എണ്ണിയ വോട്ടുകളും പോള്‍ ചെയ്ത വോട്ടുകളും തമ്മില്‍ പൊരുത്തക്കേട്; തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ കുഴക്കി വിവാദം
ഹൈദരാബാദ്: തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് കമ്മിഷനു തലവേദനയായി വിവാദം. സംസ്ഥാനത്തെ ചില മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിലുള്ള വൈരുധ്യമാണ് തെരഞ്ഞെടുപ്പു കമ്മിഷനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.
കുറഞ്ഞ വോട്ടുകളുടെ മാര്‍ജിനില്‍ ജയം തീരുമാനിച്ച മണ്ഡലങ്ങളിലും ഈ വ്യത്യാസം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
വോട്ടെടുപ്പിനു പിന്നാലെ തെരഞ്ഞെടുപ്പു കമ്മീഷന് മാധ്യമങ്ങള്‍ക്കു നല്കിയ കണക്കുപ്രകാരം ധര്‍മ്മപുരി നിയമസഭാ മണ്ഡലത്തില്‍ 1,65,209 വോട്ടുകളാണ് പോള്‍ ചെയ്തത്. ഇവിടെ മത്സരിച്ച 11 സ്ഥാനാര്‍ത്ഥികള്‍ക്കും നോട്ടയ്ക്കുമായി ആകെ ലഭിച്ചത് 165,747 വോട്ടുകളാണ്.
538 അധിക വോട്ടുകളാണ് ഇവിടെ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ടി.ആര് സ്ഥാനാര്‍ത്ഥി കോപ്പുല ഈശ്വര്‍ 441 വോട്ടുകള്‍ക്കാണ് ഇവിടെ ജയിച്ചത്. അധികമായി കണ്ടെത്തിയ വോട്ടുകള്‍ ഭൂരിപക്ഷത്തില്‍ നിന്നും അസാധുവാക്കിയാല്‍ അത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എ. ലക്ഷ്മണിനെ വിജയിയായി പ്രഖ്യാപിക്കേണ്ട സ്ഥിതിയുണ്ടാക്കും.
ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പു കമ്മിഷന് മൗനം തുടരുകയാണ്. ചെറിയ ചില വ്യത്യാസങ്ങളുണ്ടാകാം എന്നാണ് ഇതിനെക്കുറിച്ച് തെലങ്കാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രജത് കുമാര്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ അന്വേഷണത്തിന് ഉത്തരവിടുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വ്യത്യാസം തെളിയിക്കപ്പെട്ടാല്‍ ചെറിയ മാര്‍ജിനില്‍ ജയിച്ച പല മണ്ഡലങ്ങളിലും അത് വിജയിയെത്തന്നെ മാറ്റിമറിയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."