പൗരത്വ നിയമ ഭേദഗതിക്കെതിരേ കേരള നിയമസഭ
ആര്‍.എസ്.എസ് അജന്‍ഡകളെ ഒറ്റക്കെട്ടായി എതിര്‍ത്തില്ലെങ്കില്‍
രാജ്യം കൂടുതല്‍ അപകടത്തിലേക്കു നീങ്ങും: മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമങ്ങളില്‍ കേരളത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കേരളത്തില്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനങ്ങളുടെ തികഞ്ഞ സഹകരണത്തോടെ മുന്നോട്ടുപോകേണ്ട ഒന്നാണ് സെന്‍സസ് പോലുള്ള പ്രവര്‍ത്തനങ്ങള്‍. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള രീതിയില്‍ അത് തയാറാക്കുവാന്‍ ശ്രമിക്കുന്നത് ആശങ്കകള്‍ വര്‍ധിപ്പിക്കുന്നതിനു മാത്രമേ ഇടയാക്കൂ. ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള മറ്റൊരു ആശങ്ക പൗരത്വത്തില്‍നിന്ന് പുറത്താക്കപ്പെടുന്നവരെ പാര്‍പ്പിക്കാനുള്ള ഡിറ്റെന്‍ഷന്‍ സെന്ററുകളെപ്പറ്റിയാണ്. ഇത്തരത്തിലുള്ള ഒരു ഡിറ്റെന്‍ഷന്‍ സെന്ററും കേരളത്തില്‍ ഉണ്ടായിരിക്കില്ല. അതിനായുള്ള യാതൊരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കില്ല.
രാജ്യത്തിന്റെ മതനിരപേക്ഷത നിലനിര്‍ത്താന്‍ കേരളം ഒറ്റക്കെട്ടായി പൗരത്വ നിയമത്തിനെതിരെ അണിനിരക്കണം. രാജ്യത്ത് ഒരുപാട് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ട്. ആ ഗണത്തില്‍പെടുന്ന പാര്‍ട്ടിയല്ല ബി.ജെ.പി. അവര്‍ ആര്‍.എസ്.എസ് എന്ന സംഘടനയുടെ ആശയത്തെ അംഗീകരിച്ചവരാണ്. ആര്‍.എസ്.എസിന്റെ ആശയം ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ നടപ്പാക്കിയ ആശയമാണ്.
എന്നാല്‍ അവരുടെ സംഘടനാ രൂപം മുസോളിനിയുടെയാണ്. അത്തരം ആശയം സ്വീകരിച്ചവരുടെ നേതൃത്വം അംഗീകരിച്ച ബി.ജെ.പി അധികാരം ലഭിച്ചപ്പോള്‍ നടപ്പിലാക്കുന്നത് ആര്‍.എസ്.എസ് അജന്‍ഡകളാണ്. ഇതിനെ നാം ഒന്നിച്ച് എതിര്‍ത്തില്ലെങ്കില്‍ കൂടുതല്‍ അപകടത്തിലേക്കാകും രാജ്യം നീങ്ങുക.
ഈ അജന്‍ഡയാണ് പൗരത്വ പ്രശ്‌നത്തില്‍ ഉയര്‍ന്നുവരുന്നത്. ഇത് എതിര്‍ത്തില്ലെങ്കില്‍ ഇത്തരം അജന്‍ഡകള്‍ ഒന്നൊന്നായി നമ്മുടെ നാട്ടില്‍ രൂപപ്പെടും. അതു തിരിച്ചറിഞ്ഞ് ഇടപെടാനാവണമെന്നും പിണറായി പറഞ്ഞു.
സര്‍ക്കാര്‍ സുപ്രിംകോടതിയില്‍
കക്ഷിചേരണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: പൗരത്വനിയമ ഭേദഗതിക്കെതിരായി സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ കക്ഷി ചേരണമെന്നും കേന്ദ്രസര്‍ക്കാരിന്റെ ജനസംഖ്യാ സെന്‍സസില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
പൗരത്വനിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്തെ പിന്തുണച്ച് നിയമസഭയില്‍ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. പ്രമേയത്തെ പൂര്‍ണമായി പിന്തുണക്കുകയാണ്. സുപ്രിം കോടതിയെ പ്രതിപക്ഷനേതാവ് എന്ന നിലയില്‍ താന്‍ സമീപിച്ചിട്ടുണ്ട്. മുസ്‌ലിംലീഗും കോടതിയെ സമീപിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ കേസില്‍ കക്ഷി ചേര്‍ന്നാല്‍ രാജ്യത്ത് പുതിയൊരു അധ്യായം രേഖപ്പെടുത്തും.
മതന്യൂനപക്ഷങ്ങള്‍ ഇത്രയും ആശങ്കയിലായ ഒരു കാലഘട്ടം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. പൗരത്വഭേദഗതി നിയമത്തിനെതിരായി സമരം ചെയ്യുന്നവരെ അടിച്ചമര്‍ത്തുന്ന പൊലിസിനൊപ്പം ആര്‍.എസ്.എസ് ഗുണ്ടകളും ആക്രമിക്കുകയാണ്.
രാജ്യം മതേതരമായി നിലനില്‍ക്കണമെന്ന ഭരണഘടനാശില്‍പികളുടെ ആഗ്രഹങ്ങളെയാണ് തല്ലിത്തകര്‍ക്കുന്നത്. നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണെന്ന ഭരണഘടനയുടെ ആമുഖത്തിന് നിരക്കാത്ത ഭേദഗതിയാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്.
മൂന്ന് മുഖ്യമന്ത്രിമാര്‍ മാസങ്ങളായി വീട്ടുതങ്കലിലാണ്. എം.പിമാര്‍ക്ക് പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും പരസ്പരം ബന്ധപ്പെട്ട് നില്‍ക്കുകയാണ്.
നരേന്ദ്ര മോദി മാത്രം വിചാരിച്ചാല്‍ ജനസംഖ്യാ സെന്‍സസ് സാധ്യമാകുകയില്ല. സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കാതെ കേന്ദ്രസര്‍ക്കാരിന് എന്തുചെയ്യാന്‍ കഴിയും. സെന്‍സസിലെ ചോദ്യാവലിയിലെ മാറ്റങ്ങളാണ് ജനങ്ങളെ ആശങ്കപ്പെടുത്തുന്നത്. കേന്ദ്രസര്‍ക്കാര്‍ പറയുന്നത് പോലെ നിസാരമായിട്ട് ഇതിനെ കാണാന്‍കഴിയില്ല . ഈ ഭേദഗതി അജന്‍ഡയുടെ ഭാഗമാണ്.
അതിനാല്‍ ജനസംഖ്യാ സെന്‍സസ് പ്രക്രിയയില്‍ നിന്ന് സംസ്ഥാനസര്‍ക്കാര്‍ വിട്ടുനില്‍ക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
നിയമഭേദഗതിക്കെതിരായ ആശങ്ക അറിയിക്കുന്നതിനും നിയമം റദ്ദാക്കുന്നതിനുമായി കേരളത്തില്‍ നിന്ന് സര്‍വകക്ഷി പ്രതിനിധിസംഘം രാഷ്ട്രപതിയെ കാണണം. കേരളത്തിലെ ഭരണ -പ്രതിപക്ഷങ്ങളുടെ യോജിച്ച സമരം രാജ്യത്തിനകത്തും പുറത്തും വലിയ സന്ദേശമാണ് നല്‍കിയത്.
കേരള ഗവര്‍ണറുടെ നിലപാടിനെക്കുറിച്ച് പറയാതിരിക്കാന്‍ കഴിയുകയില്ല. ഗവര്‍ണര്‍ മുമ്പ് പരിചയസമ്പന്നനായ രാഷ്ട്രീയനേതാവാണ്. എന്നാല്‍ ഗവര്‍ണര്‍ എന്ന പദവിയുടെ ഔന്നത്യം മനസിലാക്കാന്‍ അദ്ദേഹം തയാറാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇന്ത്യയിലെ ഹിന്ദുക്കള്‍
കപട ദേശീയവാദികളല്ല:
വി.ഡി സതീശന്‍
തിരുവനന്തപുരം: ഇന്ത്യയിലെ ഹിന്ദുക്കള്‍ സംഘ്പരിവാറുകാരെ പോലെ ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കികളല്ലെന്ന് വി.ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു. മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല പൗരത്വ നിയമം. പൗരത്വ നിയമത്തിനെതിരായ സമരത്തില്‍ ഇന്ത്യയിലെ ഹിന്ദുക്കള്‍ മുന്നിലുണ്ടാകും. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരാണവര്‍. അവര്‍ സംഘ്പരിവാറുകാരെ പോലെ കപട ദേശീയ വാദികളല്ല. ബ്രിട്ടീഷുകാരുടെ ചെരുപ്പുനക്കികളുമല്ല. ജയിലില്‍നിന്ന് പുറത്തുകടക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് സഹായം നല്‍കുകയും കോണ്‍ഗ്രസുകാരുടെ സമര ഭടന്‍മാരെ ഒറ്റുകൊടുക്കുകയും ചെയ്തവരല്ല ഇന്ത്യയിലെ ഹിന്ദുക്കളെന്നും വി.ഡി സതീശന്‍ പറഞ്ഞു.
പാകിസ്താനിലെ നയങ്ങള്‍ ഇവിടെയും നടപ്പിലാക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു ഷാഫി പറമ്പില്‍ പറഞ്ഞു. കേരള പൊലിസിന്റെ കൂറും നാഗ്പൂരിലാകരുതെന്ന് മുഖ്യമന്ത്രിയെയും ഓര്‍മിപ്പിക്കുന്നതായി ഷാഫി പറമ്പില്‍ പറഞ്ഞു
സ്വാതന്ത്ര്യ സമരത്തില്‍ കേരളത്തിന്റെ പങ്ക് പഠിക്കാന്‍ ബി.ജെ.പി തയാറാകണമെന്ന് എം.സ്വരാജ് പറഞ്ഞു. സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളുടെയും വാരിയംകുന്നത്ത് അഹമ്മദ് ഹാജിയുടേയും മമ്പുറത്തെയും കൊന്നാര് മഖാമിന്റെയും ചരിത്രം പഠിക്കാത്തവരാണ് ഇവിടുത്തെ മുസ്‌ലിംകളെ ദേശീയത പഠിപ്പിക്കാന്‍ വരുന്നത്. ഇതൊരു മുസ്‌ലിം പ്രശ്‌നമായി മാത്രം കാണരുത്. ഇന്ത്യയുടെ മതനിരപേക്ഷതയുടെ പ്രശ്‌നമാണ്. പൗരത്വ വിഷയത്തിലെ പ്രക്ഷോഭത്തെ മുതലെടുക്കാന്‍ വരുന്നവരെ ഒഴിവാക്കണം. ഹിന്ദുവായ മൗദൂദിയാണ് ഗോള്‍വാര്‍ക്കര്‍. അതുപോലെ മുസ്‌ലിമായ ഗോള്‍വാള്‍ക്കറാണ് മൗദൂദിയെന്നും അദ്ദേഹം പറഞ്ഞു.
കേരള പൊലിസ് ബി.ജെ.പിയുടെ
ചട്ടുകമായി മാറുന്നത് തടയണം: മുനീര്‍
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായി ശക്തിപ്പെട്ടിരിക്കുന്ന പ്രക്ഷോഭം കേരളത്തില്‍ അടിച്ചമര്‍ത്താന്‍ കേരളത്തിലെ പൊലിസ് ബി.ജെ.പിയുടെ ചട്ടുകമായി മാറുന്നത് മുഖ്യമന്ത്രി തടയണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. പൗരത്വ നിയമ ഭേദഗതി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരം ചെയ്യുന്നവരെ നാലും അഞ്ചും ദിവസം തടങ്കലില്‍വയ്ക്കുകയും കള്ളക്കേസുകള്‍ ചുമത്തുകയും ചെയ്യുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ കഴിയുകയില്ല. ഇത് രണ്ടാം സ്വാതന്ത്ര്യ സമരമായി മാറിക്കഴിഞ്ഞിരിക്കുന്നു. പൗരത്വ നിയമ ഭേദഗതി മുസ്‌ലിംകളുടെ മാത്രം പ്രശ്‌നമല്ലെന്നും രാജ്യത്തെ മതന്യൂനപക്ഷങ്ങളായ എല്ലാവരുടെയും പ്രശ്‌നമായി മാറുമെന്നും മുനീര്‍ ചൂണ്ടിക്കാട്ടി.
വരുംനാളുകളില്‍ ദലിതുകള്‍, ക്രിസ്ത്യാനികള്‍, മൂന്നാംലിംഗക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രശ്‌നം കൂടിയാകും. ഇതിനുപുറമെ നായര്‍, ഈഴവര്‍ എന്നിര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കും. മനുസ്മൃതിയാണ് ആര്‍.എസ്.എസിന്റെ ഭരണഘടന. രാജ്യത്തെ ഭരണഘടന മാറ്റി മനുസ്മൃതി നടപ്പാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് മറ്റു വിഭാഗങ്ങള്‍ ഒരു പ്രശ്‌നമല്ല. മോദി, അമിത് ഷാ കൂട്ടുകെട്ട് രാജ്യത്ത് ആര്‍.എസ്.എസിന്റെ അജന്‍ഡയായ ഫാസിസം നടപ്പിലാക്കുകയാണ്.
ഗുജറാത്തില്‍ മതിലുകള്‍ കെട്ടി മനുഷ്യരെ വേര്‍തിരിച്ചിരിക്കുന്നു. ദേശീയത ചില ആളുകള്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതല്ല. ദേശീയതയെക്കുറിച്ച് പറയാന്‍ അവര്‍ക്ക് എന്തവകാശമാണുള്ളത്. 2001നുശേഷമാണ് ഇവര്‍ ദേശീയ പതാകയെ അംഗീകരിച്ചുതുടങ്ങിയത്. അതുവരെ കാവി പതാകയാണ് അവര്‍ ഉപയോഗിച്ചിരുന്നത്. 1947ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഗോഡ്‌സെയടക്കമുള്ളവര്‍ നാഗ്പ്പൂരില്‍ കാവി പതാകയാണ് ഉയര്‍ത്തിയത്.
ഹരിത പതാക ഉയര്‍ത്തുന്ന മുസ്‌ലിം ലീഗുകാര്‍ പാകിസ്താന്‍കാരാണെന്ന് പറയുന്ന ബി.ജെ.പി നിലപാടിനുമുന്നില്‍ തല കുനിക്കില്ലെന്നും മുനീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."