പുതിയ വീട്ടില്‍ താമസം; പ്രമോദ് യാത്രയായത് ആഗ്രഹം ബാക്കിയാക്കി
മേപ്പാടി: പുതിയ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി എത്രയും വേഗം അതിലേക്കു താമസം മാറണമെന്നായിരുന്നു അടിവാരം കൈതപ്പൊയിലിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച കടച്ചിക്കുന്ന് പുളിമൂട്ടില്‍ ചിന്നപ്പന്റെ മകന് പ്രമോദിന്റെ ആഗ്രഹം. എന്നാല്‍ വീടു നിര്‍മാണം പൂര്‍ത്തിയാകും മുന്‍പേ വിധി പ്രമോദിനെ തട്ടിയെടുക്കുകയായിരുന്നു.
ടാക്സി ഡ്രൈവറായ പ്രമോദ് ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് വീട്ടില്‍നിന്ന് യാത്ര പറഞ്ഞ് ഇറങ്ങിയത്.
രണ്ടു വര്‍ഷത്തോളമായി വടുവന്‍ചാല്‍ സ്വദേശി അബ്ദുല്ലയുടെ ജീപ്പ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ അബ്ദുല്ലയുടെ ബന്ധുക്കളെയും കൂട്ടി കൊടുവള്ളിയിലേക്ക് പോകവേയാണ് അപകടത്തിന്റെ രൂപത്തില്‍ പ്രമോദിന്റെയും കൂടെ സഞ്ചരിച്ച അഞ്ചുപേരുടെയും ജീവന് പൊലിഞ്ഞത്.
നിര്‍ധന കുടുംബത്തില്‍പ്പെട്ട പ്രമോദ് ഭാര്യ സനിതയുടെ പേരില്‍ ലഭിച്ച ഫണ്ട് ഉപയോഗിച്ചാണ് വീട് നിര്‍മാണം തുടങ്ങിയത്. വീടിന്റെ കോണ്‍ക്രീറ്റ് പൂര്‍ത്തീകരിച്ചിരുന്നു.
രണ്ടു മാസത്തിനകം പുതിയ വീട്ടില്‍ താമസമാക്കാമെന്ന പ്രതീക്ഷയിലായിരുന്നു പ്രമോദ്. അപകട വിവരമറിഞ്ഞ് നിരവധി ആളുകള്‍ ഇന്നലെതന്നെ കടച്ചിക്കുന്നലെ പ്രമോദിന്റെ വീട്ടിലേക്ക് ഒഴുകിയെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."