വിവേചനത്തിനെതിരേ ഒറ്റക്കെട്ടായി മുന്നോട്ട്
ഭരണഘടനയുടെ സംരക്ഷണത്തിനും മതനിരപേക്ഷ ഇന്ത്യയുടെ നിലനില്‍പിനും വേണ്ടി രാജ്യമാകെ പ്രക്ഷോഭത്തീയില്‍ എരിഞ്ഞുകൊണ്ടിരിക്കുകയാണ്. പൗരത്വ നിഷേധത്തിലൂടെ ഒരു ജനതയെ ഒന്നാകെ അപരവല്‍ക്കരിക്കാനും അപമാനിക്കാനുമുള്ള മോദി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് സമരങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമം പാസാക്കപ്പെട്ട അന്നു മുതല്‍ രാജ്യം ഇടതടവില്ലാത്ത പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് കൊച്ചി മറൈന്‍ ഡ്രൈവില്‍ മുസ്‌ലിം സംഘടനകളുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സംയുക്ത പ്രതിഷേധ റാലിയും സമര പ്രഖ്യാപന കണ്‍വന്‍ഷനും ഈ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയാണ്. കേരളത്തിലെ മുഴുവന്‍ മുസ്‌ലിം സംഘടനകളും രാഷ്ട്രീയ, മത, സാംസ്‌കാരിക നേതാക്കളും ഒറ്റക്കെട്ടായി അണിനിരക്കുന്നു എന്നതാണ് ഈ പരിപാടിയുടെ പ്രത്യേകത.
പൗരത്വത്തെ നിര്‍വചിക്കുന്ന ഭരണഘടനാവകുപ്പുകള്‍ മതത്തിന്റെ പേരു പറഞ്ഞ് തിരുത്തിയതിലൂടെ ഭരണഘടനയുടെ അടിസ്ഥാന മൂല്യമായ മതനിരപേക്ഷതയാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് മുസ്‌ലിംകളുടെ മാത്രം വിഷയമല്ല. രാജ്യത്തിന്റെ പൊതു പ്രശ്‌നമാണ്. വര്‍ഗീയത ഇളക്കിവിട്ട് സി.എ.എക്ക് അനുകൂലമായി ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ബി.ജെ.പി കിണഞ്ഞു ശ്രമിക്കുന്നുണ്ട്. എന്നാല്‍ അവരുടെ എല്ലാ തന്ത്രങ്ങളും പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. രാജ്യമൊന്നാകെ ജാതിയോ മതമോ നോക്കാതെ പൗരത്വ നിയമത്തിനെതിരേ തെരുവിലിറങ്ങിയിരിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ പതനത്തിലേക്ക് ഫാസിസ്റ്റ് ശക്തികള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്.
അസമിലെ ജനജീവിതത്തെയും രാഷ്ട്രീയത്തെയും കാലങ്ങളായി നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന പൗരത്വ രജിസ്റ്ററാണ് ഈ പ്രശ്‌നങ്ങളുടെ തുടക്കം. അസമിലേക്ക് കുടിയേറ്റം നടത്തിയവരെ പുറത്താക്കാനാണ് എന്‍.ആര്‍.സി നടപ്പാക്കിയത്. 1985ലെ അസം കരാര്‍ പ്രകാരം 24 - 03 - 1971 വരെ കുടിയേറിയവര്‍ക്കു മാത്രം പൗരത്വം നല്‍കാമെന്നു വ്യവസ്ഥ വച്ചു. ഈ കരാറില്‍ മതപരമായ വിവേചനമുണ്ടായിരുന്നില്ല. എന്നാല്‍, പല കാരണങ്ങളാല്‍ രജിസ്റ്റര്‍ നടപ്പാക്കുന്നത് നീണ്ടു പോയി. 2009ല്‍ അസം സ്റ്റുഡന്റ്‌സ് യൂനിയന്‍ കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ ലഭിച്ചില്ല. 2014ല്‍ കേസ് വീണ്ടും പരിഗണിക്കുകയും എന്‍.ആര്‍.സിയുമായി മുന്നോട്ടു പോകാന്‍ അനുമതി നല്‍കുകയും ചെയ്തു. 2016 ജനുവരി 30നകം എന്‍.ആര്‍.സി പൂര്‍ത്തീകരിക്കണമെന്നായിരുന്നു ഉത്തരവ്. 2019 ഓഗസ്റ്റ് 30നാണ് അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഇതോടെ 19 ലക്ഷം പേര്‍ പൗരത്വ പട്ടികയില്‍നിന്ന് പുറത്തായി.
ഇതില്‍ 70 ശതമാനവും മുസ്‌ലിംകളായിരുന്നില്ല എന്നതിനാല്‍ പൗരത്വ പട്ടികയില്‍ ഉള്‍പ്പെടാത്ത ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍, ബുദ്ധ, പാഴ്‌സി വിഭാഗങ്ങള്‍ക്ക് ഉപാധിരഹിതമായി പൗരത്വം അനുവദിക്കാനും മുസ്‌ലിംകളെ മാത്രം പുറത്താക്കാനും വേണ്ടി ബി.ജെ.പി സര്‍ക്കാര്‍ പൗരത്വ നിയമം ഭേദഗതി ചെയ്തു. ഇതോടെ പൗരത്വ പട്ടികയില്‍ ഉള്‍പ്പെടാത്ത ഹിന്ദുക്കള്‍ക്ക് തങ്ങള്‍ അഫ്ഗാനില്‍നിന്നോ പാകിസ്താനില്‍നിന്നോ ബംഗ്ലാദേശില്‍നിന്നോ മതപീഡനം ഭയന്ന് ഓടിവന്നതാണെന്ന് എഴുതിക്കൊടുത്താല്‍ പൗരത്വം ലഭിക്കും എന്നായി. രേഖകളുടെ അഭാവം കൊണ്ടോ അക്ഷരത്തെറ്റുകള്‍ കൊണ്ടോ പട്ടികയില്‍നിന്ന് പുറത്തുപോയവരും തലമുറകളായി ഇന്ത്യയില്‍ ജനിച്ചു ജീവിക്കുന്നവരുമായ മുസ്‌ലിംകളെ തടങ്കല്‍പാളയങ്ങളിലേക്ക് തള്ളുമെന്ന സ്ഥിതി വന്നു. എന്നാല്‍ അസമികള്‍ പറയുന്നത് എല്ലാവരെയും പുറത്താക്കണമെന്നാണ്. അതുകൊണ്ട് അവിടെ സമരം തുടരുകയാണ്.
ഈ വലിയ തെറ്റിനെ അസമില്‍ മാത്രമായി ഒതുക്കുകയല്ല കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. രാജ്യവ്യാപകമായി എന്‍.ആര്‍.സി നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. അതിന്റെ മുന്നോടിയായി എന്‍.പി.ആര്‍ അഥവാ ജനസംഖ്യാ രജിസ്റ്റര്‍ നടപടികള്‍ ആരംഭിച്ചു. കേരളം ഉള്‍പ്പെടെ 11 സംസ്ഥാനങ്ങള്‍ നിലവില്‍ എന്‍.പി.ആര്‍ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. എന്‍.ആര്‍.സി വ്യാപകമാകുന്നതോടെ ഇന്ത്യയിലുള്ളവര്‍ 1951 ജൂലൈ മുതല്‍ ഇവിടെ പൂര്‍വ പിതാക്കന്മാര്‍ ഉണ്ടായിരുന്നു എന്ന് തെളിയിക്കേണ്ടി വരും. എന്നാല്‍ മാത്രമേ പൗരത്വ രജിസ്റ്ററില്‍ ഇടംപിടിക്കുകയുള്ളൂ. ഇത് തെളിയിക്കാനുള്ള ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ പൗരത്വം തെളിയിക്കപ്പെടാതെ പോകുന്ന ഹിന്ദുവിന് സി.എ.എ പ്രകാരം രാജ്യത്ത് സുഖമായി തങ്ങാം. മുസ്‌ലിമിന് മാത്രം പുറത്തുപോകേണ്ടി വരും. പച്ചയായ ഈ വിവേചനത്തിനെതിരെയാണ് രാജ്യം തെരുവിലിറങ്ങിയിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമം നമ്മുടെ മതേതര പാരമ്പര്യങ്ങള്‍ക്കാണ് തുരങ്കം വച്ചത്. മ്യാന്‍മറില്‍നിന്നും രാജ്യത്ത് അഭയാര്‍ഥികള്‍ എത്തിയിട്ടുണ്ട്. ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തില്‍നിന്ന് രക്ഷപ്പെട്ട് തമിഴ്‌നാട്ടില്‍ എത്തിയ അഭയാര്‍ഥികളുമുണ്ട്. എന്നാല്‍, ഇവരെയൊന്നും പൗരത്വ ഭേദഗതി നിയമം പരാമര്‍ശിച്ചില്ല. ആറു മതങ്ങളെ എടുത്തുപറഞ്ഞപ്പോള്‍ ഒരു മതത്തിലും വിശ്വസിക്കാതെ ജീവിക്കുന്ന മനുഷ്യരും ഇന്ത്യയിലുണ്ട് എന്ന കാര്യം മറന്നു പോയി. ഇങ്ങനെ നോക്കുമ്പോള്‍ ഒരു നിലക്കും അംഗീകരിക്കാന്‍ പറ്റാത്ത ഒരു നിയമമാണ് ഭൂരിപക്ഷമുണ്ട് എന്ന ഹുങ്കില്‍ പാസാക്കപ്പെട്ടിരിക്കുന്നത്.
അഭയാര്‍ഥികള്‍ക്ക് ആവശ്യം മനുഷ്യാവകാശത്തിന്റെ പരിഗണനയാണ്. അതിന് അന്താരാഷ്ട്ര നിയമങ്ങള്‍ ബാധകമാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്തപ്പോള്‍ മുസ്‌ലിംകളെ മാറ്റിനിര്‍ത്തി. ജാതി തിരിച്ച് മനുഷ്യാവകാശം പ്രകടിപ്പിച്ചതിലൂടെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തുന്ന രാജ്യം ഫാസിസ്റ്റ് ചിന്താഗതി പ്രകടിപ്പിക്കുകയാണ്. ഇത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. അഭയാര്‍ഥികളെ മാത്രമാണ് ബാധിക്കുക എന്നു പറയുന്നുണ്ടെങ്കിലും രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തവരെയും എന്‍.ആര്‍.സിയും സി.എ.എയും ബാധിക്കുമെന്നാണ് അനുഭവം. അസമില്‍ 30 വര്‍ഷക്കാലം സൈനിക സേവനം നടത്തി വിശിഷ്ട സേവാ മെഡല്‍ വാങ്ങിയ പട്ടാളക്കാരനും മുന്‍ രാഷ്ട്രപതിയുടെ കുടുംബാംഗങ്ങളും പട്ടികയില്‍നിന്ന് പുറത്തായത് അങ്ങനെയാണ്.
ഈ നിയമത്തിനെതിരേ കേരള നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായാണ് കേരളത്തിലെ മതസംഘടനകളും മാതൃകാപരമായ പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച് ഈ വിഷയത്തില്‍ മുഴുവന്‍ മുസ്‌ലിം സംഘടനകളും ഒന്നിച്ച് പ്രക്ഷോഭ രംഗത്തിറങ്ങുകയാണ്. മഹല്ലുകളില്‍ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റികള്‍ ഇതിനകം തന്നെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന തലത്തില്‍ നടത്തേണ്ട സമര പരിപാടികളെക്കുറിച്ച് ആലോചിക്കാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ മുസ്‌ലിം സംഘടനകള്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചതിന്റെ ഫലമായാണ് ഇന്ന് എറണാകുളത്ത് റാലിയും സമരപ്രഖ്യാപനവും നടക്കുന്നത്. സി.എ.എ വിരുദ്ധ സമരങ്ങളില്‍ ഭിന്നത സൃഷ്ടിക്കാനും പ്രതിഷേധം തണുപ്പിക്കാനും ഫാസിസ്റ്റ് ശക്തികള്‍ പല കുതന്ത്രങ്ങളുമായി രംഗത്തുണ്ട്. ഈ നിയമത്തിലെ അപകടം അറിഞ്ഞുകൊണ്ടു തന്നെയാണ് രാജ്യം പ്രതിഷേധിച്ചുകൊണ്ടിരിക്കുന്നത്. ഭിന്നതയുണ്ടാക്കുന്നവരുടെ തന്ത്രങ്ങളില്‍ വഞ്ചിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഈ സമരം മാനവികതക്കു വേണ്ടിയാണ്. മനുഷ്യന്റെ അഭിമാനത്തിനും അന്തസ്സാര്‍ന്ന നിലനില്‍പിനും വേണ്ടിയാണ്.
(മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനറുമാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."