ജില്ലയിലെ ആദ്യ ഗ്രാമീണതല സ്റ്റാര്‍ട്ടപ്പ് സംരംഭക പദ്ധതിക്ക് തുടക്കം
പാലക്കാട്: കേന്ദ്ര, സംസ്ഥാന ഫണ്ടുപയോഗിച്ച് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ ആദ്യത്തെ ഗ്രാമീണതല സ്റ്റാര്‍ട്ടപ്പ് സംരംഭക പദ്ധതിക്ക് തുടക്കമായി. നെന്മാറ ബ്ലോക്ക് പഞ്ചായത്തിനു കീഴിലാണ് ജില്ലയിലെ ആദ്യ ഗ്രാമീണതല സ്റ്റാര്‍ട്ടപ്പ് സംരംഭക പദ്ധതി (സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം-എസ്.വി.ഇ.പി)ക്ക് തുടക്കമിട്ടിരിക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്ററുടെ നിര്‍ദേശപ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നതിനായി നെന്മാറ ബ്ലോക്ക് പഞ്ചായത്തിനെ തെരഞ്ഞെടുത്തത്.
പദ്ധതി ചെലവിനായി അഞ്ച് കോടി രൂപയാണ് ബ്ലോക്കിന് അനുവദിച്ചിട്ടുള്ളത്. നെന്മാറ പഞ്ചായത്തിലെ വല്ലങ്ങി നെടുങ്ങോടാണ് പദ്ധതിയുടെ ആസ്ഥാനം. നെടുങ്ങോട് അയ്യപ്പന്‍കാവിനു സമീപത്ത് തുടങ്ങിയ സ്റ്റേഷനറിയും പലച്ചരക്കുകടയും ഉള്‍ക്കൊള്ളുന്ന സംരംഭത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ. പ്രേമന്‍ നിര്‍വഹിച്ചു.
നെന്മാറ ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ മറ്റു പഞ്ചായത്തുകളായ അയിലൂര്‍, മേലാര്‍കോട്, വണ്ടാഴി, നെല്ലിയാമ്പതി, പല്ലശ്ശന, എലവഞ്ചേരി പഞ്ചായത്തുകളിലേക്കും എസ്.വി.ഇ.പി വ്യാപിപ്പിക്കും. നെന്മാറ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാ രവീന്ദ്രന്‍ അധ്യക്ഷയായി.
വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി. പ്രകാശന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ റീന സുബ്രഹ്മണ്യന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ജി അജിത്കുമാര്‍, മെന്റര്‍ രാധ പരമേശ്വരന്‍, മെംബര്‍ സെക്രട്ടറി രാധാകൃഷ്ണന്‍, സി.ഡി.എസ് അംഗം സുഗന്ധി സുനില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."