്നിവരാണ് ആശുപത്രിയിലുള്ളത്. പ്രദേശത്തെ അഞ്ചു വീടുകളിലെ താമസക്കാരെ മാറ്റിപ്പാര്‍പ്പിച്ചു.
ഇന്നലെ രാത്രി 8.45ഓടെയായിരുന്നു താലൂക്ക് ആശുപത്രിക്ക് സമീപം ഫാറൂഖ് നഗറിലെ വാട്ടര്‍ അതോറിറ്റി ഡിവിഷണല്‍ ഓഫിസ് പരിസരത്ത് ക്ലോറിന്‍ വാതക ചോര്‍ച്ചയുണ്ടായത്. തൊട്ടടുത്ത് താമസിക്കുന്ന വീട്ടുകാര്‍ക്ക് ശ്വാസതടസവും മറ്റു കടുത്ത അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വാതകചോര്‍ച്ച കണ്ടെത്തിയത്. നാട്ടുകാര്‍ ഉടന്‍ പൊലിസിലും അഗ്‌നിശമന സേനയിലും വിവരമറിയിച്ചതിനെ തുടര്‍ന്ന് ടാങ്കിലെ ചോര്‍ച്ച നിയന്ത്രിക്കാന്‍ ശ്രമം ആരംഭിച്ചുവെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നു കണ്ണൂരിലെയും തളിപ്പറമ്പിലെയും അഗ്‌നിശമനസേനാ വിദഗ്ധരുടെ നേതൃത്വത്തില്‍ വാതകടാങ്ക് നീക്കി ജെ.സി.ബി ഉപയോഗിച്ച് വലിയ കുഴിയെടുത്തു മണ്ണിട്ടുമൂടി. ജപ്പാന്‍ കുടിവെള്ള പദ്ധതി ആരംഭിക്കുന്നതിന് മുന്‍പായി ഉപയോഗിച്ച വാട്ടര്‍ ടാങ്കിനോടനുബന്ധിച്ച് ജല ശുചീകരണത്തിനായി സ്ഥാപിച്ച ടാങ്കിലെ ക്ലോറിന്‍ വാതകമാണ് ചോര്‍ന്നത്. ഈ ടാങ്ക് ഇപ്പോള്‍ ഉപേക്ഷിച്ചിരിക്കുകയാണെങ്കിലും ക്ലോറിന്‍ ഉള്ള ടാങ്ക് മാറ്റിയിരുന്നില്ല. കാലപ്പഴക്കമാണ് ചോര്‍ച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിയിച്ചതനുസരിച്ച് ട്രാവന്‍കൂര്‍ കെമിക്കല്‍സില്‍ നിന്നുള്ള വിദഗ്ധര്‍ ഇന്നെത്തുമെന്നു വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു. വിവരമറിഞ്ഞ് നഗരസഭാ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളം, പ്രതിപക്ഷ നേതാവ് കെ. മുരളീധരന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."