മോട്ടോര്‍ പണിമുടക്കി : ജില്ലാ ആയുര്‍വേദാശുപത്രിയില്‍ വെള്ളമില്ലാതെ രോഗികള്‍ വലയുന്നു
നീലേശ്വരം: കര്‍ക്കടക ചികിത്സയ്ക്കെത്തിയ രോഗികളും അവരുടെ കൂട്ടിരിപ്പുകാരും തിങ്ങി നിറഞ്ഞ പടന്നക്കാട്ടെ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഓര്‍ക്കാപ്പുറത്തു മോട്ടോര്‍ പണി മുടക്കിയതോടെ ജലക്ഷാമം. ഇതോടെ ആശുപത്രി വളപ്പിലെ കിണറ്റില്‍ നിന്നു വെള്ളം കോരി രണ്ടാം നിലയിലെ സ്ത്രീ, പുരുഷ വാര്‍ഡുകളോടനുബന്ധിച്ചുള്ള ശുചിമുറികളില്‍ എത്തിച്ചാണു രോഗികളും കൂട്ടിരിപ്പുകാരും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നത്.
ആശുപത്രി കിണറിലും ഫില്‍ട്ടര്‍ പോയിന്റിലുമായി സ്ഥാപിച്ച രണ്ടു മോട്ടോറുകള്‍ ഉപയോഗിച്ചാണ് ആശുപത്രി കെട്ടിടത്തില്‍ സജ്ജീകരിച്ച മൂന്നു സംഭരണികളില്‍ രണ്ടെണ്ണത്തിലേക്കു വെള്ളമെത്തിക്കുന്നത്. ദ്വാരം വീണതിനാല്‍ ഒരു സംഭരണി ഉപയോഗിക്കുന്നില്ല. ഇതില്‍ ഫില്‍ട്ടര്‍ പോയിന്റിലെ മോട്ടോര്‍ ആണു വാഷര്‍ പോയതിനെ തുടര്‍ന്നു തകരാറിലായത്. അധികപ്പണി വന്നതോടെ കിണറിലെ മോട്ടോറും തകരാറിലായി. ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ.വി.സി സുഷമ വിവരം അറിയിച്ചതു പ്രകാരം മെക്കാനിക് വന്നെങ്കിലും ഏറ്റെടുത്ത മറ്റൊരു ജോലിയിലായതിനാല്‍ കിണറിലെ മോട്ടോറിനു താല്‍ക്കാലിക അറ്റകുറ്റപ്പണി നടത്തി മടങ്ങുകയായിരുന്നു. ഇതോടെ 20 മിനുട്ട് കൂടുമ്പോള്‍ മാത്രമാണു മോട്ടോര്‍ പ്രവര്‍ത്തിക്കുന്നത്. പരമാവധി രോഗികള്‍ക്കു പ്രയാസം വരാതെ സംഭരണിയിലേക്കു വെള്ളമടിക്കണമെന്നു നിര്‍ദേശിച്ചതായി സി.എം.ഒ പറഞ്ഞു.
പക്ഷേ കിണറിനരികിലെത്തി വെള്ളം കോരിയാണു രണ്ടു ദിവസമായി ശുചിമുറിയില്‍ ഉപയോഗിക്കുന്നതെന്നു രോഗികളുടെ കൂട്ടിരിപ്പുകാര്‍ പറയുന്നു.
പഴയ ആശുപത്രി കെട്ടിടത്തിന്റെ സ്ഥാനത്തു പുതിയതു പണിയാന്‍ നീക്കമെടുത്ത സാഹചര്യത്തില്‍ കിണറില്‍ നിന്നു വെള്ളമെടുത്ത് രണ്ടാം നിലയില്‍ എത്തിക്കുകയെന്നതു ശ്രമകരമാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
മോട്ടോര്‍ തകരാര്‍ ഇന്നു തന്നെ പൂര്‍ണമായി പരിഹരിക്കാനാകുമെന്നാണു പ്രതീക്ഷയെന്നും ഡോ.സുഷമ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."