കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ പട്ടണംകാല്‍ അണക്കെട്ടുകള്‍ കാണാന്‍ തിരക്കേറുന്നു
ബിനുമാധവന്‍
നെയ്യാറ്റിന്‍കര: കാലം കടമെടുക്കാത്ത വശ്യ സൗകുമാര്യങ്ങള്‍ പ്രകൃതിയുടെ അവകാശങ്ങളാണ്. അനന്തതകളില്‍ ശയിക്കുന്ന വര്‍ണരാജികള്‍ ആവോളം നുകരാന്‍ സാഹിത്യത്തിന്റെ തൂലികകള്‍ വേണം. അതാണ് പട്ടണംകാല്‍ ഒന്നും പട്ടണംകാല്‍ രണ്ട് എന്നും തമിഴ്‌നാട് വിളിക്കുന്ന ചിറ്റാര്‍ അണക്കെട്ട്. വെള്ളറട പഞ്ചായത്തിന്റെയും കടയാലുംമൂട് ടൗണ്‍ പഞ്ചായത്തിന്റെയും അതിരുകള്‍ വരയ്ക്കുന്ന ഈ പ്രകൃതി സുന്ദരി കേരളത്തിന്റെയും തമിഴ്‌നാടിന്റെയും മര്‍മ്മരങ്ങള്‍ ആവോളം വിതറുന്നു.ലോക ജനിതക പട്ടികയില്‍ പ്രമുഖ സ്ഥാനം പിടിച്ച ഇന്ത്യയിലെ പശ്ചിമഘട്ട താഴ്‌വാരങ്ങളിലൂടെയാണ് ചിറ്റാര്‍ ഒഴുകിയെത്തി കടുക്കറയ്ക്ക് സമീപം സംഗമിച്ച് പട്ടണംകാല്‍ ഒന്നും പട്ടണംകാല്‍ രണ്ടും എന്നും അറിയപ്പെടുന്ന അണക്കെട്ടുകള്‍ രൂപാന്തരപ്പെട്ടത്. വെള്ളറട പഞ്ചായത്ത് അതിര്‍ത്തിയായ പന്നിമല വാര്‍ഡില്‍ ചങ്കിലി മുതല്‍ മണ്ണടി വരെ ഈ ജലാശയം വ്യാപിച്ച് കിടക്കുന്നു. കന്യാകുമാരി ജില്ലയിലെ വിളവന്‍കോട് താലൂക്കിനാവശ്യമായ ജലമെത്തിക്കുകയാണ് ഈ അണക്കെട്ടിന്റെ പ്രധാന ലക്ഷ്യം.1960 കളില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന കെ.കാമരാജിന്റെ ബുദ്ധിയിലുദിച്ച പദ്ധതിയായിരുന്നു അണ ഒന്ന് എന്നും അണ രണ്ട് എന്നും അറിയപ്പെടുന്ന ചിറ്റാര്‍ അണക്കെട്ട്. കളിമണ്ണ്, കരിപ്പുകട്ടി, മുട്ട, മണല്‍ തുടങ്ങിയവ ചേര്‍ത്ത് നിര്‍മ്മിച്ച ഈ അണക്കെട്ടിന് മണ്ണണ എന്ന പേരും ലഭിച്ചിരുന്നു. ചുറ്റും കട്ടപിടിച്ച റബര്‍ മരങ്ങളും പശ്ചിമഘട്ട സഹ്യാദ്രി മേടുകളും നീലിമയാര്‍ന്ന നിശ്ചല ജലാശയത്തെ കൂടുതല്‍ മനോഹരിയാക്കുന്നു. ഇടയ്‌ക്കെങ്ങാനും വന്നു പോകുന്ന മയില്‍ കൂട്ടങ്ങള്‍, കാട്ടുകോഴി, മാനുകളും സഞ്ചാരികള്‍ക്ക് ഹൃദ്യമായ വിരുന്നുകളാണ് ഒരുക്കുക. സഞ്ചാരികള്‍ക്ക് തൃപ്പരപ്പ് വെള്ളച്ചാട്ടം കണ്ട് കന്യാകുമാരിയിലെത്താനുളള എളുപ്പ മാര്‍ഗവും ഈ രാജപാത തന്നെയാണ്. കര്‍ണാടക അതിര്‍ത്തിയായ മംഗലാപുരത്തുനിന്ന് ആരംഭിക്കുന്ന മലയോര ഹൈവേ വെള്ളറട വഴിയാണ് കടന്നു പോകുന്നത്. കേരളത്തിലെ ഏക തുറന്ന ജയിലായ നെട്ടുകാല്‍ത്തേരി, തുറന്ന മാന്‍പാര്‍ക്ക്, സഭാരി പാര്‍ക്ക്, പ്രസിദ്ധ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ അഗസ്ത്യമുനി മേടുകളും ഈ പാതയില്‍ നിന്ന് ഏറെ വിദൂരമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."